ശബരിമല – ആചാരങ്ങളും വിശ്വാസങ്ങളും

ഒരുപാട് ആചാരങ്ങൾ നശിച്ചുപോയിട്ടുണ്ട്. അതിനാലൊന്നും ദൈവവിശ്വാസം തളർന്നിട്ടില്ല, കൂടിയിട്ടേയുള്ളൂ. ആചാരങ്ങൾ അതാതു കാലത്തെ ജീവിതാവസ്ഥകൾക്കനുസരിച്ച് രൂപീകരിച്ചവയാണ്. അവ അനന്തകാലം നിലനില്ക്കാനുള്ളതല്ല. മാറിവരുന്ന ലോകക്രമത്തിനനുസരിച്ച് ആചാരങ്ങൾ മാറ്റിയെഴുതപ്പെടും.

വേദകാലം മുതൽ ഭാരതത്തിലെ ജനപഥങ്ങൾ ആചരിക്കുകയും ഉപേക്ഷിയ്ക്കുകയും ചെയ്ത എത്രയെത്ര അനുഷ്ഠാനങ്ങൾ പുരാണങ്ങളിലും മറ്റും നമുക്കു കാണാം. രാമായണവും മഹാഭാരതവും മറ്റു പുരാണങ്ങളും എടുത്തു നോക്കിയാൽ, ഇന്ന് എവിടെയും കാണാത്ത ഒരുപാടു ആചാരങ്ങൾ നമുക്ക് കാണാം. അതെല്ലാം അക്കാലങ്ങളിൽ നിലനിന്നവയും പിന്നീട് കാലചക്രത്തിന്റെ തിരിച്ചിലിൽ നശിച്ചുപോയവയും ആണ്.

ആചാരങ്ങളാണ് ആത്മീയതയും ദൈവവിശ്വാസവും എന്ന തെറ്റായ ധാരണ ഉറച്ചുപോയതിനാലാണ്, ഇന്നത്തെ മാറ്റങ്ങൾ ഉൾക്കാള്ളാനാകാത്തത്. ആത്യന്തികമായി വിശ്വാസമാണ് നിലനില്ക്കുക. ആചാരങ്ങളല്ല.