No public, just hearings for mega projects
The Hindu : States / Other States : No public, just hearings for mega projects.
കോർപ്പറേറ്റുകളും ബ്യൂറോക്രാറ്റുകളും ചേർന്നു് കൽക്കരി മേഖലകളിൽ എങ്ങിനെയാണു് പാവപ്പെട്ട മനുഷ്യരെ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നു് അടിയോടെ പിഴുതെറിയുന്നതെന്നു് ഗവേഷണം ചെയ്തു കണ്ടുപിടിയ്ക്കേണ്ടതില്ല. അതു് ദശകങ്ങളോ അതോ നൂറ്റാണ്ടുകളോ ആയി തുടരുന്ന ഒരു പ്രക്രിയയാണു്. എന്നാൽ ഗ്രാമങ്ങളിലോ വനങ്ങളിലോ ആകട്ടെ, എല്ലാ മനുഷ്യർക്കും ജീവിയ്ക്കാനുള്ള അവകാശം ഇവിടെ എന്നാണു് എങ്ങിനെയാണു് ഉണ്ടാകാൻ പോകുന്നതു്? ചില്ലുമണിമേടകളിൽ ജീവിയ്ക്കുവാനും ശമ്പളവർദ്ധനയ്ക്കും വേണ്ടിയല്ല അവർ പോരാടി മരിയ്ക്കുന്നതു്. തങ്ങളുടെ ജീവൻ നിലനിർത്താൻ ആകെ ലഭ്യമായ കാട്ടുകിഴങ്ങുകളും പഴങ്ങളും നഷ്ടപ്പെടാതിരിയ്ക്കുവാനാണു്.
സ്രഷ്ടാവിനെ ആരു സൃഷ്ടിച്ചു?
എല്ലാം സൃഷ്ടിച്ചതു് ദൈവമാണു്. പരമാണു മുതൽ പർവ്വതങ്ങൾ വരെ, സ്ത്രീയെയും പുരുഷനെയും നപുംസകത്തെയും, പക്ഷിമൃഗാദികളെയും പുല്ലിനെയും പുഴുവിനെയും എല്ലാം ദൈവം സൃഷ്ടിച്ചു.
ഓരോ മതങ്ങളും സ്രഷ്ടാവിനെയും സൃഷ്ടികർമ്മത്തിനെയും പല പ്രകാരത്തിൽ വിവരിയ്ക്കുന്നുണ്ടു്. എന്നാൽ ഈ സൃഷ്ടികർമ്മത്തിലെ നായകനായ ദൈവത്തിന്റെ ഉത്ഭവത്തെപ്പറ്റി ആരും പ്രസ്താവിയ്ക്കുന്നില്ല.
ദൈവത്തിനെ ആരു സൃഷ്ടിച്ചു? പ്രപഞ്ചത്തിനെ സൃഷ്ടിയ്ക്കുവാനും ആ പ്രപഞ്ചത്തിന്റെ ഒരു മൂലയ്ക്കുള്ള ചെറിയൊരു നക്ഷത്രമായ സൂര്യന്റെ ഒരു ചെറുഗ്രഹമായ ഭൂമിയിൽ ജീവൻ സൃഷ്ടിയ്ക്കുവാനും, അതിൽ തന്നെ മനുഷ്യനെന്ന ജീവിയ്ക്കു വിശേഷബുദ്ധി നല്കുവാനും, ആ മനുഷ്യവർഗ്ഗം തലമുറകൾ പിന്നിട്ടു പെറ്റുപെരുകിയപ്പോൾ പലതരം വിശ്വാസങ്ങൾ വളർത്തിയെടുക്കാനും, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പരസ്പരം കലഹിയ്ക്കുവാനും ഇടവരുത്തും വിധം സൃഷ്ടികർമ്മം നടത്തുവാൻ ഈ ദൈവത്തിനെ ആരു നിയോഗിച്ചു?
നിയോഗിച്ചതാരായാലും, തന്റെ പ്രവർത്തി വളരെ വികലമായിട്ടാണു് ദൈവം നിർവ്വഹിച്ചതെന്നു്, ദൈവത്തിന്റെ തന്നെ പേരു പറഞ്ഞു കലഹിയ്ക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ ഇക്കാലമത്രയുമുള്ള അറിയപ്പെട്ട ചരിത്രം കാണുമ്പോൾ നമുക്കു പറയാം.
തങ്ങളെ സൃഷ്ടിച്ച ദൈവത്തിനെ തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിവില്ലാത്ത മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം, അവരുടെ മുന്നിൽ ഒളിച്ചുകളിയ്ക്കുന്ന ഒരു ദൈവം, അപ്പോൾ ആ ദൈവത്തിനെ സൃഷ്ടിച്ചതു് മറ്റൊരു ദൈവമോ വേറെന്തെങ്കിലുമോ ആണെങ്കിലും, ആ സൃഷ്ടികർമ്മവും വളരെ വികലമായിപ്പോയി.
ഇങ്ങനെ വികലസൃഷ്ടികളുടെ ഒരു അനന്തശൃംഖലയിലെ അവസാനത്തെ കണ്ണിയാണു് മനുഷ്യവർഗ്ഗം വിശ്വസിയ്ക്കുന്ന ഇന്നത്തെ ദൈവം.
അപ്പോ, ആരാണു് ഈ ദൈവത്തെ സൃഷ്ടിച്ചതു്?
നിങ്ങൾ വിശ്വാസിയോ അവിശ്വാസിയോ?
വിശ്വാസിയോ അവിശ്വാസിയോ?
നിങ്ങളൊരു തികഞ്ഞ ദൈവവിശ്വാസിയാണെന്നു നിങ്ങൾ കരുതുന്നുവോ? 100%?
നിങ്ങൾക്കു തെറ്റി.
ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും നിരീശ്വരവാദിയാണു്. ബാക്കി ഒരു ശതമാനം മാത്രമേ ദൈവത്തിൽ വിശ്വസിയ്ക്കുന്നുള്ളൂ. എല്ലാ ഒന്നാം തിയ്യതിയും ഗുരുവായൂർ പോയി തൊഴുന്നതോ, കർക്കിടകം മുഴുവനും ഇരുന്നു രാമായണം വായിയ്ക്കുന്നതോ നിങ്ങളെ ഒരു ശതമാനം പോലും ദൈവവിശ്വാസിയാക്കുന്നതു പര്യാപ്തമല്ല, ആയുസ്സു മുഴുവൻ അഞ്ചു നേരം നിസ്കരിച്ചാലും എത്ര പ്രാവശ്യം ഹജ്ജു ചെയ്താലും നിങ്ങൾക്കു് ഒരു ശതമാനം പോലും ദൈവവിശ്വാസിയാകുവാൻ കഴിയില്ല.
കാരണം,
ലോകത്തുള്ള മറ്റു കാക്കത്തൊള്ളായിരം ദൈവങ്ങളേയും നിങ്ങൾ വിലവയ്ക്കുന്നില്ല. ജീവിതത്തിലൊരിയ്ക്കലെങ്കിലും അവയുടെ വിശുദ്ധഗ്രന്ഥങ്ങൾ നിങ്ങൾ പാരായണം ചെയ്യുന്നില്ല. അവയുടെ ആചാരങ്ങൾ പാലിയ്ക്കുന്നില്ല. അതു മാത്രമല്ല, നിങ്ങളുടെ പല പ്രവർത്തികളും അനേകായിരം മതങ്ങളെ അവഹേളിയ്ക്കുന്നതുമാണു്. നിങ്ങൾ പശുവിനെ തിന്നുന്നു, പന്നിയെ തിന്നുന്നു. ഇതിൽപരം എന്തു ദൈവനിഷേധമാണു് ഇനി നിങ്ങൾ ചെയ്യുവാനുള്ളതു്. നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും ഈ ദൈവങ്ങളിൽ വിശ്വസിയ്ക്കുന്നില്ലെന്നു മാത്രമല്ല, അവയിൽ വിശ്വസിയ്ക്കുന്നവരോടു് വിരോധവും വച്ചു പുലർത്തുന്നു. അത്രയും മതങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിങ്ങളൊരു അവിശ്വാസിയാണു്, ദൈവം ഇല്ലെന്നു കരുതുക മാത്രമല്ല ദൈവത്തിനു നിഷിദ്ധമായവ പ്രവർത്തിയ്ക്കുന്ന ഹീനജന്മം കൂടിയാണു്.
ഈ ഭൂമിയിലുണ്ടായിട്ടുള്ള ആയിരക്കണക്കിനായിരക്കണക്കിനു ദൈവങ്ങളെ നിങ്ങൾക്കു് യാതൊരു വിലയുമില്ല. ആ ദൈവങ്ങളുടെ ശാസനകൾക്കു് നിങ്ങൾ പുല്ലുവിലപോലും കല്പിയ്ക്കുന്നില്ല. പിന്നെ നിങ്ങളെങ്ങിനെ നൂറു ശതമാനം വിശ്വാസിയാകും? ഇത്രയും ദൈവങ്ങളിൽ വിശ്വസിക്കാത്തയാൾ വിശ്വാസിയോ? ഇത്രയും ദൈവങ്ങൾക്കും അവയുടെ ഗ്രന്ഥങ്ങൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില കല്പിയ്ക്കാത്തവൻ തികച്ചും നിരീശ്വരവാദി തന്നെ.
നിങ്ങൾ വിശ്വസിയ്ക്കാത്ത ദൈവങ്ങളുടെ മൊത്തം എണ്ണത്തിൽ ഒരെണ്ണം കൂടുതൽ മാത്രമേ ഞാനും വിശ്വസിയ്ക്കാത്തതായിട്ടുള്ളൂ.
ഇപ്പോൾ വിശ്വാസം വന്നുവോ?
മൂന്നു മതങ്ങളെപ്പറ്റി ഗോർ വിദൽ
നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവായിരിയ്ക്കുന്ന ഏറ്റവും വൃത്തികെട്ട തിന്മയാണു് ഏകദൈവവിശ്വാസം. ലോഹയുഗത്തിലെ കാടന്മാരുടെ പുസ്തകമായ പഴയനിയമത്തിൽ നിന്നു് മാനവദ്രോഹികളായ മൂന്നു മതങ്ങൾ ഉരുത്തിരിഞ്ഞു – ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും. ഇവയുടെ ദൈവങ്ങളെല്ലാം ആകാശത്തിലാണു് വാസം. ഈ മതങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ പുരുഷാധിപത്യഗോത്രവ്യവസ്ഥയാണു് – ദൈവമാണു് അനിഷേധ്യനായ പിതാവു് – അതിന്റെ ഫലമായി ഈ ആകാശദൈവങ്ങളാലും അവയുടെ പുരുഷദല്ലാളന്മാരാലും ബാധിയ്ക്കപ്പെട്ട രാജ്യങ്ങളിൽ കഴിഞ്ഞ 2000 വർഷങ്ങളായി സ്ത്രീകൾ അടിമകളായി ജീവിയ്ക്കുന്നു.
പറഞ്ഞതു്: Gore Vidal
പുസ്തകം: The God Delusion by Richard Dawkins (paperback, page.58)
വേറൊരു ചോറു്
നിങ്ങൾ എന്നും വെറും ചോറും കറിയുമാണോ കഴിക്കുന്നതു്? ഇന്നു് വ്യത്യസ്തമായി എന്തെങ്കിലും കഴിയ്ക്കൂ. ഞങ്ങൾ ഇന്നലെ ഉണ്ടാക്കിയ സംഭവം നന്നായിരുന്നു. ലെമൺ റൈസ് എന്നാണു് പേരു പറയുന്നതു്.
ഉണ്ടാക്കുന്ന വിധം പറയാം.
ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കുക. കടുകു്, കായം, ഉലുവ, ഉഴുന്നു് എന്നിവ എണ്ണയിൽ വഴറ്റുക. ഉഴുന്നിനു സ്വർണ്ണനിറം വരുന്നതുവരെ മതി. ഒന്നും കരിയാതെ നോക്കണം. ശേഷം, കറിവേപ്പില, ഉണക്കമുളകു് പൊട്ടിച്ചതു്, മഞ്ഞൾപ്പൊടി, കപ്പലണ്ടി എന്നിവയും ചേർത്തു് വഴറ്റുക. അതിലേക്കു് ചോറും ആവശ്യത്തിനു് ഉപ്പും ചേർത്തു് ഇളക്കുക. നാരങ്ങനീരു് ചേർത്തു് നന്നായി ഇളക്കി യോജിപ്പിയ്ക്കുക. ചോറു ചൂടാവുന്നതുവരെ ചെറുതീയിൽ ഇരിയ്ക്കട്ടെ. പിന്നെ, മുകളിൽ അല്പം ചിരകിയ തേങ്ങ വിതറി ചൂടോടെ വിളമ്പുക.
അവശ്യം വേണ്ട സാധനങ്ങൾ
- ചോറ് – 1-1/2 കപ്പ്
- നാരങ്ങനീരു് – 3 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- കടുകു് – 1/2 ടീസ്പൂൺ
- കായം – ഒരു നുള്ളു്
- ഉലുവ – 1/2 ടീസ്പൂൺ
- ഉഴുന്നുപരിപ്പു് – 1 ടേബിൾസ്പൂൺ
- കറിവേപ്പില – 10-12 ഇല
- ഉണക്കമുളകു് – 2
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കപ്പലണ്ടി – 1/2 കപ്പ്
- ഉപ്പു് – ആവശ്യത്തിനു്
- ചിരകിയ തേങ്ങ – 2 ടേബിൾസ്പൂൺ
ബാക്കി നിങ്ങളുടെ ഇഷ്ടവും.
ഞാൻ സ്വതന്ത്രനായി
Posted by കെവി kevi in ചെന്നൈ, ദ്രുപാൽ, ഫ്രീലാൻസിങ്, സ്വകാര്യം on മാര്ച്ച് 1, 2011
ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണു്, കുറച്ചു കാലമായി അതിന്റെ വക്കുവരെ എത്തിയതുമായിരുന്നു. എന്താണെന്നോ. ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇതു് ആറാമത്തെ രാജിയാണു്. എന്നാൽ ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടു് ട്ടോ. മുമ്പെല്ലാം പുതിയതു കണ്ടുവെച്ചിട്ടോ, അല്ലെങ്കിൽ പുതിയതു തേടുവാനോ വേണ്ടിയായിരുന്നു ഉണ്ടായിരുന്ന ജോലി കളഞ്ഞതു്. എന്നാലിനി ജോലിയ്ക്കായി പുതിയ കമ്പനിയെ തേടുന്ന പ്രശ്നമില്ല. ഒരു മുഴുവൻ സമയം ഫ്രീലാൻസറാവാൻ തീരുമാനിച്ചു.
ഏറ്റവും അവസാനമായി ദ്രുപാൽ സൈറ്റ് ഡവലപ്പറായിട്ടാണു് എന്റെ കരിയർ എത്തിനില്ക്കുന്നതു്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളിൽ ഏതാനും സൈറ്റുകൾ ചെയ്തു. www.m3db.com ആണു് ഞാൻ ദ്രുപാലിൽ ആദ്യമായി ചെയ്യാൻ തുടങ്ങിയ പ്രോജക്റ്റ്, അതുതന്നെയാണു് എന്റെ അഭിമാനവും. കമ്പനിയുടെ ക്ലയന്റിനു വേണ്ടി നിർമ്മിച്ച www.indiafinancebazaar.com ആണു് മറ്റൊരു വലിയ സൈറ്റു്.
ഇനിമുതൽ വീട്ടിൽ, സിജിയേയും അപ്പൂസിനേയും കൂടുതൽ സ്നേഹിച്ചു്, ദിവസേനയുള്ള 30കി.മി. ബൈക്കോട്ടവും അതിന്റെ ആയാസവും പൊടിയും ഒന്നുമില്ലാതെ, അത്യാവശ്യം വ്യായാമമൊക്കെ ചെയ്തു സ്വസ്ഥമായി ജീവിയ്ക്കാമെന്നു കരുതുന്നു.
ഫ്രീലാൻസിങ്ങിന്റെ ഗുണങ്ങളും അപകടങ്ങളും അറിയാം, എന്നാൽ അതെല്ലാം നേരിടുവാൻ സാധിയ്ക്കമെന്നുതന്നെ വിശ്വസിയ്ക്കുന്നു.
സിനിമയിൽ അലിഞ്ഞു ചേരാം
Posted by കെവി kevi in നുറുങ്ങുകള്, സിനിമ on ജനുവരി 4, 2010
നിങ്ങൾക്കൊരു സിനിമയിൽ സ്വയം മറക്കാം, അല്ലെങ്കിൽ അതിന്റെ മായികലോകത്തിൽ അലിഞ്ഞുചേരാം. എന്നും മൂന്നാം നിരയിലെ നടുക്കസേരയിൽ രണ്ടു മനസ്സിനു വേണ്ട സ്ഥലത്തു് ഇരിയ്ക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നതിതാണു്, നിങ്ങളും സിനിമയും വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിയ്ക്കുന്നു. ഇന്നു് ഫിലിമിനും ഡിജിറ്റലിനും ഇടയിൽ നാം ഒതുങ്ങിക്കൂടുമ്പോൾ, കാമറൂൺ ‘അവതാറിലൂടെ‘ കാണിച്ചു തരുന്ന ഭാവി അമ്പരപ്പിയ്ക്കുന്നതാണു്, തന്നിലേയ്ക്കലിഞ്ഞു ചേരാൻ ക്ഷണിയ്ക്കുന്ന സിനിമ, അതിൽ നായകരുടെ മാത്രമല്ല, നമ്മുടെ ഭാഗധേയം കൂടി നിർണ്ണയിയ്ക്കുവാൻ നമുക്കു ശേഷി നല്കുന്ന സിനിമ.
ആവേശമില്ലെങ്കിൽ ജീവിതമില്ല
Posted by കെവി kevi in നുറുങ്ങുകള് on ഓഗസ്റ്റ് 21, 2009
ഞാനൊരിയ്ക്കലും എന്റെ പ്രായം കണക്കിലെടുത്തിട്ടില്ല. ഗുണമുള്ളതെന്തും എന്റെ മുന്നിൽ വരുമ്പോൾ, എന്റെ ഹൃദയം കീഴടക്കുമ്പോൾ, ഞാനതു സ്വീകരിയ്ക്കുന്നു. ജനങ്ങളാണെന്നെ പ്രസിദ്ധനാക്കിയതു്, ഞാനിപ്പോഴും ആ പഴയ സാധാരണക്കാരൻ തന്നെയാണു്. ഇറാനി റെസ്റ്റോറന്റിലെ ചായ ഇപ്പോഴും എന്നെ കൊതിപ്പിയ്ക്കുന്നു എന്നെ ആകർഷിയ്ക്കുന്നു. യുവത്വവും ആവേശവും ഹൃദയത്തിന്റെ ഗുരുക്കന്മാരാണു്, അതിനു് പ്രായവുമായി യാതൊരു ഇടപാടുമില്ല. നിങ്ങളുടെ കൈയിലുള്ളതെന്തായാലും, ഹൃദയം നിറഞ്ഞ ഔത്സുക്യത്തോടും ആത്മാർത്ഥതയോടും ചെയ്യുക, ഫലം താനെ വന്നുകൊള്ളും.
എം.എഫ്.ഹുസൈൻ (ചിത്രകാരൻ)
പന്നിപ്പനി – ഒരു മുന്നറിയിപ്പു്
കാലത്തെണീറ്റപ്പോൾ മുതൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പു്, ഹൊ ജലദോഷം തുടങ്ങി. ഇനി കഫക്കെട്ടും തലക്കനവും കൊണ്ടു് ഒരാഴ്ച എന്തായാലും സ്വസ്ഥത പോയി.
സുഹൃത്തേ, ശ്രദ്ധിയ്ക്കൂ, ചിലപ്പോൾ നിങ്ങൾക്കു് പന്നിപ്പനിയുടെ ആരംഭമായിരിയ്ക്കാം. ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.
ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.
ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും.
പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.
എന്താണു് സ്വയരക്ഷ?
പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.
രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കൈലേസു കൊണ്ടു വായും മൂക്കും പൊതിഞ്ഞുപിടിയ്ക്കുക. ശേഷം ആ കൈലേസു നശിപ്പിയ്ക്കുക.
- തുമ്മിയതിനും ചുമച്ചതിനും ശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകുക.
- നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ടു തൊടുന്നതു് ഒഴിവാക്കുക. ഇതുവഴിയാണു് രോഗാണു അതിവേഗം പകരുന്നതു്.
- രോഗികളുടെ അടുത്തു പോകാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. മുൻകരുതലുകൾ എടുക്കുവാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും രോഗിയെ ശുശ്രൂഷിച്ചു കൊള്ളും.
- പന്നിപ്പനി പോലെയുള്ള എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ, പനി മാറിയതിനു ശേഷവും 24 മണിക്കൂറെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ നോക്കുക. പനിയ്ക്കുള്ള മരുന്നു കഴിയ്ക്കാതെ തന്നെ പനി മാറേണ്ടതാണു്. മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക, അങ്ങിനെ മറ്റുള്ളവരേയും രോഗികളാക്കാതെ കഴിയ്ക്കാം.
- കുട്ടികൾക്കു രോഗം ബാധിച്ചാൽ, കുട്ടിയുടെ പഠിപ്പു മുടങ്ങുന്നതിൽ വേവലാതിപ്പെട്ടു് രോഗിയായ കുട്ടിയെ സ്ക്കൂളിൽ പറഞ്ഞയയ്ക്കരുതു്. അതു് സ്ക്കൂളിലെ മൊത്തം കുട്ടികളെയും രോഗികളാക്കുന്നതിനേ ഉപകരിയ്ക്കൂ.
- പ്രധാനമായും നിങ്ങളുടെ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു് കഴുകി വൃത്തിയായിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കൈകൾ പലപ്പോഴും അശ്രദ്ധമായി മൂക്കിലും വായിലും സ്പർശിയ്ക്കുന്നതിലൂടെയാണു് രോഗം പകരുന്നതു്.
രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ
- ദ്രുതശ്വസനം അല്ലെങ്കിൽ ശ്വസിയ്ക്കുന്നതിലുള്ള പ്രയാസം
- ചർമ്മത്തിനു നീലനിറമോ ചാരനിറമോ കാണുക
- ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക
- നിരന്തരമായി ഛർദ്ദിയ്ക്കുക
- ഉണരാതിരിയ്ക്കുക അല്ലെങ്കിൽ പ്രതികരിയ്ക്കാതിരിയ്ക്കുക
- കുട്ടിയെ തൊടുവാൻ സമ്മതിയ്ക്കാതിരിയ്ക്കുക
- ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.
മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ
- ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടു്
- നെഞ്ചിലും വയറ്റിലും വേദന
- പെട്ടെന്നുള്ള തലകറക്കം
- നിരന്തരമായ ഛർദ്ദി
- ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.
പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി.
നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.
പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.
അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.
ട്വിറ്ററിനു കീഴടങ്ങലുകളുടെ നീണ്ട ചരിത്രം
Posted by കെവി kevi in യന്ത്രകുതന്ത്രം, വാർത്ത on ഓഗസ്റ്റ് 8, 2009
റഷ്യയും ജോർജ്ജ്യയും തമ്മിലുള്ള അതിർത്തി തർക്കം, ട്വീറ്റർ സർവറുകളുടെ തകർച്ചയിൽ കലാശിച്ചു. 45 ദശലക്ഷം ട്വിറ്റർ ഉപയോക്താക്കളെ പെരുവഴിയിലെറിഞ്ഞു കൊണ്ടു് ട്വിറ്റർ സൈറ്റു് നിശ്ചലമായി. ജൂലൈ ആറാം തീയ്യതി അതികാലെയാണു് സിക്സിമു എന്ന തൂലികാ നാമത്തിൽ ബ്ലോഗെഴുതുന്ന ജോർജ്ജിയക്കാരനെതിരെ എതിരാളികൾ സൈബർ ആക്രമണം തുടങ്ങിയതു്. റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ, ലൈവ്ജേണൽ തുടങ്ങിയവയിൽ റഷ്യയെ വിമർശിയ്ക്കുന്ന ലേഖനങ്ങൾ എഴുതുന്ന നമ്മുടെ കഥാനായകന്റെ വായടപ്പിയ്ക്കുന്നതിനു വേണ്ടിയാണു് ഈ ആക്രമണം നടത്തിയതെന്നു് കരുതാം.
പക്ഷേ, ഒരു വ്യക്തിയെ ലക്ഷ്യം വെച്ച ആക്രമണം എങ്ങിനെ ട്വിറ്ററിന്റെ മൊത്തം സേവനങ്ങളേയും ബാധിച്ചു? സത്യത്തിൽ ഈ ബ്ലോഗറുടെ ഗൂഗിൾ, ലൈവ്ജേണൽ, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലെ പേജുകളിലേയ്ക്കും ആക്രമണം നടന്നിരുന്നു. എന്നാൽ ഗൂഗിളിനും ലൈവ്ജേണലിനുമെല്ലാം കൂടുതൽ ശക്തമായ പ്രതിരോധസംവിധാനങ്ങൾ ഉള്ളതിനാൽ, ആക്രമണം അവരെയൊന്നും ബാധിച്ചില്ല. പക്ഷേ ട്വിറ്ററിന്റെ സർവറുകൾ മാത്രം തകർന്നു തരിപ്പണമായിപ്പോയി. ഇതു ട്വിറ്ററിന്റെ സ്ഥിരം ബലഹീനതയാണോ? ട്വിറ്ററിനു കീഴടങ്ങലുകളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ടു്. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാം, ട്വിറ്റർ ഇപ്പോഴും ബാല്യം വിട്ടിട്ടില്ല.
പുതിയ അഭിപ്രായങ്ങള്‍