പൂജ്യം വോട്ടിങ്ങ് ശതമാനം

പൂജ്യം വോട്ടിങ്ങ് ശതമാനം സംഭവിക്കുന്ന ഒരുകാലം. അതിലാണെന്റെ പ്രതീക്ഷ. അന്നു് എന്തെങ്കിലും ബദല്‍ ഉരുത്തിരിയും. അല്ലാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രീയവും ഭരണക്കളിയും ഇമ്മാതിരി തന്നെ കിടന്നു വട്ടത്തില്‍ തിരിയും. മുന്നോട്ടും പിന്നോട്ടുമല്ല നമ്മള്‍ പോകുന്നതു്, ഒരേ വൃത്തത്തില്‍ കിടന്നു കറങ്ങിക്കൊണ്ടിരിയ്ക്കുകയാണു്. തിരഞ്ഞെടുക്കപ്പെടുവാന്‍ കൊള്ളാവുന്ന ആരും ഇല്ലെങ്കില്‍ വോട്ടുചെയ്യാതിരിയ്ക്കുവാനുള്ള അവകാശം ഒരോ പൌരനും ഉള്ളതാണു്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു ഇടതുമുന്നണിയെ തോല്പിച്ചുവെങ്കില്‍ ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്തു യോഗ്യതയാണു് അതേ പഴയ സ്ഥാനാര്‍ത്ഥികള്‍ ഈ അഞ്ചുകൊല്ലത്തിനുള്ളില്‍ നേടിയതു്? അതുകൊണ്ടു് കഴിഞ്ഞ പ്രാവശ്യം തോറ്റ ഒറ്റയാളേയും നമ്മള്‍ നിയമസഭയില്‍ പ്രതീക്ഷിയ്ക്കുന്നില്ല. പക്ഷേ എന്തു സംഭവിയ്ക്കുമെന്നു നമുക്കെല്ലാമറിയാം, നാണമില്ലാതെ പലപ്രാവശ്യം മൊഴിചൊല്ലിയവരെ ജനം വീണ്ടും വീണ്ടും വേള്‍ക്കും. ഇതു വേറെ ഗതിയില്ലാത്തതിനാല്‍ ചെയ്യുന്നതാണെന്നാണു്.

യുവജനതയ്ക്കു് വോട്ടുചെയ്യണമെന്നു തന്നെ താല്പര്യമില്ലാതെ വരുന്നതു് ഇതിനാലാണു്. പഴയ അളിഞ്ഞ പഴങ്ങള്‍ തന്നെ വീണ്ടും വീണ്ടും പുതിയ പൊതികളില്‍ വരുമ്പോള്‍ മൂക്കുള്ളവര്‍ക്കു് എന്തായാലും നാറ്റമടിയ്ക്കും.

Advertisements

പണത്തിനു മീതെ ഗൂഗിളും പറക്കില്ല

ചൈനയില്‍ ഗൂഗിള്‍ സ്വയം നല്ലകുട്ടിയായി നടക്കുന്നു. ജനവികാരങ്ങള്‍ അടിച്ചമര്‍ത്തി ഭരിയ്ക്കുന്ന ചൈനാസര്‍ക്കാരിന്റെ സെന്‍സര്‍ നിയമങ്ങള്‍ വൃത്തിയായി അനുസരിക്കുന്ന ഒരു അച്ചടക്കമുള്ള നല്ലകുട്ടി. എന്തിനു വേണ്ടി എന്നാര്‍ക്കും സംശയമുണ്ടാവില്ലല്ലോ?

വന്‍മതിലിനുള്ളിലേയ്ക്കു കടത്തിവിടാതെ പുറത്തുനിര്‍ത്തിയിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാറ്റു് ഗൂഗിളത്തിന്റെ കൊച്ചുസെര്‍ച്ചുജാലകത്തിലൂടെ അകത്തേയ്ക്കു ചോര്‍ന്നു വരാതെ തടയുന്നതില്‍ ചൈനാസര്‍ക്കാര്‍ വിജയിച്ചിരിയ്ക്കുന്നു. ഗൂഗിളം മാത്രമല്ല, ടെക്നോരതി, യാഹൂ തുടങ്ങി പലതും ഈ പട്ടികയില്‍ പെടും. ചില അറബിരാജ്യങ്ങള്‍ ചെയ്യുന്നതിനു തുല്ല്യമോ, അതോ അവരെയും കടത്തിവെട്ടിയോ?

യാഹൂ, ഗൂഗിളത്തിനെയും കടത്തിവെട്ടി. ഒരു സ്വാതന്ത്ര്യപ്രവര്‍ത്തകനെ ജയിലിലടയ്ക്കാന്‍ യാഹൂ തെളിവുകള്‍ നല്‍കി ചൈനന്‍ സര്‍ക്കാരിനെ സഹായിച്ചു. എന്തു തെളിവുകള്‍? അയാളയച്ച മെയിലുകളും അറ്റാച്ചുമെന്റുകളും എല്ലാം യാഹൂ ചൈനാ സര്‍ക്കാരിനു കൈമാറി.
ഈ വിവരം കിട്ടിയിടത്തു നിന്നും നിങ്ങള്‍ക്കു കൂടുതല്‍ വായിയ്ക്കാം.

പുല്ലൂട്ടിലെ നായ

ഒന്നുകില്‍ കമ്മ്യൂണിസം നടപ്പാക്കണം, അല്ലെങ്കില്‍ മുതലാളിത്തം നടപ്പാക്കണം. ഇതു രണ്ടിനും തയ്യാറാവാതെ ജനങ്ങളെ പറ്റിക്കുന്ന ‘പുല്ലുകൂട്ടിലെ പട്ടി’യായി കാലം കഴിയ്ക്കുകയാണു് കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. വിപ്ലവം നടത്താനോ, കമ്മ്യൂണിസം കൊണ്ടുവരാനോ ഉള്ള കെല്പ് ഒട്ടുമില്ലതാനും, എന്നാല്‍ മൂലധനമിറക്കി കച്ചവടം ചെയ്തു ജീവിക്കാനൊട്ടു ജനങ്ങളെ സമ്മതിക്കുകയും ഇല്ല.

ബൂര്‍ഷ്വാ, മുതലാളിത്തം, കുത്തകമുതലാളിത്തം, ആഗോളകുത്തകമുതലാളിത്തം എന്നൊക്കെ ലേബലൊട്ടിച്ചു, ജീവിതമാര്‍ഗ്ഗവും വരുമാനവും ഉണ്ടാക്കുന്ന ഏതു സ്ഥാപനത്തേയും അണികളുടെ മനസ്സില്‍ വര്‍ഗ്ഗശത്രുവായി ചിത്രീകരിക്കും. തരം കിട്ടിയാല്‍ ചാടിവീണു് ആക്രമിക്കാന്‍ സന്നദ്ധമാണു് ഓരോ അണിയുടേയും മനസ്സു്. ഒരു സമരം നടത്തുകയാണെങ്കില്‍​ കൈയില്‍ കിട്ടുന്ന ബസും കാറുമെല്ലാം തകര്‍ത്തു കത്തിക്കുകയെന്നതു് വര്‍ഗ്ഗശത്രുവിനോടു ചെയ്യുന്ന അവസാനിക്കാത്ത യുദ്ധത്തിലെ ഒരിനം മാത്രം.

ഗവണ്‍മെന്റു് സ്ഥാവരജംഗമങ്ങള്‍ നശിപ്പിക്കുന്നതിലെ വര്‍ഗ്ഗപരമായ നിലപാടു് മനസ്സിലാക്കണമെങ്കില്‍ വേറൊരു കാര്യം ആദ്യം പഠിക്കണം. റൌഡികളുടെ മനഃശാസ്ത്രം. ഗവണ്‍മെന്റു് വസ്തുവകകള്‍ പൊതുജനങ്ങളുടെ മുതലാണെന്ന അറിവും ഓര്‍മ്മയും ഇല്ലാതല്ല, അടിതുടങ്ങിയാല്‍ പിന്നെ കണ്ണുകാണില്ല. പിന്നെ പ്രത്യയശാസ്ത്രങ്ങളില്ല, അടവുനയങ്ങളില്ല, അടിമാത്രം, കത്തിക്കല്‍ മാത്രം. റൌഡികളുടെ മനഃശാസ്ത്രം എന്ന മനഃശാസ്ത്രശാഖയിലെ ഏറ്റവും പ്രധാന തിയറി ഇതാണു്, ‘വെട്ടാന്‍ വരുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ല’. അതുതന്നെയാണു് ഇവിടെയും പ്രസക്തം. പിന്നെ ഞാനൊരു കമ്മ്യൂണിസ്റ്റു വിരോധിയാണെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഞാനൊരു കോണ്‍ഗ്രസ് വിരോധികൂടിയാണു്, പിന്നെ കോണ്‍ഗ്രസിനെപ്പറ്റി ഒന്നും പറയാഞ്ഞതെന്തേന്നു ചോദിച്ചാല്‍, അവരു നല്ലവരായതു കൊണ്ടാണോ? പോക്കറ്റടിക്കാരേ പറ്റി കുറ്റം പറയുമ്പോള്‍, തീവെട്ടിക്കൊള്ളക്കാരേ പറ്റി എന്തു പറയാന്‍?

വീട്ടമ്മയുടെ പ്രിയങ്കരി

  • ചട്ടിയുടെ അടിയില്‍ പിടിയ്ക്കാതെ മീന്‍പൊരിയ്ക്കാനും ദോശചുടുവാനും സഹായിക്കുന്ന വീട്ടമ്മയുടെ പ്രിയങ്കരിയാരാണു്?

ടെഫ്ലോണ്‍ പൂശിയ നോണ്‍സ്റ്റിക്‍ ചട്ടികള്‍.

  • പടിഞ്ഞാറന്‍ വെര്‍ജീനിയായിലുള്ള ഡ്യൂപോണ്ടിന്റെ ഉത്പാദനകേന്ദ്രത്തിനെതിരെ 3000ത്തോളം വരുന്ന തദ്ദേശവാസികള്‍ കോടതിയില്‍ കേസിനു പോയതെന്തേ?

ടെഫ്ലോണ്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറി മാരകമായ പെര്‍ഫ്ലൂറോകെമിക്കല്‍സ് വിഭാഗത്തില്‍പെട്ട രാസവസ്തുക്കളാല്‍ തദ്ദേശീയരുടെ വെള്ളവും മണ്ണും മലിനപ്പെടുത്തിയെന്നാരോപിച്ചു്.

  • ഡ്യൂപോണ്ടു് ചെയ്ത മറ്റു കുറ്റങ്ങളെന്തൊക്കെയാണു്?

മേല്‍പറഞ്ഞ രാസവസ്തു, ഫാക്ടറി ജോലിക്കാരിയുടെ നവജാതശിശുവിന്റെ രക്തത്തില്‍ നിന്നുപോലും കമ്പനിഡോക്ടര്‍മാരാല്‍ കണ്ടെത്തപ്പെട്ട 22 വര്‍ഷം പഴക്കം ചെന്ന സത്യം മൂടിവെച്ചു് ഉത്പാദനവും വിപണനവും തുടര്‍ന്നതു്.

വെര്‍ജീനിയായിലേയും ഓഹിയോവിലേയും ജനങ്ങള്‍ കുടിയ്ക്കുന്ന പൈപ്പുവെള്ളത്തില്‍ പോലും ഈ മാരകരാസവസ്തു കമ്പനി തന്നെ 1984-ല്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നെങ്കിലും സത്യം കാസറോളില്‍ മൂടിവെച്ചു.

അതുകൊണ്ടു് ഇത്ര കൊല്ലത്തിനു ശേഷവും ചൂടാറാതെ അതു പുറത്തു വന്നു.

ഇന്ത്യയില്‍ ടെഫ്ലോണ്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളെവിടെയൊക്കെയാണാവോ. ഒരു വശം ഇക്കിളികൂട്ടി മറുവശം അറുക്കുന്ന ടെക്നോളജിയുടെ മായാജാലം കാണാതെ പുഴുക്കള്‍ പോലെ ജീവിതം കൊണ്ടാടുന്ന നരവംശത്തെ കാണുമ്പോള്‍ സഹതാപം.

അനാവശ്യചിന്തകള്‍

കല്ലുകെട്ടിയ മതില്‍, ഗേറ്റൊന്നും ഇല്ല. ഒരു പൊളിവിലൂടെ അകത്തു കടക്കാം. ഒന്നുകൂടി ഓര്‍ത്തുനോക്കി, അതൊരു തീവണ്ടിയാപ്പീസു തന്നെയായിരുന്നോ? തീവണ്ടികളോ പാളങ്ങള്‍ തന്നെയോ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ തീവണ്ടി പിടിക്കാനായിരുന്നല്ലോ, അവിടേയ്ക്കു കാറോടിച്ചു പാഞ്ഞുചെന്നതു്.അവിടെ ചെന്നപ്പോ കേട്ടതോ, ഇനി അടുത്ത മാസമേ തീവണ്ടിയുള്ളത്രേ. എവിടേയ്ക്കു പോകാനാണു്, ഒരോര്‍മ്മയും കിട്ടുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടു വരുന്ന വണ്ടി, അതെവിടേയ്ക്കുള്ളതായിരിക്കും? അങ്ങിനെയൊരു വണ്ടിയും അങ്ങിനെയൊരു ലക്ഷ്യവും ഇതുവരെ കേട്ടിട്ടുകൂടിയില്ല. പക്ഷേ അവിടെ കാത്തുകിടന്നുവല്ലോ, എത്രദിവസം, അറിയില്ല. എവിടേയും പോകാതെ, അവിടെ, ആ ചെത്തിതേയ്ക്കാത്ത പ്രാകൃതത്വം തോന്നിപ്പിയ്ക്കുന്ന ചെങ്കല്‍മതിലിനുള്ളില്‍, കാറു നിര്‍ത്താതെ, അതെ ഇപ്പോഴത്ഭുതം തോന്നുന്നു, എഞ്ചിന്‍ നിര്‍ത്താതെ അതിനകത്തിരിയ്ക്കുകയായിരുന്നു.

എന്നിട്ടു തീവണ്ടി വന്നോ? ആര്‍ക്കറിയാം, അപ്പോഴേയ്ക്കും നേരം വെളുത്തെന്നു തോന്നുന്നു.

ഇതെങ്ങിനെ അവളോടു പറയും? അവളെന്നും ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുമ്പോള്‍, കാലത്തെണീറ്റുടന്‍ രാത്രികണ്ട സ്വപ്നത്തെക്കുറിച്ചു പറയുമ്പോള്‍ പുച്ഛമായിരുന്നു. അനാവശ്യചിന്തകള്‍ കുറേകൂടുന്നുണ്ടു് അല്ലാതെ വേറൊന്നുമല്ല എന്നെല്ലാം. പിന്നെപിന്നെ സ്വപ്നങ്ങളില്‍ നിന്നേല്ക്കുന്ന മുറിവുകള്‍ അവള്‍ പുറത്തുകാട്ടാതായി.

അതുപോലെയല്ലല്ലോ, ഇതാദ്യമായിട്ടാണല്ലോ, ഒരു സ്വപ്നം, അതും വിചിത്രമായതു്. അവള്‍ പറയാറുള്ള സ്വപ്നകഥകളും വിചിത്രമായിരുന്നില്ലേ.

ഇതെങ്ങിനെ അവളോടു പറയും? സ്വപ്നം കണ്ടുവെന്നു പറകയോ, മോശമാവില്ലേ.

ഒരു കാര്യം ചെയ്യാം, ബ്ലോഗാം, അവള്‍ ചിലപ്പോള്‍ വായിയ്ക്കയുണ്ടാവില്ല. എന്നാലും എന്നെങ്കിലും ആരെങ്കിലും ഈ സ്വപ്നത്തെക്കുറിച്ചു പറഞ്ഞേക്കും….

തീര്‍ച്ചയായും………………

ഡയറിയിലെ തെറ്റു്

ഒരു ചുട്ടനിശ്വാസം പുറത്തുപോകാതെ അവളുടെ ഹൃദയത്തില്‍ കിടന്നു പൊള്ളി. അവള്‍ പ്രാണനുരുകുന്നൊരു നെരിപ്പോടായി. തിയ്യതിയും മുഹൂര്‍ത്തവുമെല്ലാമുറപ്പിച്ചു് പരസ്പരം ആശംസകള്‍ നേര്‍ന്നവര്‍ വിടചൊല്ലുമ്പോള്‍, ഉള്ളറകളിലൊന്നില്‍ വര്‍ഷം മുറിയാതെ പെയ്തുതുടങ്ങിയിരുന്നു. നെഞ്ചോടു ചേര്‍ത്തുവച്ച ജീവനടര്‍ത്തും പോലെ, പിന്നെയവള്‍ ആ ഡയറിയിലെ ‘തെറ്റു്’ എന്നെഴുതിയ പേജു് വലിച്ചു ചീന്തി. പിന്നീടു് പിന്നീടുള്ള പേജുകളിലെല്ലാം ‘തെറ്റു്’ എന്നു് ആവര്‍ത്തിച്ചെഴുതിയിരിയ്ക്കുന്നു, ഭ്രാന്തമായ വേഗത്തില്‍ ഇതളുകള്‍ പൊഴിഞ്ഞാ ഡയറി അവളുടെ അസ്ഥികൂടമായ് മാറി. ഒരു ഡയറിയിലൊതുങ്ങിയ കാലമെങ്കിലും, തന്റെ ശരീരത്തിലെ ഓരോ അണുവും അയലത്തെ വികൃതിപ്പയ്യന്റെ കുസൃതിത്തരങ്ങള്‍ ഓര്‍മ്മിച്ചു നെടുവീര്‍പ്പിടുന്നതവളറിഞ്ഞു. തെറ്റുകളെല്ലാമൊരു കൂമ്പാരമാക്കി വാരിയെടുത്തവള്‍ മനസ്സിന്റെ പിന്നാമ്പുറത്തിട്ടു തീയിട്ടു. ആ ചാരം വാരിയെടുത്തവള്‍ മേലാസകലം ഉരച്ചുതേച്ചു കുളിച്ചു. പിന്നെ പുതിയൊരു സ്വപ്നത്തിന്റെ പുടവയെടുത്തണിഞ്ഞവളൊരു നവവധുവായു് പുത്തനാംപുതിയ മണിമഞ്ചത്തില്‍ പുതിയ തെറ്റുകാരനെത്തുന്നതും കാതോര്‍ത്തുകിടന്നു.