ചെന്നൈ നഗരത്തിലെ കുടിവെള്ളം വിഷം

ചെന്നൈ നഗരത്തിലെ തിരുവൊട്രിയൂർ എന്ന സ്ഥലത്താണ് ഞാനിപ്പോൾ താമസിയ്ക്കുന്നത്. ഇവിടെ കുടിവെള്ളം ഒരു ആഡംബരവസ്തുവാണ്. സർക്കാർ പൈപ്പുകളിലൂടെ കുടിവെള്ളം എത്തുന്നത് നാലുദിവസം കൂടുമ്പോൾ രണ്ടുമണിക്കൂർ മാത്രമാണ്. അതും ചാമ്പുപൈപ്പുപയോഗിച്ച് അടിച്ചെടുക്കണം. അഞ്ചും പത്തും കുടങ്ങളിലും ഡ്രമ്മുകളിലുമെല്ലാം വെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും കുടിയ്ക്കുവാനും മറ്റും ഉപയോഗിയ്ക്കും. അതെങ്കിലും ഉണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.

ഇന്നലെയാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാലു ദിവസം മുൻപ് പിടിച്ച് അടച്ചു വെച്ച ഡ്രം ഇന്നലെ തുറന്നു നോക്കിയപ്പോഴുണ്ട്, നിറയെ കൊതുകുകൂത്താടികൾ ഡ്രമ്മിലെ വെള്ളം മുഴുവൻ വെട്ടിവെട്ടി നടക്കുന്നു. ഇതെങ്ങിനെ വന്നുവെന്ന് അത്ഭുതപ്പെട്ട ഞാൻ, ഇവിടത്തെ മുൻഗാമികളോട് അന്വേഷിച്ചപ്പോൾ, അതൊക്കെ ‘സാധാരണ’മാണത്രേ, പൈപ്പിലൂടെ വരുന്ന വെള്ളം തുണികൊണ്ട് അരിച്ചാണ് എല്ലാവരും എടുക്കുന്നത് (ഞാൻ കരുതി വല്ല കരടുമുണ്ടെങ്കിൽ പോയ്ക്കോട്ടേന്നു വിചാരിച്ചിട്ടായിരിയ്ക്കുംന്ന്), പക്ഷേ നാലഞ്ചു ദിവസം വെച്ചാൽ അരിപ്പയിലൂടെ കടന്നു പോയ കൊതുകുമുട്ടകളെല്ലാം വളർന്ന് കൂത്താടികളാവും. അപ്പോഴാണ് കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിന്റെ അപകടം ഞാൻ മനസ്സിലാക്കുന്നത്. നാലു ദിവസത്തിലൊരിയ്ക്കൽ അമൃതുപോലെ കിട്ടുന്ന സാധനം വിഷമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

കാണാൻ പറ്റുന്ന കൂത്താടികൾ കൂടാതെ, നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത എത്രയെത്ര രോഗാണുക്കൾ ഡ്രെയ്നേജുകളിൽ നിന്ന് ഈ കുടിവെള്ളവിതരണപൈപ്പുകളിലേയ്ക്കു കടക്കുന്നു എന്ന് സാധാരണക്കാർ എവിടെയറിയുന്നു. ചികുൻഗുനിയയും എലിപ്പനിയും പിടിച്ച് സാധാരണക്കാർ ചത്തുവീഴുന്ന സീസണുകളിൽ തിരക്കേറുന്ന ‘കമ്മ്യൂണിക്കബിൾ ഡിസീസസ് ഹോസ്പിറ്റലും’ ഞാൻ ദിവസേന ജോലിയ്ക്കു പോകുമ്പോൾ കാണുന്നുണ്ട്.

ഡോക്ടർമാർക്കും മരുന്നുകമ്പനികൾക്കും മെഡിക്കൽ ലാബുകൾക്കും ഇലക്ട്രിക് ശ്മശാനത്തിനും ലാഭങ്ങൾ നേടിക്കൊടുക്കുകയാണ് ഇന്ന് കുടിവെള്ളപൊതുവിതരണസംവിധാനത്തിന്റെ ലക്ഷ്യങ്ങൾ. ഗ്യാസിനും മറ്റും അനിയന്ത്രിതമായി വിലകൂട്ടിക്കൊണ്ട്, വെള്ളം തിളപ്പിച്ച് മാത്രം കുടിയ്ക്കുക എന്ന് അവരെ ഉദ്ബോധിയ്ക്കുക മാത്രമാണ് ഇതിന് പോംവഴിയെന്ന് വിദഗ്ദ്ധരും പറയുന്നു.

ജനങ്ങളുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പോരാടുന്ന വിപ്ലവപാർട്ടികൾ ഇവിടെയും ഉണ്ടെന്നാണ് അറിവ്, പക്ഷേ തിരഞ്ഞെടുപ്പുകൾ മാത്രമാണല്ലോ അവരുടെ ചർച്ചകളിലെല്ലാം നിറഞ്ഞുനില്ക്കുന്നത്.

‘വെള്ളത്തിനു വേണ്ടിയായിരിയ്ക്കും ഭാവിയിലെ യുദ്ധങ്ങളെല്ലാം’, എന്നത് വല്ലാത്തൊരു ദീർഘദർശനം തന്നെ. അതിലെ കടുത്ത യാഥാർത്ഥ്യം അറിഞ്ഞുതുടങ്ങുന്നു.

Tags:

ഫോണ്ടുലാബിൽ രണ്ടു അക്ഷരങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ കറുപ്പും വെളുപ്പും മാറി വരുന്നു, എന്തു ചെയ്യും?

ചോദ്യം: how can i merge two letters together? When I merge color change. white become black and black change to white. letters looks funny

ഉത്തരം: രണ്ടു അക്ഷരങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ ആ പ്രശ്നം വരുന്നത്, ഔട്ടുലൈനിന്റെ ദിശ രണ്ടിനും വ്യത്യസ്തമായതു കൊണ്ടാണ്. അതിനാൽ ഏതെങ്കിലും ഒരു അക്ഷരത്തിന്റെ ഔട്ടുലൈനിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ വലത്തുഞെക്കി, റിവേഴ്സ് കോൺടൂർ എന്ന മെനു ഞെക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു അക്ഷരത്തിന്റെ ഉള്ളിലേയും പുറത്തേയും ഔട്ടുലൈനുകൾ വ്യത്യസ്തദിശയിലായിരിയ്ക്കണം. രണ്ടും ഔട്ടുലൈനുകളുടെയും ദിശ ഒരുമിച്ചു മാറ്റാനായി അവയെ ഒന്നിച്ചു സെലക്ടിയിട്ട് വലത്തുഞെക്കി, റിവേഴ്സ് കോൺടൂർ എന്ന മെനു ഞെക്കിയാൽ മതി.

ആദ്യത്തെ നോട്ടത്തിൽ . . . .

ഏതാനും ദിവസങ്ങളായി ചെന്നൈയിലെ ജനസമുദ്രത്തിൽ ഒരു കൊച്ചുപൊട്ടായി ഞാനും ഒഴുകിനടക്കുന്നു. എട്ടുപേരെ അടക്കിയിരുത്തി പായുന്ന ഷെയറാട്ടോകളിലും, പഴച്ചക്കയിൽ ഈച്ച പൊതിഞ്ഞ പോലെ പോകുന്ന ബസ്സുകളിലും, കറണ്ടിൽ കൈവെച്ചുകൊണ്ട് പായുന്ന ലക്ട്രിക് തീവണ്ടിയിലുമെല്ലാം, തീപ്പെട്ടിഫാക്ടറിയിലെ കൊള്ളിയെന്ന പോലെ ഞാനും അങ്ങനെ എങ്ങിനെയൊക്കെയോ പോകുന്നു.

മഴപെയ്തിറങ്ങിയപ്പോൾ ചളിക്കണ്ടമായി മാറിയ തെരുവാണ് ഇപ്പോഴെന്നും കാലത്തെന്നെ അലട്ടുന്ന ഒരു പ്രശ്നം. താമസിയ്ക്കുന്നിടത്ത് നിന്നും അതിലൂടെ ഇറങ്ങി ചളിപറ്റാതെ പോകാൻ പറ്റില്ല. വഴിയരികത്തിരുന്നു കച്ചവടം ചെയ്യുന്ന അമ്പതോളം കച്ചവടക്കാർ, എന്നും ബാക്കിവരുന്ന പാഴുകളെല്ലാം വൈകുന്നേരം തട്ടുന്നത് തെരുവിന്റെ കൃത്യം നടുവിൽ തന്നെ. കൂടാതെ തെരുവിൽ അലഞ്ഞു നടക്കുന്ന ഒരുകൂട്ടം പശുക്കളും നിത്യേന മലമൂത്രവിസർജ്ജനം ചെയ്യുന്നതും ഇവിടെ തന്നെ. സ്ഥിരമായി ഈ പ്രക്രിയ തുടരുന്നതിനാൽ, നല്ല വളക്കൂറുള്ള കണ്ടം പോലെയിരിയ്ക്കുന്നു ഈ തെരുവ്. ഉണങ്ങിയാൽ പൊടിയും, മഴ പെയ്താൽ നല്ല കൊഴകൊഴയും. ആ കൊഴയിൽ തന്നെ ചാക്കും മറ്റും വിരിച്ചിരുന്ന് അവർ അവരുടെ കച്ചവടം തകൃതിയായി തുടരുന്നു. സ്വന്തം മുന്നിൽ കാണുന്നതിനോട് ഇവർക്ക് യാതൊരു അറപ്പും തോന്നുന്നില്ലെന്നതിൽ എനിക്കത്ഭുതം. പലരോടും ചോദിച്ചപ്പോൾ, ‘അതൊക്കെ അങ്ങനെയങ്ങയേ നടക്കൂ’ എന്നാണ് പൊതുവായ മറുപടി.

ആ, എല്ലാം അങ്ങനെയൊക്കെയങ്ങു നടക്കുന്നു. അതിന് നമ്മളെന്തു ചെയ്യുന്നു?

Tags:

ചെന്നൈയിൽ നിന്നു് സസ്നേഹം

ചെന്നൈയിലെ തിരക്കുപിടിച്ച ഒരു തെരുവുചന്ത. എണ്ണതേയ്ക്കാത്ത ചപ്രച്ച തലമുടിയും ആരെയും കൂസാത്ത ഭാവവും കാറ്റത്തു പറപ്പിച്ചുകൊണ്ടു നടക്കുന്ന തമിഴത്തികളും, ഉടയോനില്ലാത്ത പോലെ അലഞ്ഞുതിരിയുന്ന എരുമമാടുകളും പൈക്കിടാങ്ങളും അവയുടെ ചാണകം വീണു കുഴഞ്ഞ മണ്ണും ചെളിയും അതിന്മേൽ ചാക്കും മരപ്പെട്ടികളും അടുക്കിയതിനുമേൽ രണ്ടാംതരം പച്ചക്കറിയും വാഴയിലയും അങ്ങിനെ ഇല്ലാത്ത സാധനങ്ങളൊന്നുമില്ലാത്ത ഒരു വൃത്തികെട്ട ചന്ത. ഈ ചന്തയിലേയ്ക്കാണു് എന്നും കാലത്തു് ഉണർന്നെണീയ്ക്കുന്നതു്. ജനസമുദ്രം തിങ്ങിനിറഞ്ഞൊഴുകിനീങ്ങുന്ന രാജവീഥികളാൽ സമൃദ്ധം ഇവിടം. ചെന്നൈയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലേയ്ക്കു കേറി ഞാനും ഓടാൻ തുടങ്ങിയിരിയ്ക്കുന്നു.

എന്റെ ഒരു കൊല്ലത്തെ വെക്കേഷൻ കഴിഞ്ഞു ഞാൻ വീണ്ടും ജോലിയ്ക്കു കേറി കേട്ടോ. ഇങ്ങു ദൂരെ ചെന്നൈയിൽ.

എനിയ്ക്കു് സർക്കാരു ജോലിതരണം എന്നെല്ലാം പറഞ്ഞു് പോസ്റ്റിട്ട എന്റെ അഭ്യുദയകാംക്ഷിയായ ചന്ദ്രേട്ടനു് ഈ അവസരത്തിൽ ഒരു നന്ദി പറയട്ടെ, എന്റെ തെക്കുവടക്കു തെണ്ടൽ ഫ്ലാഷുന്യൂസാക്കിയതിനു്.

ഇത്രനാളും കൂടെയുണ്ടായിട്ടും, മോൻ നടന്നു തുടങ്ങിയപ്പോൾ അതു കാണാൻ കഴിയാതെ പോരേണ്ടിവന്നതു മാത്രം സങ്കടം. എന്തായാലും ചെന്നൈയ്ക്കു ഫാമിലിയെ കൊണ്ടുവരാൻ ഫാമിലിവിസ വേണ്ടല്ലോന്നൊരു ആശ്വാസം ഉണ്ടു്. ഗൾഫന്മാരേ കേൾക്കുക….