ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ

ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ. ചൂടുചട്ടി വെള്ളത്തില്‍ മുക്കിയാലെന്ന പോലെ ശൂ..ശൂ..ന്നു ഭൂമിയും മനസ്സുകളും തണുക്കുന്നു. വണ്ടികള്‍ തെന്നിതെന്നി തട്ടിമുട്ടി ഓടുന്നു.

പാര്‍ലമെന്റു് ഇലക്ഷന്‍ നനഞ്ഞുകുതിര്‍ന്നു. ഒരു കാര്യവുമില്ലാത്ത എംപി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുകയാണു് പാവം സ്ഥാനാര്‍ത്ഥികള്‍. നാട്ടിലെപ്പോലെ കൈയിട്ടുവാരാന്‍ ഇവിടെയും ഉണ്ടാവോ ചക്കരക്കുടം! തിരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം ഇവിടെ വെറും കടലാസുപുലികളാണെന്നു് എല്ലാവര്‍ക്കും അറിയാം. ഈ തട്ടിപ്പു തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടു ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു ചെറുപ്പക്കാരെ പിടിച്ചകത്താക്കി കഴിഞ്ഞു സര്‍ക്കാരു്.

സുന്നികളും ഷിയാകളും തമ്മിലുള്ള വെറും ജാതിപ്പോരു മാത്രമാണു് അറിഞ്ഞിടത്തോളം ഇവിടത്തെ തിരഞ്ഞെടുപ്പു്. സുന്നികളെ പിന്തുണക്കുന്ന രാജകുടുംബം തിരഞ്ഞെടുപ്പു ഫലം അവര്‍ക്കനുകൂലമാക്കാന്‍ വേണ്ടി പല തരികിടകളും ഒപ്പിക്കുന്നുണ്ടെന്നാണു് മറുവിഭാഗം ആരോപിക്കുന്നതു്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഒരുകൂട്ടം വിദേശീയര്‍ക്കു നല്കിയ പൌരത്വമാണു് അതിലൊന്നു്. പിന്നൊന്നു് ഏതു നിയോജകമണ്ഡലത്തിലും പോയി വോട്ടുചെയ്യാന്‍ അവകാശമുള്ള 8000ത്തോളം പ്രത്യേക പൌരന്മാര് (ഇവര്‍ക്കു് ഏതു മണ്ഡലത്തിലെയും ഫലത്തെ ഇഷ്ടാനുസരണം ചെത്തിമിനുക്കാന്‍ കഴിയും). പിന്നൊന്നു് ജെറിമാന്‍ഡറിങ് (എന്നുവെച്ചാല്‍ ഒരു പ്രത്യേക പാര്‍ട്ടിക്കു ജയിക്കാന്‍ പാകത്തിനു് നിയോജകമണ്ഡലങ്ങളെ വിഭജിക്കല്‍ – വിക്കിയില്‍ നിന്നു കിട്ടിയ വിവരമാണു്).
എന്തായാലും വിദേശികളായ നമ്മളെ പോലുള്ളവര്‍ക്കു് സുന്നികള്‍ ജയിക്കുന്നതാണു് ഇഷ്ടം, കാരണം അധികാരം കിട്ടിയാല്‍ ഷിയാകള്‍ വിദേശികളെ എപ്പോ ചവിട്ടിപ്പുറത്താക്കി എന്നു നോക്കിയാല്‍ മതി.
(ഇവിടുത്തെ എംപി സ്ഥാനം വലിയ അധികാരങ്ങളൊന്നുമുള്ളതല്ലെങ്കിലും).

Advertisements

ചന്ദ്രേട്ടന്റെ ലേഖനത്തിനൊരു മറുപടി

കര്‍ഷക-കര്‍ഷകതൊഴിലാളി സ്നേഹികളായ ഇടതുസര്‍ക്കാര്‍ താങ്കളുടെ ഈ പേജുകള്‍ ശ്രദ്ധിക്കുന്നുണ്ടാവുമോ? ശ്രദ്ധക്കണമേ എന്നാശിക്കുന്നു. താങ്കള്‍ മന്ത്രിമാര്‍ക്കും ഈ വിവരങ്ങള്‍ ഇമെയില്‍ ചെയ്യുന്നുണ്ടാവും, പക്ഷേ എത്ര മന്ത്രിമാര്‍ നേരിട്ടു് മെയിലുകള്‍ പരിശോധിക്കുന്നുണ്ടാകും എന്നു ഞാന്‍ ആശങ്കപ്പെടുകയാണു്. അവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇതെല്ലാം ചവറ്റുകുട്ടയിലേയ്ക്കു തള്ളുകയാണു് ചെയ്യുന്നതെങ്കില്‍ ഫലം നാസ്തി. പക്ഷേ, വ്യാപകമായ കളവുകള്‍ ഒരുകാലം പിടിക്കപ്പെടും. അതിനു വേണ്ടിയുള്ള താങ്കളുടെ പരിശ്രമങ്ങള്‍ക്കു് എന്റെയും നിരുപാധിക പിന്തുണ.

മലയാളം കമ്പ്യൂട്ടിങ് എവിടെയെത്തി?

e.jpgമലയാളത്തിലെ ചില്ലുപ്രശ്നം എന്നത്തേയ്ക്കുമായി പരിഹരിച്ചിരിക്കുന്നു എന്നു പറയാം. പക്ഷേ ഞങ്ങള്‍ (ഞാന്‍, സിബു, പെരി അങ്ങനെ പലരും) അതു നടപ്പിലാക്കാന്‍ അടുത്ത യുണീക്കോഡ് വേര്‍ഷന്‍ പ്രസിദ്ധീകരിയ്ക്കുന്നതു് വരെ കാക്കുകയാണു്, കാരണം, കഴിഞ്ഞ പ്രാവശ്യം ചില്ലുകള്‍ക്കു പുതിയ കോഡുകള്‍ ഏര്‍പ്പെടുത്തിയതിനേറ്റ തിരിച്ചടി മൂലം ഉണ്ടായ കൊളാബ്രിക്കേഷനുകള്‍ ഇനിയും വേണ്ടെന്നു കരുതിയാണു്. ചുരുക്കി പറഞ്ഞാല്‍ ചില്ലിനെ സംബന്ധിച്ചു് ഇനി യാതൊരു പ്രശ്നങ്ങളുമില്ല. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ചില്ലടിക്കുന്ന രീതി മാറും, പുതിയ യുണീക്കോഡ് രീതി അവലംബിക്കുമ്പോള്‍. പക്ഷേ അതു് സാധാരണ ഉപയോക്താവിനെ സംബന്ധിക്കുന്ന പ്രശ്നമല്ല. ഞങ്ങള്‍ ഇടക്കാലത്തു് വച്ചു് ചില്ലിനു പുതിയ കോഡു കൊടുത്തതു് ഓര്‍ക്കുന്നുണ്ടാവും, ആ കോഡുകള്‍ തിരിച്ചു വരും. എവിടെയും എങ്ങിനെയും ചില്ലുകള്‍ നല്ല മര്യാദക്കാരായി തന്നെ ഇനി വാഴും.

a.jpgഇതുകൂടാതെ ഇനിയൊരു പ്രശ്നം ബാക്കി നില്ക്കുന്നതു്, രേഫത്തെ സംബന്ധിച്ചാണു്. അതിനു കോഡ് വേണമെന്നു് സിബുവും മറ്റും വാദിക്കുമ്പോള്‍ വേണ്ടെന്നാണു് എന്റെ നിലപാടു്. ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ ഇതും മലയാളം കമ്പ്യൂട്ടിങ്ങിനെ കാര്യമായി ബാധിക്കുന്ന പ്രശ്നമല്ല.

പിന്നെ കൊള്ളേഷന്‍, ഒന്നുകൂടി മിനുക്കാനുണ്ടെന്നു മാത്രം.

മലയാളം കമ്പ്യൂട്ടിങ്ങിനു് യുണീക്കോഡ് സര്‍വ്വതന്ത്രപരമായി ഒരുങ്ങിക്കഴിഞ്ഞു എന്നു പറയാം. ഇനി വേണ്ടതു് പബ്ലിഷിങ് സോഫ്റ്റവെയറുകള്‍ യുണീക്കോഡ് ഇംപ്ലിമെന്റ് ചെയ്യുകയാണു്. അഡോബിയുടെ മിക്ക സോഫ്റ്റുവെയറുകളും യുണീക്കോഡിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയിട്ടില്ല. ഉദാഃ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, തുടങ്ങിയവ. കൂടാതെ ലിനക്സ് റെന്‍ഡറിങ് എഞ്ചിനുകളും(പാങ്കോ മുതലായവ) ഫോണ്ടുകളും കുറച്ചു പിന്നാക്കമാണു്. മൈക്രൊസോഫ്റ്റിന്റെ റെന്‍ഡറിങ്ങും സമ്പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂടാ. പിന്നെ നല്ല പ്രൊഫഷണല്‍ ഫോണ്ടുകളുടെ ലഭ്യത. ഇതെല്ലാം ചുരുങ്ങിയ കാലം കൊണ്ടു് തന്നെ നീങ്ങിപോകുന്ന പ്രശ്നങ്ങളാണു്.

ഇതിലും വലിയ വേറൊരു പ്രശ്നം‍ മലയാളം കമ്പ്യൂട്ടിങ് നേരിടുന്നുണ്ടു്. മലയാളത്തോടു് ആഭിമുഖ്യമില്ലത്ത മലയാളിജനത. ആ പ്രശ്നവും പതുക്കെ, വളരെ പതുക്കെ മാറുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. അതിനു വേണ്ടി നമുക്കു പ്രയത്നിക്കാം.