വേറൊരു ചോറു്

നിങ്ങൾ എന്നും വെറും ചോറും കറിയുമാണോ കഴിക്കുന്നതു്? ഇന്നു് വ്യത്യസ്തമായി എന്തെങ്കിലും കഴിയ്ക്കൂ. ഞങ്ങൾ ഇന്നലെ ഉണ്ടാക്കിയ സംഭവം നന്നായിരുന്നു. ലെമൺ റൈസ് എന്നാണു് പേരു പറയുന്നതു്.

ഉണ്ടാക്കുന്ന വിധം പറയാം.

ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കുക. കടുകു്, കായം, ഉലുവ, ഉഴുന്നു് എന്നിവ എണ്ണയിൽ വഴറ്റുക. ഉഴുന്നിനു സ്വർണ്ണനിറം വരുന്നതുവരെ മതി. ഒന്നും കരിയാതെ നോക്കണം. ശേഷം, കറിവേപ്പില, ഉണക്കമുളകു് പൊട്ടിച്ചതു്, മഞ്ഞൾപ്പൊടി, കപ്പലണ്ടി എന്നിവയും ചേർത്തു് വഴറ്റുക. അതിലേക്കു് ചോറും ആവശ്യത്തിനു് ഉപ്പും ചേർത്തു് ഇളക്കുക. നാരങ്ങനീരു് ചേർത്തു് നന്നായി ഇളക്കി യോജിപ്പിയ്ക്കുക. ചോറു ചൂടാവുന്നതുവരെ ചെറുതീയിൽ ഇരിയ്ക്കട്ടെ. പിന്നെ, മുകളിൽ അല്പം ചിരകിയ തേങ്ങ വിതറി ചൂടോടെ വിളമ്പുക.

അവശ്യം വേണ്ട സാധനങ്ങൾ

  1. ചോറ് – 1-1/2 കപ്പ്
  2. നാരങ്ങനീരു് – 3 ടേബിൾസ്പൂൺ
  3. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  4. കടുകു് – 1/2 ടീസ്പൂൺ
  5. കായം – ഒരു നുള്ളു്
  6. ഉലുവ – 1/2 ടീസ്പൂൺ
  7. ഉഴുന്നുപരിപ്പു് – 1 ടേബിൾസ്പൂൺ
  8. കറിവേപ്പില – 10-12 ഇല
  9. ഉണക്കമുളകു് – 2
  10. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  11. കപ്പലണ്ടി – 1/2 കപ്പ്
  12. ഉപ്പു് – ആവശ്യത്തിനു്
  13. ചിരകിയ തേങ്ങ – 2 ടേബിൾസ്പൂൺ

ബാക്കി നിങ്ങളുടെ ഇഷ്ടവും.