കോടീശ്വരക്കാറോട്ടം

റേസു് നടക്ക്വാ, കോടീശ്വരക്കാറോട്ടം. പനിയുണ്ടോ എനിയ്ക്കു്, ഹേയു് വെറുതെ
തോന്നുണതാ, ഈ റെസു്ഫീവര്‍ എന്നെല്ലാം പറയുന്നതു് നമ്മളു് സാധാരണക്കാര്‍ക്കു വരണ
പനിയല്ലായിരിയ്ക്കും, അതിനു കീശേലു് കൊറച്ചു പുത്തനൊക്കെ വേണം. എന്തായാലും F1
കാണാന്‍ സൌദീന്നു വരുന്ന ബസ്സുകളു് തന്നെണ്ടു് കാണാന്‍ കൊറച്ചു്. നല്ല, ഏസിയെല്ലാം
ഉള്ള ഗമണ്ടന്‍ ബസ്സുകളു് കൊറേ ഇങ്ങനെ വിശാലമായ മൈതാനത്തു വരിയൊപ്പിച്ചു നിരന്നു
കിടപ്പുണ്ടു്, ഒരേ നിറത്തിലു്, ഒരേ ഷേപ്പിലു് ആനക്കൂട്ടത്തേ കേറ്റി എഴുന്നെള്ളിച്ച
പോലേണ്ടു്. നമ്മടെ കാര്‍ത്തികേയനും വരണുണ്ടെന്നാ കേക്കണതു്, ഒരു
ഇന്ത്യക്കാരനില്ലെങ്കി പിന്നെ എന്തു കാറോട്ടം!

കൊടിച്ചിപട്ടി

ഏറു കൊണ്ടു് ഓടുന്ന കൊടിച്ചിപട്ടിയെ
കണ്ടിട്ടുണ്ടോ? വാലു കാലുകള്‍ക്കിടയില്‍ തിരുകി നിലവിളിച്ചുകൊണ്ടു് അവ പ്രാണനും
കൊണ്ടു് ഓടുന്നതു് നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പറയട്ടേ, അതു്
കാണേണ്ട കാഴ്ച തന്നെയാണു്.
 
ബഹറിനില്‍ എറിയാനായി കൊടിച്ചിപട്ടികളെ
കിട്ടാന്‍ വലിയ പാടാ, അലഞ്ഞു നടക്കുന്നവ തീരെയില്ലെന്നു തന്നെ പറയാം. അപ്പോ പിന്നെ
എന്തു ചെയ്യും. ഒരു വഴിയേ ഉള്ളൂ, വഴിയെ നടക്കുന്ന വിദേശികളെ കല്ലെറിയാം. അവര്‍
പേടിച്ചു് വാലും മടക്കി ഓടിക്കോള്ളും, പ്രത്യേകിച്ചു് സ്വന്തം വണ്ടിയൊന്നുമില്ലാതെ
റോഡിലൂടെ നടന്നു പോകുന്ന പാവങ്ങളാകുമ്പോള്‍.
 
ഇന്നു് കാലത്തവര്‍ക്കു് എറിയാന്‍ കിട്ടിയതു്
എന്നെയാണു്. അപ്പോ ആരാണു് ഈ എറിയുന്നതെന്നായിരിയ്ക്കും നിങ്ങളുടെ സംശയം, വേറെ
ആരെറിയാന്‍ ബഹറിന്‍ സ്വദേശികളല്ലാതെ. ഓഫീസിലേയ്ക്കുള്ള വഴിയേ 
(മനാമ ബസു് സ്റ്റേഷനും‍ ഷേക്കു് റാഷിദു് കെട്ടിടത്തിനും ഇടയ്ക്കുള്ള
വിശാലമായ മൈതാനം)
രണ്ടു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ വലിപ്പമുള്ള വിശാലമായ സ്ഥലം
മുറിച്ചു നടക്കാന്‍ പോയ ഞാന്‍, നടക്കുകയല്ല, ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നു
പേരുകൂടി ഒരു പട്ടിയെ എറിയാന്‍ നിന്നാല്‍ പിന്നെ പട്ടിയ്ക്കു ഓടി
രക്ഷപ്പെടുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല, എറിയുന്നതു 20 വയസ്സിനോടടുത്ത
പിള്ളേരാവുമ്പോള്‍, പ്രത്യേകിച്ചും. അപ്പോ മനസ്സിലൊരു വിഷമമൊക്കെ തോന്നിയെങ്കിലും
ഇപ്പോ ഒരു സംശയവുമില്ല, ഞങ്ങള്‍ ഇവിടെ കുറച്ചു പട്ടികളുണ്ടല്ലോ, ആര്‍ക്കും
കല്ലെറിയാന്‍ പാകത്തിനു്.
 
ഇതുപോലെ ഇടയ്ക്കിടെ ചില വിശേഷങ്ങളൊക്കെ ഉണ്ടാകും.
അപ്പപ്പോള്‍ ബ്ലോഗാം.

ചില്ലുകള്‍ക്കു നല്ല കാലം വരുന്നു

മെയു് ആദ്യവാരത്തോടെ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍ നമ്മുടെ
യൂണീക്കോഡു ചേട്ടന്മാരു് ഒരു തീരുമാനത്തിലെത്തുമെന്നാണു തോന്നുന്നതു്. അതോടെ മലയാളം
യൂണീക്കോഡിനെ പിടിച്ച പ്രേതം ഒഴിപ്പിയ്ക്കപ്പെടുകയും ചെയ്യുമെന്നു ആശ്വസിയ്ക്കാം.
ചില്ലക്ഷരങ്ങളുടെ പ്രശ്നം നല്ലവണ്ണം പഠിച്ചവര്‍ക്കു് അവരവരുടെ ഭാഗങ്ങള്‍
വാദിയ്ക്കാനും തെളിവുകള്‍ ഹാജരാക്കാനും
ഇവിടെ ഞെക്കിയാല്‍
മതി
. തെളിവുകളില്ലാത്ത വാദമുഖങ്ങള്‍
സ്വീകരിയ്ക്കപെടുകയില്ല. ഈ വിവരത്തിനു കൂടുതല്‍ വായിയ്ക്കാന്‍
ഇവിടെയും ഞെക്കിനോക്കുക.

സ്വയംകൃതാനര്‍ത്ഥം

വരുണന്‍ രോഗത്തിന്റെ പ്രതീകമാണെന്നു് എവിടെയോ വായിച്ചിരുന്നു.
ഭൂമിയ്ക്കേറ്റ കടുത്ത ഹൃദയാഘാതം പോലെ സുനാമി കടന്നു പോയപ്പോള്‍, അതൊരു വെറും
പ്രതീകമല്ല, യാഥാര്‍ത്ഥ്യം തന്നെയെന്നു് മനസ്സിലാവുന്നു. സമുദ്രത്തില്‍ നിന്നു ദാനം
കിട്ടിയ ഭൂമിയെന്നു് കേരളത്തിന്റെ പുരാണമെങ്കില്‍, വരുന്ന ഭാവിയില്‍ ഒരു
സഹസ്രത്തിലധികം ചെറുദ്വീപുകളെ വിഴുങ്ങുവാന്‍ തയ്യാറായി നില്‍ക്കുകയാണു് അതേ
സമുദ്രം. നാളെയുടെ ഭൂപടങ്ങളില്‍ തെളിയാന്‍ ഇടയില്ലാത്ത ചെറുദ്വീപരാജ്യങ്ങളുടെ
പട്ടിക വളരെ വലുതാണു്. ലക്ഷദ്വീപും മാലിദ്വീപും ആന്‍ഡമാന്‍ നിക്കോബാറും എല്ലാം
കേവലം ചരിത്ര വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ മാത്രമായി ചുരുങ്ങും. ഇതെല്ലാം
ദൈവത്തിന്റെ ഓരോ തമാശയെന്നോ, വിധിയുടെ ക്രൂരതയെന്നോ ആക്ഷേപിയ്ക്കാന്‍ തക്ക
അറിവില്ലായ്മ ഇന്നു മനുഷ്യവംശത്തിനില്ല. എല്ലാം
സ്വയംകൃതാനര്‍ത്ഥമാണു്.
ഉയര്‍ന്നു കൊണ്ടേയിരിയ്ക്കുന്ന ആഗോളതാപനില, ദുരന്തങ്ങള്‍
വാരിവിതയ്ക്കാന്‍ പോകുന്നതു, തെക്കനേഷ്യന്‍ സുനാമി നശിപ്പിച്ചുകൊണ്ടു കടന്നു പോയ
പ്രദേശങ്ങളില്‍ തന്നെയാണെന്നു് ശാസ്ത്രജ്ഞരും തദ്വിഷയ വിദഗ്ദ്ധരും
പറയുന്നു.
1997-ല്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചു
പഠിയ്ക്കുന്ന സംഘം പറഞ്ഞതിപ്രകാരമാണു്, “ബംഗ്ലാദേശു്, മ്യാന്മര്‍, വിയറ്റ്നാം,
തായ്‌ലണ്ടു് തുടങ്ങിയ രാജ്യങ്ങളുടെ വിശാലമായ delta പ്രദേശങ്ങളും, ഇന്തോനേഷ്യ,
ഫിലിപ്പീന്‍സു്, മലേഷ്യ മുതലായ രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും ആണു് ഏറ്റവും
അധികം ദുരന്തസാധ്യതയുള്ളവ. സമുദ്രജലനിരപ്പു് ഒരൊറ്റ മീറ്റര്‍ ഉയര്‍ന്നാല്‍ തന്നെ,
ദശലക്ഷകണക്കിനു തീരദേശവാസികളുടെ ആവാസപ്രദേശങ്ങളാണു് ഇല്ലാതാവുക. ഈയൊരു പ്രതിസന്ധി
നേരിടുന്നതിനു വേണ്ടിവരുന്ന നടപടികളും ചെലവും പ്രവചനാതീതമായിരിയ്ക്കും. ലോകത്തിലെ
തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കോടികള്‍
കുടിയൊഴിപ്പിയ്ക്കപ്പെടുകയെന്നു വച്ചാല്‍, അതിലും വലിയ ദുരന്തം ആ രാജ്യങ്ങള്‍ക്കിനി
വരാനില്ല.
ഒരു ദശകത്തിനും മുന്‍പു തന്നെ മുന്നറിയിപ്പുകള്‍ തന്നു കൊണ്ടു്
നമ്മെ തേടി വളരെ സാവധാനം അടുത്തുകൊണ്ടിരിയ്ക്കുന്ന ഒരു ഭീകരസുനാമിയാണിതെന്നു്
മനുഷ്യവംശം എന്നാണോ മനസ്സിലാക്കുന്നതു്.
ഭൂമിയിലെ നാലു ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിയ്ക്കയാണു്, 25
ശതമാനത്തില്‍ കൂടുതല്‍ ഗ്രീന്‍ഹൌസു് വാതകങ്ങളും അന്തരീക്ഷത്തിലേയ്ക്കു പുകച്ചു
തള്ളുന്നതു്. പുകവമനം നിയന്ത്രിയ്ക്കാനുദ്ദേശിച്ചുള്ള ക്യോട്ടോ കരാറില്‍ ഒപ്പു
വയ്ക്കാത്ത രണ്ടു വ്യാവസായിക രാജ്യങ്ങളില്‍ ഒന്നു് അമേരിയ്ക്കയാണു്. മറ്റൊന്നു്
ആസ്ട്രേലിയയും. യാതൊരു തരത്തിലും പരിപൂര്‍ണത അവകാശപ്പെടാനാവില്ലെങ്കിലും,
സദുദ്ദേശത്തോടെയുള്ള ക്യോട്ടോ ചര്‍ച്ചകള്‍ക്കു നേരേ എന്നും പുറംതിരിഞ്ഞു
നില്‍ക്കുന്ന അമേരിയ്ക്ക അതിനു പറയുന്ന കാരണമിതാണു്, “ഏതു നിലയിലുള്ള
താപവര്‍ദ്ധനയാണു് ദുരന്തകാരണമായേക്കാവുന്ന സ്ഥിതിയിലേയ്ക്കു് ഭൂമിയെ
എത്തിയ്ക്കുകയെന്നു് നമ്മുക്കു് കൃത്യമായി പറയാനാവില്ലെന്നാണു് ശാസ്ത്രം
പറയുന്നതു്. ഈ ഊഷ്മീകരണത്തിന്റെ പ്രത്യാഘാതം കൃത്യമായി പ്രവചിയ്ക്കാനാവശ്യമായ വിവരം
ഇപ്പോഴും നമുക്കില്ലെന്നാണു് ശാസ്ത്രലോകത്തിലെ ഭൂരിപക്ഷം അഭിപ്രായവും. ഇതു പറഞ്ഞതു്
അമേരിയ്ക്കയുടെ ഔദ്യോഗിക കാലാവസ്ഥാപ്രതിനിധിയാണു്.
പക്ഷേ ബാക്കിയെല്ലാവര്‍ക്കും (പ്രകൃതിസംരക്ഷകര്‍, സാമ്പത്തിക
വിദഗ്ദ്ധര്‍, ഇന്‍ഷുറന്‍സു് വമ്പന്‍മാര്‍ തുടങ്ങിയവര്‍) ഇതിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ചു വേണ്ടത്ര അറിവുണ്ടു്. അധഃകൃതരാജ്യങ്ങളില്‍ പടര്‍ന്നു
പിടിയ്ക്കുന്ന മലേറിയ, ഡയേറിയ, ഡെങ്കിപനി മുതലായ പകര്‍ച്ച വ്യാധികള്‍ കൊന്നൊടുക്കിയ
ദശലക്ഷക്കണക്കായ കുട്ടികളെക്കുറിച്ചും വരാനിരിയ്ക്കുന്ന അത്തരം
ദുരന്തങ്ങളെക്കുറിച്ചും, യാതൊരു ഇടതുപക്ഷചായ്‌വുമില്ലാത്ത വേള്‍ഡുബാങ്കു തന്നെ
മുന്നറിയിപ്പു നല്‍കുന്നു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനു ഇപ്പോഴുള്ള ഏകദേശ
ചെലവായ 70 ബില്ല്യന്‍ ഡോളറില്‍ നിന്നും, അടുത്ത ഒരു ദശകത്തിനുള്ളില്‍ ഉയരുന്ന
താപനിലയുടെ ദുരന്തങ്ങള്‍ നേരിടാന്‍ വര്‍ഷം 150 ബില്ല്യന്‍ പോലും മതിയാവില്ലെന്നാണു്
ഇന്‍ഷുറന്‍സു് ഭീമനായ സ്വിസ്സു് റേ പഠനങ്ങളെ അടിസ്ഥാനമാക്കി ചൂണ്ടിക്കാട്ടുന്നതു്.
സമുദ്രജലനിരപ്പു് കേവലം മൂന്നടി ഉയര്‍ന്നാല്‍ തന്നെ ഭൂനിരപ്പു താഴ്ന്ന
രാജ്യങ്ങളില്‍ അതു നൂറ്റമ്പതു ദശലക്ഷത്തോളം അഭയാര്‍ത്ഥികളെ സൃഷ്ടിയ്ക്കുമെന്നാണു്
വിവിധ പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നതു്.
കഴിഞ്ഞ മൂവായിരം കൊല്ലത്തിനിടയ്ക്കു കാണപ്പെടാത്തത്ര
ഉയര്‍ച്ചയാണു്, സമുദ്രജലനിരപ്പില്‍ കഴിഞ്ഞ നൂറു കൊല്ലത്തിനിടയ്ക്കു കണ്ടുവരുന്നതു്.
ശരാശരി സമുദ്രജലനിരപ്പില്‍ എട്ടിഞ്ചോളം ഉയര്‍ച്ചയുണ്ടായി, ഇനിയും കൂടുതല്‍
വേഗത്തില്‍ ഉയര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. സുനാമിയുടെ അവതാരം പോലെ ഇതു
ക്ഷിപ്രകോപിയല്ല എന്നു മാത്രം, എന്നാല്‍ ഇതു കുടിയൊഴിപ്പിയ്ക്കാന്‍ പോകുന്നതെത്ര
പേരെ, കാര്‍ന്നു തിന്നാന്‍ പോകുന്നതെത്ര ഭൂമി, എന്നെല്ലാം തിട്ടപ്പെടുത്തുക
അസാദ്ധ്യവും.

ഇതും ആരെഴുത്യേതാ?

അകലെ, നീലച്ച കടലിനക്കരെപ്പിറന്ന ദേവന്മാര്‍
നിങ്ങള്‍,
മുടിഞ്ഞൊരീമണ്ണില്‍പ്പിറന്നു തെണ്ടുന്ന മുടന്തന്‍
പട്ടികള്‍ ഞങ്ങള്‍.
ഇതും ആരെഴുത്യേതാ?

ഒരു ചെടി നടൂ

ഒരു ചെടി നടൂ
ലോകത്തിന്റെ ഏതോ ഭാഗത്തു നിന്നു വീണു കിട്ടിയ
ചിത്രമാണു്, എന്റെ മനസ്സു കുളിര്‍പ്പിച്ചതിനാല്‍ ഇതിനിവിടെയും ഒരു സ്ഥാനം
കൊടുത്തു.

ഇതെഴുത്യേതാരാ?

ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു.
ഇതെഴുത്യേതാരാ?

ആരെടാ ഇവര്‍? ബ്ലോഗര്‍!

ഒരാള്‍ കാലന്റെ വല്ല്യ കൂട്ടാ.
മൂപ്പരുടെ വരവും പോക്കും സങ്കടങ്ങളും എല്ലാം സ്വന്തം സങ്കടങ്ങളാ!
മറ്റൊരാളുണ്ടു്, കാലന്‍ ജീവനെടുത്തു
പോയിട്ടും കൂടെ പോകാതെ വീണ്ടും ബ്ലോഗാനിരിയ്ക്ക്യാ.
നിത്യസത്യമെങ്കിലും മരണത്തെ തന്നെ
ഓര്‍മ്മിപ്പിച്ചു കൊണ്ടു് ബ്ലോഗുന്ന ഇവരെ കാണുമ്പോള്‍ എനിയ്ക്കു പേടി തോന്നുന്നു.
ആരെടാ ഇവര്‍?

കുരങ്ങന്‍ കൈയ്യിലെടുത്ത പൂമാല

കുരങ്ങന്‍ കൈയ്യിലെടുത്ത പൂമാലയായി ഭാരതീയ
ജനാധിപത്യം.
അമ്പതു വര്‍ഷം കൊണ്ടതിന്റെ ഇതളുകളും
മൊട്ടുകളും പറിച്ചെറിഞ്ഞു്, ചേറിലിട്ടിഴച്ചു്, ചവിട്ടിയരച്ചു്, പച്ചചാണകത്തിലാണ്ടു
കിടന്നേടത്തൂന്നു വലിച്ചെടുത്ത കൊലക്കയര്‍ പോലെ, കഴുത്തില്‍ ചുറ്റിയിട്ടു്,
മപ്പടിച്ചാര്‍ത്തു നില്‍ക്കുകയാണു്, ആധുനിക ഭാരതം, ദുര്‍ഗന്ധപൂരിതം!
ഒരുല്‍കൃഷ്ട മാനവസന്തതിയെ ഇപ്രകാരം
കൊലചെയ്തതിന്‍ ശവം തോളിലലങ്കാരമായേറ്റി, പരിഹാസാട്ടഹാസമോടെ ചുറ്റി നടക്കുന്നു
ഭാരതമെന്ന മര്‍ക്കടന്‍.