മന്തുകാലന്‍

ഇപ്പോഴെന്തൊരാശ്വാസം. വലതുകാലിലിരുന്ന എന്റെ മന്തു് ഇപ്പോ ഇടതുകാലിലേയ്ക്കു മാറ്റിക്കിട്ടിയപ്പോ, സത്യമായിട്ടും എന്തൊരാശ്വാസം.

Advertisements

അപ്പകഷണം പങ്കുവയ്ക്കാന്‍ ഇത്രയും കാലതാമസമോ?

ആരവിടെ!!!!

അധികാരത്തിന്റെ അപ്പകഷണം പങ്കുവയ്ക്കാന്‍ ഇത്രയും കാലതാമസമോ????????

സഞ്ചാരം കഴിഞ്ഞു

ഒരു മാസത്തെ സഞ്ചാരോം കഴിഞ്ഞു് മുതലാളി ഇന്നു് തിരിച്ചെത്തി. ഇതോടെ എന്റെ ബൂലോഗസഞ്ചാരവും കഴിഞ്ഞു് ഞാനും തിരിച്ചെത്തേണ്ടിയിരിക്കുന്നു. വേഗം ചെല്ലട്ടെ, എന്തൊക്കെ പൊല്ലാപ്പാണാവോ പുള്ളി വന്നപടി ഉണ്ടാക്കാന്‍ പോണതു്.

എന്തുകൊണ്ടു് പട്ടിണി വിജയിക്കുന്നു?

സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പരമപ്രധാനലക്ഷ്യം അടിത്തട്ടില്‍ കഴിയുന്ന ജനകോടികളെ പട്ടിണിയില്‍ നിന്നു കരകയറ്റലാണെന്നാണു് ഞാനിത്രയും കാലം വിശ്വസിച്ചിരുന്നതു്. ജീവിതത്തില്‍ സമത്വം ഉറപ്പുവരുത്തുന്ന തത്ത്വശാസ്ത്രങ്ങള്‍, അങ്ങിനെയാണു ഞാന്‍ ധരിച്ചിരുന്നതു്. അതു തന്നെയായിരുന്നോ, അല്ലെങ്കില്‍ ഇപ്പോഴും അതു തന്നെയാണോ എന്നൊന്നും എനിയ്ക്കിതു വരെ അറിയില്ല എന്നതു് എന്റെ അറിവില്ലായ്മ തന്നെ.

സമത്വസുന്ദരമായ ലോകം എന്ന വിശ്വസം കാരണം തന്നെ സ്ക്കൂളിലും പ്രീഡിഗ്രിയിലും കയിലുകുത്തിനടക്കുമ്പോള്‍ എസ്എഫ്ഐയും എഐഎസ്എഫും നടത്തിയ പല സമരങ്ങളിലും മുദ്രാവാക്യങ്ങളേറ്റു വിളിച്ചു് കൂടെ നിരയൊപ്പിച്ചു നടന്നിട്ടുണ്ടു്. തത്ത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മനസ്സിലാക്കാതെ നല്ലൊരു നാളെയ്ക്കു വേണ്ടി മാത്രം, ആത്മാര്‍ത്ഥമായി.

സോഷ്യലിസ്റ്റുക്രമം വരിച്ച പല രാഷ്ട്രങ്ങളും പിന്നീടതുപേക്ഷിക്കാന്‍ എന്താണു കാരണം എന്നും എനിയ്ക്കറിയില്ല. അസ്വാതന്ത്ര്യമാണോ പട്ടിണിയാണോ ജനങ്ങള്‍ക്കിഷ്ടം, ഏതു തിരഞ്ഞെടുക്കണം എന്നൊരു പ്രതിസന്ധി അവര്‍ നേരിട്ടിരുന്നുവോ? അങ്ങനെയൊരവസ്ഥയില്‍ അവര്‍ സോഷ്യലിസത്തേക്കാള്‍ നല്ലതു് പട്ടിണിയാണെന്നു തീരുമാനിച്ചുവോ? ഈ വക കാര്യങ്ങള്‍ എന്നും എന്ന അമ്പരപ്പിക്കുന്നു, പിന്നെ ചിന്തിയ്ക്കന്‍ സമയമില്ലാത്തതിനാല്‍ അതൊരു പ്രശ്നമാവാറില്ലെന്നു മാത്രം.

പട്ടിണി വേണോ, അതോ അസ്വാതന്ത്ര്യം വേണോ എന്നു ചോദിച്ചാല്‍, പട്ടിണി കിടന്നും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഒരു രാഷ്ട്രത്തിലെ പിന്മുറക്കാരനായ ഞാനും മറുത്തൊന്നു ചിന്തിക്കാതെ പറയും സ്വാതന്ത്ര്യം മതിയെന്നു്. പക്ഷേ, ജനകോടികള്‍ ആഫ്രിക്കയിലും മറ്റും ഓന്തിനെ ചുട്ടുതിന്നും, കുത്തക ഫുഡ്പ്രൊസസിങ് കമ്പനികള്‍ കയറ്റുമതി ചെയ്തതില്‍ നിന്നും ബാക്കിയായ മീന്‍തലകള്‍ ചുട്ടുതിന്നും വിശപ്പടക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, അവരോടീ ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? വിശപ്പിന്റെ കാളല്‍ വയറ്റില്‍ ചുഴറ്റിയടിക്കുമ്പോള്‍ ഏതു തത്ത്വശാസ്ത്രമായിരിക്കും അവര്‍ തിരഞ്ഞെടുക്കുന്നതു്?

ആഫ്രിക്കയിലും കമ്മ്യൂണിസ്റ്റു-സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടോ? എന്താണവിടെ അവരുടെ ലക്ഷ്യങ്ങള്‍?

വിവാഹമംഗളാശംസകള്‍, കലേഷിനും റീമയ്ക്കും

വിവാഹമംഗളാശംസകള്‍, നേരുന്നു

നിങ്ങള്‍ക്കു കൂട്ടുകാരായ് കൂട്ടുവരുവാനാകുകില്ലെങ്കിലും

നിറഞ്ഞ സൌഹൃദവലയത്തില്‍ നിങ്ങളുടെ

താലിചാര്‍ത്തല്‍ വായ്ക്കുരവകളുടെ ആഹ്ലാദാരവത്താല്‍

സമ്പന്നമാകട്ടെയെന്നാശംസിയ്ക്കുന്നു.

ജീവിതം സ്നേഹസമ്പല്‍സമൃദ്ധമാകട്ടെയെന്നാശംസിയ്ക്കുന്നു.

കെവിനും സിജിയും

എന്നാവും നമ്മളും മോഡേണാവുക?

ടെക്നോളജി കുതിച്ചു ചാടി, ഇപ്പോള്‍ വമ്പന്‍ ബാങ്കിടപാടുകള്‍ വരെ ജനങ്ങള്‍ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ വഴിയും സാധിക്കുന്നു. എന്തുകൊണ്ടു് പൊതുതിരഞ്ഞെടുപ്പിനും ഈ ടെക്നോളജി ഉപയോഗിച്ചു കൂടാ?

ഏതൊരു പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൌരനും ലോകത്തെവിടെയിരുന്നും അവന്റെ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ഇതു മൂലം സാധിക്കും.

തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ യൂസര്‍ ഐഡിയായും, പിന്നെ ബാങ്കുകള്‍ നല്‍കുന്ന പോലെ പാസു്വേഡും നല്‍കിയാല്‍ ആര്‍ക്കും ബൂത്തുപിടിക്കാനോ, കള്ളവോട്ടു ചെയ്യാനോ, എതിര്‍പാര്‍ട്ടിയില്‍പെട്ട ജനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒന്നിനു രണ്ടായിരം രൂപ എന്ന നിരക്കില്‍ മൊത്തമായി വിലയ്ക്കു വാങ്ങിച്ചു വോട്ടുകള്‍ മുക്കാനോ ആവില്ല. ആര്‍ക്കും ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും വോട്ടു ചെയ്യാം. ഇന്റര്‍നെറ്റില്ലാത്തവര്‍ക്കായി നെറ്റുവര്‍ക്കുമായി കണക്ടു ചെയ്ത വോട്ടിങ്ങ് യന്ത്രങ്ങള്‍ (ബാങ്കുകളുടെ എടിയെമ്മുകള്‍ പോലെ), ഇപ്പോഴത്തെ പോലെ തന്നെ വോട്ടിങ്ങ് ബൂത്തായി ഉപയോഗിക്കാം.

എന്നാവും നമ്മളും മോഡേണാവുക?