രംഗബോധമില്ലാത്ത കോമാളിയല്ല മരണം, ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍

കിംവദന്തികളില്‍ മരണസംഖ്യ മുപ്പതു് വരെയെത്തിയെങ്കിലും ഔദ്യോഗികകണക്കു് പ്രകാരം പതിനാറു പേരാണു് ജീവന്‍ വെടിഞ്ഞതു്.

  • രംഗബോധമില്ലാത്ത കോമാളിയല്ല, മരണം. ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍.

മനുഷ്യകച്ചവടത്തിന്റെ ഭീകരമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഈ കോമാളിയ്ക്കു കഴിഞ്ഞു. ഏഷ്യയില്‍ നിന്നു് കച്ചവടം ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു മനുഷ്യജീവികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം അധികാരികളുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ ദുരന്തത്തിനു കഴിഞ്ഞു. ബഹ്രൈന്‍ പ്രധാനമന്ത്രി സ്ഥലത്തെത്തി രാജ്യത്തുള്ള എല്ലാ ലേബര്‍ക്യാമ്പുകളിലും നടക്കുന്ന മനുഷ്യത്വരാഹിത്യത്തെ കുറിച്ചു് അന്വേഷിയ്ക്കാന്‍ ഉത്തരവിട്ടു കഴിഞ്ഞു.

ഒരു ലക്ഷത്തിനു മുകളിലാണു് ഇന്നു് ഒരു മനുഷ്യനെ ബഹ്രൈനിലെത്തിച്ചാല്‍ കിട്ടുന്നതു്. ഈ തുക രണ്ടോ മൂന്നോ പേരുടെ കൈകളിലാണെത്തുന്നതു്. ഒന്നു് നാട്ടിലുള്ള ഇടനിലക്കാരന്‍, മറ്റൊന്നു് ഇവിടെയുള്ള ഇടനിലക്കാരന്‍, പിന്നൊന്നു് അറബി. ഇവര്‍ക്കു് ഈ പൈസ കൊടുക്കുന്നതു്, എന്നെ എങ്ങിനെയെങ്കിലുമൊന്നു് വിറ്റു കാശാക്കൂ എന്നു കേഴുന്ന ദരിദ്രകോടികള്‍ തന്നെ.

  • സപ്ലൈ കമ്പനിയെന്നതു്, അടിമക്കച്ചവടത്തിന്റെ മറ്റൊരു പേരു്.

ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കൊടുത്തു് ഇവിടെ വന്നിറങ്ങുന്ന തൊഴിലാളികളെ മറ്റു കമ്പനികള്‍ക്കു് മണിക്കൂര്‍ കണക്കിനു് വിറ്റു കിട്ടുന്ന കാശു കൊണ്ടു് തടിച്ചു കൊഴുത്ത മലയാളികളടക്കുമുള്ള സപ്ലൈ മുതലാളിമാര്‍ ഇവിടെ ഒരു വമ്പന്‍ റാക്കറ്റാണു്. ഒരുദാഹരണം (സിജി ഇന്നു് പറഞ്ഞതു്): അവള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ക്ലീനറായി ഒരു മലയാളി പയ്യനെ ഒരു സപ്ലൈ കമ്പനിയില്‍ നിന്നു് എടുത്തിട്ടുണ്ടു്. അവനു വേണ്ടി സിജി ജോലി ചെയ്യുന്ന ഓഫീസു് സപ്ലൈ കമ്പനിയ്ക്കു കൊടുക്കുന്നതു് മാസം 180 ദിനാറാണു് (22500 രൂപ). കാലത്തു് 9 മണി മുതല്‍ വൈകീട്ടു് 5 മണിവരെയാണു് ജോലി സമയം. ഈ പയ്യന്റെ മൊത്തം ജോലി സമയം 12 മണിക്കൂറാണു്. കാലത്തു് 4 മണിയ്ക്കെണീക്കണം, യാത്രാസമയം കഴിഞ്ഞു് 5 മണി മുതല്‍ ഒരു ഇരുമ്പുരുക്കു് കമ്പനിയില്‍ തലേദിവസത്തെ ഇരുമ്പു പൊടി നീക്കി നിലം വൃത്തിയാക്കലാണു് ജോലി. അതു് രണ്ടു മണിക്കൂറു കൊണ്ടു തീരും. പിന്നെ 9 മണിക്കു് സിജിയുടെ ഓഫീസിലെത്തും, 5 മണിക്കു് അവിടം വിട്ടാല്‍ ചിലപ്പോള്‍ മാത്രം വേറെ എവിടെയെങ്കിലും ജോലി കാണും. ഈ ജോലിയുടെയൊന്നും കൂലി അവനു നേരിട്ടു കിട്ടില്ല. അവനു പരമാവധി സപ്ലൈ കമ്പനിയില്‍ നിന്നു അധികജോലിയുടേതടക്കം കിട്ടുന്ന ശമ്പളം 80 ദിനാറാണു് (10000 രൂപ).

ഇരുപതിനായിരവും മുപ്പതിനായിരവും മറ്റും ശമ്പളം പറഞ്ഞു മോഹിപ്പിച്ചു ഇറക്കുമതി ചെയ്യുന്ന ഈ അടിമകളെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണു് ചില നാടന്‍ ഗള്‍ഫ് പ്രഭുക്കള്‍ നാട്ടില്‍ കണ്ടാല്‍ കണ്ണുതള്ളുന്ന കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതു്.

  • താമസിക്കാന്‍ തൊഴുത്തുകള്‍, ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

ആയിരവും രണ്ടായിരവും അടിമകളുള്ള സപ്ലൈകമ്പനികള്‍ അവരുടെ അടിമകളെ താമസിപ്പിക്കാന്‍ മരുഭൂമിയില്‍ വേലി വളച്ചു കെട്ടി രണ്ടായിരം കുറ്റികളടിച്ചേനെ – കെട്ടിയിടാന്‍, നീളത്തില്‍ തൊട്ടികള്‍ പണിതേനെ – തീറ്റയും വെള്ളവും കൊടുക്കാന്‍, ചൂടില്‍ അവര്‍ ചത്തുപോകില്ലായിരുന്നുവെങ്കില്‍. അത്രയും കണ്ണില്‍ ചോരയില്ലാത്ത ലാഭക്കൊതിയന്മാരാണു് ഈ കച്ചവടങ്ങള്‍ നടത്തുന്നതു്.

ഉറങ്ങുന്ന നേരമെങ്കിലും ഏസിയില്‍ കിടന്നില്ലെങ്കില്‍ ഇവിടെ മനുഷ്യര്‍ മരിച്ചു പോകും. അതിനാല്‍ എവിടെയെങ്കിലും പഴയ കെട്ടിടങ്ങള്‍ ചുളുവിനെടുത്തു് പത്തു മുറിയുണ്ടെങ്കില്‍ 200-300 പേരെ അതിനകത്തു് ഞെക്കിതിരുകും. നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികളില്‍ ഇരുപതു് മനുഷ്യര്‍ കിടക്കുന്നു എന്നതു് അതിശയോക്തി പറയുന്നതല്ല, സത്യമാണു്. അവിടെ താമസിക്കുന്നതു് മനുഷ്യരല്ല, അടിമകളാണു്. സ്വാതന്ത്ര്യബോധം അല്ലെങ്കില്‍ അഭിമാനം, ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ദുരഭിമാനത്തിനും മുന്നില്‍ മരിച്ചുവീഴുന്ന അവസ്ഥയാണു് സപ്ലൈതൊഴിലാളിയായിട്ടുള്ള ജീവിതം.

ഒരു ഇടത്തരം മാന്യമായ രീതിയില്‍ ഇവിടെ താമസിയ്ക്കണമെങ്കില്‍ മുറിവാടക 50-60 ദിനാറു വരെയാകും. ഒരു മുറി നാലാളു കൂടി പങ്കുവെച്ചാല്‍, കിട്ടുന്ന 80-100 ദിനാര്‍ ശമ്പളത്തില്‍ നിന്നു് ഭക്ഷണചെലവും കഴിച്ചു് 5000 രൂപയെങ്കിലും മാസം നാട്ടിലയയ്ക്കാനാകും. കമ്പനിവക താമസമാകുമ്പോള്‍ ഇത്തരം ഒരു മുറിയില്‍ കമ്പനി 15-20 ആളെയെങ്കിലും കുത്തിത്തിരുകും. ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

  • പോത്തുകളെ കൊണ്ടുവരുന്ന പാണ്ടിലോറികളോ?

സപ്ലൈകമ്പനികള്‍ തൊഴിലാളികളെ ജോലിസ്ഥലങ്ങളിലെത്തിയ്ക്കുന്നതു് പാണ്ടിലോറികള്‍ തമിഴ്നാട്ടില്‍ നിന്നു് പോത്തുകളെ അറക്കാന്‍ കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. വെയിലിന്റെ ചൂടിനു മാത്രം കുറച്ചു കാഠിന്യമേറുമെന്നു മാത്രം. രണ്ടു വശത്തും കമ്പിയഴികളടിച്ച തുറന്ന ലോറികളിലാണു് ഈ മനുഷ്യരെ തെരുവുകളിലൂടെ അടിമത്തത്തിന്റെ ഘോഷയാത്രയായി കൊണ്ടുപോകുന്നതു്. വെന്തു പോകുന്ന ചുടുകാറ്റും വെയിലുമേറ്റു് ദിവസവും രണ്ടുനേരമുള്ള ഒരു നരകയാത്ര (തണുപ്പുകാലമാണെങ്കില്‍ ഇതിന്റെ നേര്‍വിപരീതമായ ദുരിതം), എല്ലാം നാട്ടിലെ സ്വന്തം കുടുംബത്തിനും ഭാവിയ്ക്കും വേണ്ടിയുള്ള യാതന.

  • ഇപ്പോള്‍ ഒരു പ്രതീക്ഷ

രാജ്യത്തിന്റെ പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി, രാജ്യം മുഴുവനുമുള്ള ഇത്തരം അടിമത്താവളങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു നടപടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ സന്നിഹിതരായിരിക്കെ ഉത്തരവിട്ടിട്ടുണ്ടു്. കൃത്യവിലോപം കൂടാതെ അറബി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിനിര്‍വ്വഹിച്ചാല്‍, ഗതികേടുകൊണ്ടു് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട ഈ ഹതഭാഗ്യരുടെ ജീവിതം കുറച്ചു മെച്ചപ്പെടുമെന്നു് പ്രതീക്ഷിയ്ക്കാം.

പതിനാറു ജീവനെടുത്ത ഈ അപകടം യഥാര്‍ത്ഥത്തില്‍ കണ്ണുതുറപ്പിയ്ക്കേണ്ട ചിലരുടെ കണ്ണുകള്‍ എന്നാണാവോ ഇനി തുറക്കുക. നമ്മുടെ ഭരണാധികാരികള്‍ ഗള്‍ഫ് പണത്തിന്റെ സമാഹരണത്തിനും ഗള്‍ഫുകാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി പദ്ധതികളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, കച്ചവടം ചെയ്യപ്പെടുന്ന മനുഷ്യരെ കുറിച്ചു് അവരൊന്നും പറയുന്നതു് കേള്‍ക്കാറില്ല. ആധുനികയുഗത്തിലെ അടിമകച്ചവടത്തിനെതിരെ ഏതെങ്കിലും ഒരു ഭരണാധികാരിയോ നയതന്ത്രഉദ്യോഗസ്ഥരോ എന്തെങ്കിലും നടപടിയോ മറ്റോ എടുത്തതായി ഒരു കേട്ടുകേള്‍വിയും ഇല്ല. എന്നെങ്കിലും ഇവരുടെയും കണ്ണുകള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ തുറക്കുമെന്നു നമ്മള്‍ക്കു പ്രതീക്ഷിയ്ക്കാം.

Advertisements

ബഹ്രൈന്‍ ദുരന്തം, മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

ഇപ്പോള്‍ കിട്ടിയ വിവരം:

മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

മൂന്നു നില കെട്ടിടം, മേലേയ്ക്കു മേലെ മൂന്നും നാലും കട്ടിലുകള്‍ അട്ടിയിട്ടു് ഒറ്റ മുറിയില്‍ മുപ്പതു് തൊഴിലാളികളെ വരെ താമസിപ്പിച്ചിരുന്നു. അങ്ങിനെയുള്ള മുറികളിലൊന്നിന്റെ ഏസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചു് തീപിടിച്ചുവെന്നാണു് അറിവു്, എത്രത്തോളം ശരിയാണെന്നറിയില്ല. ആ മൂന്നു നില കെട്ടിടത്തില്‍ 300-ല്‍ കൂടുതല്‍ ആളുകളുണ്ടെന്നാണു് സ്ഥലവാസികള്‍ പറയുന്നതു്.

തമിഴ്നാട്ടിലെ കടലൂര്‍ സ്ഥലവാസികളാണു് കൂടുതലും ആ മുറിയില്‍ ഉണ്ടായിരുന്നതെന്നാണു് കേള്‍വി. റോയല്‍ ടവേര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ജോലിക്കാരാണു് ആ കെട്ടിടത്തിലെ താമസക്കാര്‍ എന്നു് കേള്‍ക്കുന്നു.

ഒരു മുറിയില്‍ മുപ്പതുപേര്‍ എന്നതു് സങ്കല്‍പിക്കാന്‍ വിഷമമുണ്ടെങ്കില്‍, തമിഴ്നാട്ടില്‍ നിന്നു കോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറികളെ ഓര്‍ത്താല്‍ മതി. ചെറിയ ചെറിയ കോഴിക്കൂടുകള്‍ അടുക്കിവച്ചതുപോലെ തന്നെയാണിതും. ജോലിതേടി ഗള്‍ഫില്‍ പോകുമ്പോള്‍ ഫുഡ് ആന്റ് അക്കമഡേഷന്‍ വലിയ കാര്യം തന്നെയാണു്. പക്ഷേ അതു് ഉഴവുകാളകള്‍ക്കുള്ള തൊഴുത്തുപോലെയേ കമ്പനികള്‍ കണക്കാക്കിയിട്ടുള്ളൂവെന്നു് ആരറിയുന്നു, തൊഴിലാളികളെ വെറും ഭാരംചുമക്കാന്‍ മാത്രമുള്ള കഴുതകളായും.

ബഹ്രൈനില്‍ കരിഞ്ഞുപോയ പതിനാറു ജീവിതങ്ങള്‍.

കാലത്തു് ഏഷ്യാനെറ്റ് വാര്‍ത്തയിലാണു് കണ്ടതു്. ചീപ്പടക്കി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ലേബര്‍ക്യാമ്പുകളിലൊന്നില്‍ തീപ്പിടുത്തമുണ്ടായെന്നു്. പതിനാറു പേര്‍ ശ്വാസം മുട്ടി മരിയ്ക്കുകയാണുണ്ടായതെന്നു് കേള്‍ക്കുന്നു. കോഴിക്കൂടു പോലെ തിങ്ങിനിറഞ്ഞ മുറികളില്‍ ശ്വാസംമുട്ടി ജീവിയ്ക്കുന്നതിനിടയില്‍ വന്നു ചേര്‍ന്ന ദുര്യോഗം.

എയ്ഡഡില്‍ പിയെസ്സി വഴി നിയമനം

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ പിയെസ്സി വഴി നിയമനം നടത്തും എന്ന പ്രഖ്യാപനം അല്ലെങ്കില്‍ വാഗ്ദാനം, അല്ലെങ്കില്‍ സ്വപ്നം ഞാന്‍ സ്വാഗതം ചെയ്യുന്നു. പഠിപ്പിക്കാനുള്ള യോഗ്യത, എവിടുന്നോ എങ്ങിനെയോ സംഘടിപ്പിച്ച ഒരു സര്‍ട്ടിഫിക്കറ്റും ചോദിയ്ക്കുന്നത്ര കൊടുക്കാനുള്ള സമ്പത്തും മാത്രമാകുമ്പോള്‍ നമ്മുടെ നാടിന്റെ ഭാവിമുകുളങ്ങളുടെ പഠനം എത്രമാത്രം സമ്പന്നമാകും എന്നു നമുക്കൂഹിക്കാമല്ലോ. ഗവണ്‍മെന്റച്ചടിച്ച പാഠപുസ്തകങ്ങളിലെ വരികള്‍ വിട്ടു് വായന പുറത്തേയ്ക്കു പോകാത്ത അദ്ധ്യാപകരാണു് ഇന്നു് വിദ്യവിളമ്പുന്നതു്.

അവരെയും അടച്ചു കുറ്റം പറയാന്‍ പറ്റില്ല. ജീവിയ്ക്കാനുള്ള തത്രപ്പാടില്‍ മുന്നില്‍ കാണുന്ന ന്യായമായ ഏതു വഴി സ്വീകരിയ്ക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടു്. ഞാന്‍ സ്വന്തം നാടും വീടും വിട്ടു് മരുഭൂമിയില്‍ വന്നതും ഇവിടെയിരുന്നു് നൊസ്റ്റാള്‍ജിയ കാണിക്കുന്നതും ഒരുപാടു പണമുണ്ടാക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ ഒരുപാടൊന്നും ഉണ്ടാക്കാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെ നാലും അഞ്ചും ലക്ഷങ്ങള്‍ ചെലവാക്കി സ്ക്കൂളില്‍ അദ്ധ്യാപകരാവുന്നതും വലിയ തെറ്റായി നമ്മള്‍ കാണരുതു്.

എന്നാലും…..

ഇല്ലാത്തവര്‍ക്കു് സൌജന്യങ്ങള്‍

ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.

ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ സര്‍ക്കാരില്‍ പണം കുന്നുകൂടണം. അങ്ങിനെയൊന്നും വിദ്യാഭ്യാസം സൌജന്യമായി നല്‍കാന്‍ ഭരണകൂടത്തിനു കഴിയാത്ത രാജ്യത്തു്, ആ ജോലി ചെയ്യാന്‍ അതില്‍ മിടുക്കുള്ളവരെ തന്നെ ഏല്പിക്കണം. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിശ്ചയിക്കാന്‍ ഏതു രാജ്യത്തും ഭരണകൂടത്തിനു് അധികാരമുണ്ടു്. ആ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടവും തയ്യാറാകണം. പ്രതിഫലം വാങ്ങി വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കൊടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല ഭരണകൂടത്തിനാണു്, അതില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ പിടിച്ചകത്തിടേണ്ട ചുമതല നല്ലവണ്ണം നിര്‍വ്വഹിക്കേണ്ടതിനു പകരം നിങ്ങളങ്ങനെ കച്ചവടം ചെയ്യുന്നതൊന്നു കാണട്ടേയെന്നു പറഞ്ഞു വെല്ലുവിളിക്കുന്ന ഭരണപാപ്പരത്തമാണു്, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമെന്ന പേരില്‍ sfi എസ് എഫ് ഐ അവതരിപ്പിച്ചത്.

ഒരു വശത്തു് എത്ര കൊടുത്തിട്ടായാലും പഠിക്കാന്‍ തയ്യാറെന്നും പറഞ്ഞു് പണക്കാര്‍. മറുവശത്തു് ഞങ്ങളുടെ കൈയില്‍ പണമില്ല, ഞങ്ങള്‍ക്കു് പതിനായിരങ്ങള്‍ ചിലവാക്കി പഠിക്കാന്‍ കഴിവില്ല എന്നു വിലപിക്കുന്ന ദരിദ്രര്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലൊരേറ്റുമുട്ടലിവിടെ നടക്കുന്നുണ്ടോ. രണ്ടു കൂട്ടരുടേയും പേരില്‍ വേറെ ചിലര്‍ നാടകമാടുകയല്ലേ ചെയ്യുന്നതു്? സ്വന്തം നിലനില്പിനു വേണ്ടിയുള്ള അവരുടെ നാടകങ്ങള്‍ക്കിടയില്‍ ശരിയായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളെ കുറിച്ചിവിടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലാത്തവര്‍ക്കെല്ലാം സൌജന്യമായി നേടിക്കൊടുക്കുന്നതിനാണിവിടെ സമരങ്ങളെല്ലാം. ഇല്ലാത്തവരെ അല്പമെങ്കിലും ഉള്ളവരാക്കുന്നതെങ്ങിനെ എന്നു ചിന്തിക്കാനോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനോ ആര്‍ക്കും ഇവിടെ സമയമില്ല, അങ്ങിനെയൊരു ചിന്തയുമില്ല. ഇല്ലാത്തവരില്ലാതായാല്‍ പിന്നെ കൊടിപിടിക്കാന്‍ മുഴുവനാളെയും വാടകയ്ക്കു വിളിയ്ക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരിയ്ക്കും ഇപ്പോള്‍ നേതാക്കളുടെ മനസ്സിലുള്ളതു്.

കുട്ടിക്കുരങ്ങന്മാരുടെ റൌഡിസം

കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു് ചുടുചോറു വാരിക്കുകയാണോ കമ്മ്യൂണിസ്റ്റ് നേതൃത്വം? ഭരണവും അധികാരവും കൈയിലുള്ളപ്പോള്‍, ഫലപ്രദമായ നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയകോളേജുകളെ നിലയ്ക്കു നിര്‍ത്താമെന്നിരിക്കെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു് കല്ലേറു നടത്തിയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ? നിയമാനുസൃതമല്ലാതെ ഏതു കോളേജുകള്‍ പ്രവര്‍ത്തിച്ചാലും നടപടിയെടുക്കാവുന്ന സര്‍ക്കാരിനു് അതിനുള്ള ത്രാണിയില്ലെന്നു് കരുതിയിട്ടാണോ കുട്ടിരാഷ്ട്രീയക്കാര്‍ നിയമം കൈയിലെടുക്കുന്നതു്?

ഏതായാലും ഞാന്‍ മുമ്പെഴുതിയതു പോലെ ഇതു റൌഡിസത്തിന്റെ ലക്ഷണമാണു്. അണികളുടെ മനസ്സില്‍ വിരോധം വളര്‍ത്തിയെടുത്തു്, മുന്നില്‍ കാണുന്നതെല്ലാം തച്ചു തകര്‍ക്കുന്ന റൌഡിസ്വഭാവം.

കോളേജുകളെ കേരളത്തില്‍ നിന്നടിച്ചോടിച്ചു് ചാണകവെള്ളം തളിച്ചാല്‍, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടു് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും എസ് എഫ് ഐ ചെയ്യുന്നതു്. അതിര്‍ത്തി കടന്നാല്‍, കേരളം വിട്ടാല്‍ ഈ പുലികളെല്ലാം എങ്ങിനെ എലികളാവുന്നുവെന്നതു് ആര്‍ക്കുമറിയില്ല.

വിദ്യാര്‍ത്ഥികളേ, നിങ്ങളിവിടെ പതിനായിരങ്ങള്‍ കൊടുത്തു് പഠിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ തമിഴ്നാട്ടിലോ ബാംഗ്ലൂരോ മണിപ്പാലിലോ പോയി ലക്ഷങ്ങള്‍ കൊടുത്തുപഠിക്കാം.

എന്താടോ നന്നാവാത്തേ?

ഗള്‍ഫ് കൊട്ടാരങ്ങള്‍

ഗള്‍ഫുകാര്‍ താമസിക്കുന്ന കൊട്ടാരമൊന്നിന്റെ ചിത്രമാണു് താഴെ. ഇവരില്‍ നിന്ന് അഞ്ചിരട്ടിയല്ല, പതിനാറിരട്ടി വാങ്ങിയാലും ഭരണവര്‍ഗ്ഗത്തിനിവരോടുള്ള വെറുപ്പു് മാറില്ല, കാരണം പിരിവെടുത്തു ജീവിക്കുന്നവര്‍ക്കെന്നും അദ്ധ്വാനിച്ചു ജീവിക്കുന്നവരോടു് അറപ്പാണല്ലോ.

labacc-1.jpg

ബഹ്രൈന്‍ ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച ചിത്രം, അവിടന്നു് ചൂണ്ടിയതാണു്.

നിങ്ങള്‍ ക്യൂവിലാണു്

നിങ്ങള്‍ ഗള്‍ഫില്‍ വന്നിട്ടു് ഒരുപാടു കാലമായി, പക്ഷേ വളരെ ഉയര്‍ന്ന നിലയില്‍ ജോലിയും ശമ്പളവും എല്ലാം ഉള്ള നിങ്ങളോടു് ഇങ്ങനെ ഒരു ലേബര്‍ അക്കോമഡേഷനില്‍ കുത്തിയിരിക്കാന്‍ പറഞ്ഞു പോയ കമ്പനിശകടത്തിന്റെ തേരാളിയായ ഉറ്റസുഹൃത്തിനെ നിങ്ങള്‍ക്കിപ്പോള്‍ ചവിട്ടിക്കൂട്ടാന്‍ തോന്നുന്നതു് സ്വാഭാവികം.

ഇതൊരു കൊച്ചു മുറി. അകത്തേയ്ക്കുള്ള വാതില്‍ പകുതിയേ തുറക്കുകയുള്ളൂ. അത്രയും സ്ഥലമേ വാതില്‍ തുറക്കുന്നതിലേക്കായി ആ മുറിയില്‍ വകയിരുത്തിയിട്ടുള്ളൂ. ഇരിയ്ക്കുവാനും കിടക്കുവാനും കട്ടിലുകള്‍ ധാരാളം. അടിയില്‍ നാലു്, മേലെ നാലു്, മേലേയ്ക്കുമേലെ അട്ടിയിട്ട കട്ടിലുകളുടെ ‍കാലുകളിലും കൈയുകളിലും തോരണങ്ങള്‍ തൂക്കിയ പോലെ, അലക്കിയതും അലക്കാനുള്ളതുമായ തുണിത്തരങ്ങളും തൂക്കിയിട്ടിരിക്കുന്നു. ഫൂള്‍കൈഷര്‍ട്ടും പാന്റും കൂടിചേര്‍ന്ന നീളന്‍ നീലകളാണു് കൂടുതലും. ഇരിക്കാന്‍ ഒരു കസേരയില്ല, അതിനുള്ള സ്ഥലമില്ലാത്തതു കൊണ്ടാണേ, നിങ്ങള്‍ക്കീ കട്ടിലില്‍ ഇരിക്കാം. മറ്റുള്ള കട്ടിലുകളിലെല്ലാം മുകള്‍നിലയിലും താഴെയുമായി ഓരോരുത്തര്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയുണ്ടു്.

നിങ്ങള്‍ എന്തോ തിരിച്ചറിയാന്‍ പറ്റാത്തൊരു വല്ലായ്മയോടെ പതുക്കെ ഇരിക്കുന്നു. ഈ ഒരു കട്ടില്‍ ഒരാളുടെ സങ്കേതമാണു്, സാമ്രാജ്യമാണു്, സ്വകാര്യമാണു്. അയാള്‍ പണികഴിഞ്ഞു വന്നാല്‍ ഇരുന്നു വിശ്രമിക്കുന്നതും കിടന്നുറങ്ങുന്നതും, ദിവാസ്വപ്നങ്ങള്‍ കാണുന്നതും, ഭാര്യയയച്ച കത്തെടുത്തു് പിന്നെയും പിന്നെയും വായിച്ചു നെടുവീര്‍പ്പിടുന്നതും എല്ലാം ഈ ഒരു കട്ടിലില്‍ കിടന്നാണു്. സ്വപ്നങ്ങളുടെ ഭാണ്ഡം താങ്ങി തളരുമ്പോള്‍ ഇറക്കിവയ്ക്കാനുള്ള ആ കട്ടിലില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്കു് തീര്‍ച്ചയായും ഒരു വല്ലായ്മ തോന്നും. പക്ഷേ വേറെ വഴിയില്ലാത്തതു കൊണ്ട് നിങ്ങളിരിക്കുന്നു. കുറച്ചു പേരെ പരിചയപ്പെടാമെന്ന ഉദ്ദ്യേശത്തോടെയാണല്ലോ നിങ്ങള്‍ വന്നതു്.

സ്വഭാവികമായി നിങ്ങള്‍ ആ കുടുസ്സുമുറിയിലെ ജനനിബിഢമായ അന്തരീക്ഷത്തോടു് പെട്ടെന്നു തന്നെ ഇണങ്ങുന്നു, കാരണം നിങ്ങളുടെ സ്വഭാവം അങ്ങിനെയാണു്. ആരോ ഒരു വെട്ടുഗ്ലാസു നിറയെ മഞ്ഞജ്യൂസു നിങ്ങള്‍ക്കു തരുന്നു. ഫൃജ്ജില്‍ നിന്നെടുത്തതായതിനാല്‍ കടുത്ത തണുപ്പുണ്ടതിനു്, എന്നാലും പുറത്തെ ചൂടില്‍ നിന്നും കയറിവന്ന നിങ്ങള്‍ക്കതു് ആശ്വാസമേകുമെന്നു ആത്മാര്‍ത്ഥമായി കരുതിയതിനാലാണു് നിങ്ങളെ അവര്‍ ആ നാരങ്ങജ്യൂസിനാല്‍ സല്‍ക്കരിക്കുന്നതു്. നിങ്ങള്‍ക്കറിയാം അതിനു് തണുപ്പു മാത്രമല്ല അസഹനീയമായ കയ്പും ഉണ്ടെന്നു്, എന്നാലും നിങ്ങള്‍ അന്തരീക്ഷത്തിന്റെ ഔപചാരികതയ്ക്കു വേണ്ടി വിദേശികള്‍ മദ്യം രുചിച്ചു നോക്കുന്നതു പോലെ പതുക്കെ ചുണ്ടില്‍ ചേര്‍ക്കുന്നു. ഒരു ഐസുകട്ട വിഴുങ്ങിയതു പോലെ ആ ദ്രാവകത്തിന്റെ ഒരിറക്കു അന്നനാളത്തിലൂടെ താഴേക്കിറങ്ങിപോയി.

അന്നേരമാണു് നിങ്ങളതു് ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നതു്. ആദ്യതവണ നിങ്ങളതു കണക്കാക്കിയില്ല. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല, കാരണം കുറച്ചു വേദനയും കൂടി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തുടയുടെ അടിയില്‍ നിങ്ങള്‍ മൂടമര്‍ത്തി ഇരിക്കുന്ന കിടക്കയില്‍ നിന്നു് എന്തോ കുത്തുന്ന പോലെ, ഒരു സൂചി? അതൊന്നുമല്ലെന്നു് പെട്ടെന്നു് നിങ്ങളുടെ പരിചയം വിളിച്ചു പറയുന്നു, മൂട്ടയാണതു്. ശരി തന്നെ മൂട്ടയാണു് കിടക്കയ്ക്കുള്ളില്‍ ഇരുന്നുകൊണ്ടു് നിങ്ങളുടെ സമൃദ്ധമായ തുടയിറച്ചിയില്‍ നിന്നു് ചോര വലിച്ചു കുടിയ്ക്കുകയാണു്. നിങ്ങള്‍ തുട ഒന്നു അമര്‍ത്തിനിരക്കുന്നു, അതില്‍പെട്ടു് മൂട്ട ചതഞ്ഞുപോകും എന്ന വിശ്വാസത്തില്‍. കുറച്ചു നേരത്തേയ്ക്കു് കുഴപ്പമില്ല.

പലരും നിങ്ങളോടു പലകാര്യങ്ങളും പറയുന്നു, ജോലിസംബന്ധമായും ഭക്ഷണസംബന്ധിയായും ഒക്കെ, പലതും നിങ്ങളും അനുഭവിക്കുന്നവയും, ചിലതു നിങ്ങള്‍ കേട്ടിട്ടില്ലാത്തവയുമൊക്കെ. നിങ്ങളുടെ നേരെ മുന്നിലുള്ള കട്ടിലിലുള്ളയാള്‍ പറയുന്നു, നിങ്ങളെല്ലാം ഭാഗ്യവാന്മാരാണെന്നു്. ശരിയാണു്, പക്ഷേ നിങ്ങള്‍ യാതൊന്നും അതിനു മറുപടിയായി പറയുന്നില്ല. അയാള്‍ തുടര്‍ന്നു, ഈ മുറികണ്ടോ, ഇവിടെ എട്ടുപേരാണു് കിടക്കുന്നതു്. നാലു കട്ടിലിന്റെ സ്ഥലം കഴിഞ്ഞാ പിന്നെ ഒന്നു തുണിമാറാനുള്ള സ്ഥലം പോലുമില്ല. ആ മൂലയ്ക്കുള്ള മേലത്തെ കട്ടിലു കണ്ടോ, കാലൊടിഞ്ഞിട്ടു രണ്ടുമാസായി, വച്ചുകെട്ടാണു്, എപ്പഴാ രണ്ടും കൂടി മറഞ്ഞു വീഴാന്നറിയില്ല. അപ്പോഴാണു് നിങ്ങള്‍ ആ മൂല ശ്രദ്ധിയ്ക്കുന്നതു്, തുണികള്‍ ഞാന്നുകിടക്കുന്നതിനിടയിലൂടെ മൂടിപുതച്ചു കിടക്കുന്ന ഒരാളെ നിങ്ങളപ്പോളവിടെ കണ്ടെത്തുന്നു. അയാളെ എത്തിനോക്കാനെന്ന വ്യാജേന, തുടയില്‍ കടിച്ചുപിടിച്ചിരിക്കുന്ന മൂട്ടയെ ഒന്നു അമര്‍ത്തിയരക്കുകയെന്ന വ്യര്‍ത്ഥശ്രമത്തില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നു.

അന്നേരം നിങ്ങളെ അവിടെ കൊണ്ടുവിട്ടിട്ടു പോയ കമ്പനിശകടത്തിന്റെ തേരാളി വിജയാശ്രീലാളിതനായി കൈയിലൊരു നീളന്‍ കുപ്പിയുമായി തിരിച്ചെത്തുന്നു. വാതില്ക്കല്‍ പ്രത്യക്ഷപ്പെട്ട അയാളെ കണ്ടയുടന്‍ നിങ്ങള്‍ ചാടിയെഴുന്നെല്ക്കുന്നു, കാരണം തുടയുടെ അടിയില്‍ നിന്നു മൂട്ടയുടെ കടിവിടുവിച്ചു് ഒന്നെണീറ്റു നില്ക്കാന്‍, ഇരുന്നപ്പോള്‍ മുതല്‍ നിങ്ങളാഗ്രഹിക്കുകയാണു്. അപ്പോ തുടങ്ങുകയല്ലേ, ഗുരുക്കന്മാരു് തന്നെ ഒഴിച്ചാട്ടെ. പെട്ടെന്നു തന്നെ കാര്‍പെറ്റില്‍ വിരിച്ച കുനുകുനാന്നറബിയച്ചടിച്ച ദിനപത്രത്തില്‍ ഒരു വശത്തു നിരനിരയായി ഗ്ലാസ്സുകള്‍ നിരന്നു. മിച്ചറിന്റെ രണ്ടുകൂടു പൊട്ടിച്ചു് അതും കൂന്നുകൂട്ടിയിട്ടു. ഒരേ ഉയരത്തില്‍ എല്ലാ ഗ്ലാസ്സിലും പൊക്കം കുറഞ്ഞു തടിച്ച ഒരു ഗ്ലാസ്സില്‍ മാത്രം കുറച്ചു കൂടുതലും ഒഴിച്ചപ്പോള്‍ തന്നെ കുപ്പിയുടെ കാല്‍ഭാഗത്തിലധികം തീര്‍ന്നു.

ചിയേഴ്‍സെന്ന വാക്കിന്റെ അര്‍ത്ഥരാഹിത്യം നല്ലപോലെ മനസ്സിലാക്കിയിരുന്നതിനാല്‍ ചിലര്‍ ഒറ്റവലിക്കും ചിലര്‍ രണ്ടു പ്രാവശ്യമായും, വിദേശത്തിരുന്നുകൊണ്ടു് മറ്റൊരു വിദേശത്തുന്നു് വന്ന യഥാര്‍ത്ഥ വിദേശമദ്യം വലിച്ചു കുടിച്ചു് ഗ്ലാസ്സിന്റെ ആന്തരികസൌന്ദര്യം വെളിവാക്കി വച്ചു.

നിങ്ങളുടെ ഗ്ലാസ്സും പിടിച്ചു് നിങ്ങള്‍ ഏതോ അത്ഭുതകാഴ്ച കാണുന്നതു പോലെ ഇരിക്കുകയാണു്, കാരണം നിങ്ങള്‍ക്കിതു ശീലമില്ലല്ലോ. എങ്കിലും പതുക്കെ അന്തരീക്ഷത്തിലെ ആഹ്ലാദകുമിളകള്‍ നിങ്ങളെയും തീര്‍ത്തും ലഘുചിത്തനാക്കി മാറ്റുകയും പതുക്കെ നിങ്ങളുടെ ഗ്ലാസു കാലിയാവുന്നതും നിങ്ങള്‍ തിരിച്ചറിയുന്നു. അന്തരീക്ഷം വളരെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞതായി നിങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളും എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്, ഊന്നിയൂന്നി പറയുന്നുണ്ടു്, ഗവണ്മെന്റിനെയും രാഷ്ട്രീയക്കാരേയും സര്‍വ്വോപരി ഒരു ജനനസര്‍ട്ടിഫിക്കറ്റിനു വേണ്ടി നിങ്ങളെ രണ്ടാഴ്ച നടത്തിച്ച പഞ്ചായത്തോഫീസറേയും നിങ്ങള്‍ ആത്മാര്‍ത്ഥമായി തെറി പറയുന്നു. നിങ്ങളുടെ പ്രകടനം എല്ലാരേയും സംതൃപ്തരാക്കി, നിങ്ങളുടെ ഗ്ലാസ് മൂന്നും നാലും വട്ടം നിറച്ചു്, അവരുടെ അഭിനന്ദനം സൂചിപ്പിച്ചപ്പോള്‍ നിങ്ങള്‍ നിര്‍വ്യാജം എതിര്‍ക്കുകയും ആ സ്നേഹനിറകുടങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ മുട്ടുകുത്തി നമസ്ക്കരിക്കുകയും ചെയ്യുന്നു.

എത്രയോ മാസങ്ങള്‍ക്കു മുമ്പോ മറ്റോ അന്തരിച്ച കോഴിയുടെ ശവശരീരം കൊണ്ടുണ്ടാക്കിയ ചില ചാറുകറികള്‍ കൂട്ടി ചപ്പാത്തിയെന്നു വിളിക്കുന്നതിനേക്കാള്‍ ഇരുമ്പടയെന്നു വിളിക്കാവുന്ന പറോട്ടയും ഇതിനിടയില്‍ നിങ്ങള്‍ തിന്നുന്നതു് സത്യത്തില്‍ വിശപ്പുമൂലമല്ലെന്നു നിങ്ങള്‍ക്കറിയാം, നിങ്ങളുടെ ആമാശയത്തില്‍ നില്ക്കക്കള്ളിയില്ലാതെ രക്തക്കുഴലുകള്‍ വഴി ശരീരം മുഴുവന്‍ ഓടിക്കിതച്ചെത്തിയ ആള്‍ക്കഹോള്‍, ഓരോ രോമകൂപ്പത്തിലും പിടിച്ചു വലിക്കുന്നതു് നിങ്ങള്‍ ശരിക്കും അറിയുന്നുണ്ടു്, തലച്ചോറിലും കണ്‍പോളകളിലുമാണു് ഈ പ്രതിഭാസം തീവ്രമായി അനുഭവപ്പെടുന്നതെന്നു് എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്പോഴും നിങ്ങള്‍ മനസ്സിലാക്കിയെന്നതു് അത്ഭുതമല്ല. തല പിന്നാക്കം എറിയുമ്പോള്‍ ഏതോ കുഴിയിലേയ്ക്കു ആണ്ടു പോകുന്നതു പോലെയും നിങ്ങള്‍ക്കു തോന്നുന്നുവെന്നതും അത്ഭുതമല്ല, കാരണം നിങ്ങളുടെ ശരീരം തറയില്‍ വെട്ടിയിട്ട വാഴപോലെ കിടക്കുമ്പോള്‍ മനസ്സുമാത്രം നേരെനില്ക്കുകയെന്നതു് അസംഭവ്യമാണല്ലോ. ഇപ്പോള്‍ നിങ്ങളുടെ ചുറ്റും ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതു് നിങ്ങളെ ബാധിക്കുന്നില്ല, നിങ്ങളുടെ മനസ്സു് ശാന്തമായ ഒരു യാത്രയിലാണു്, നിങ്ങളുടെ മുഖത്തുനിന്നറിയാം നിങ്ങളനുഭവിക്കുന്ന നിര്‍വൃതി, ഇടയ്ക്കിടയ്ക്കു വരുന്ന ഏമ്പക്കവും ശര്‍ദ്ദിയും മാത്രമേ അതിനിടയില്‍ നിങ്ങള്‍ക്കൊരു കരടായി തോന്നുന്നുള്ളൂ.

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

നിങ്ങളിങ്ങനെ വെള്ളടിച്ചു വാളുവച്ചു കൊതംകുത്തിമറിഞ്ഞു കെടന്നാല്, ഞാനെങ്ങന്യാ ഇതൊന്നെഴുതി തീര്‍ത്തിട്ടു് ബ്ലോഗുന്നേ, ശ്ശെടാ, ഇതു വല്ല്യ പുലിവാലായല്ലോ…………..

മനുഷ്യത്വം

മനുഷ്യത്വം എന്നാലെന്താണു്? ദയ, അനുകമ്പ, സ്നേഹം എന്നിവ മാത്രം ചേര്‍ത്താല്‍ മനുഷ്യസ്വഭാവത്തിന്റെ സ്വത്വമാകുമോ? മാനുഷികമൂല്യങ്ങള്‍ മനുഷ്യരില്‍ മാത്രമേ ഉള്ളോ? മറ്റു ജീവികളും സ്നേഹം ദയ തുടങ്ങിയ ലോലവികാരങ്ങള്‍ മനുഷ്യരേക്കാള്‍ എത്രയോ നന്നായി പ്രകടിപ്പിക്കുന്നു. പിന്നെ മനുഷ്യരേപ്പോലെ ഇത്തരം വികാരങ്ങളുടെ കുത്തകാവകാശം മൃഗങ്ങളിലാരും കൈവശപ്പെടുത്തുന്നില്ലെന്നു മാത്രം.

മാനുഷികമെന്നു പറയുമ്പോള്‍ മുഖ്യമായി കണക്കിലെടുക്കേണ്ട വികാരം സ്വാര്‍ത്ഥതയാണു്. സ്വാര്‍ത്ഥമല്ലാത്ത ഏതൊരു മനുഷ്യമനസ്സുണ്ടു് ഈ ലോകത്തിലിപ്പോള്‍? തന്റേതായ സ്വാര്‍ത്ഥതയെ മറികടക്കുന്ന ദീനാനുകമ്പ മനുഷ്യരില്‍ എത്രപേര്‍ക്കുണ്ട്? ദീനാനുകമ്പയുടെ കുത്തകക്കാരായ മിഷനറികള്‍ പോലും ലക്ഷ്യങ്ങളിലേയ്ക്കുള്ള മാര്‍ഗ്ഗം മാത്രമാണു് തങ്ങളുടെ പ്രകടനപരമായ ദീനാനുകമ്പ എന്ന് രഹസ്യമായെങ്കിലും സമ്മതിക്കും.

മൃഗങ്ങളാണെങ്കില്‍ സ്വന്തം വയറിന്റെ ഒരു നേരത്തെ വിശപ്പിനപ്പുറത്തേയ്ക്കുള്ള സ്വാര്‍ത്ഥത ഒരിക്കലും കാണിക്കില്ല. തനിക്കു പിറക്കാന്‍‍ പോകുന്ന നൂറ്റിപ്പതിനാറു തലമുറയ്ക്കു കൂടി സമ്പാദിക്കുന്ന സ്വഭാവം മനുഷ്യനൊഴിച്ചു് ഒരു ജീവിവര്‍ഗ്ഗത്തിനും കണ്ടിട്ടില്ല. ഒരു നിമിഷത്തിന്റെ ആഹ്ലാദത്തിനു വേണ്ടി ഒരു യുഗത്തിന്റെ മൊത്തം നീക്കിയിരിപ്പും നശിപ്പിക്കാന്‍ മനുഷ്യന്‍ മാത്രമേ തയ്യാറാവൂ. തനിക്കാവശ്യമില്ലെങ്കില്‍കൂടി വേട്ടയാടിനശിപ്പിക്കുന്നതിലെ ഹരത്തിനുവേണ്ടി മാത്രം വേട്ടയാടുന്നതു് മനുഷ്യന്റെ മാത്രം സ്വഭാവമാണു്. മുംബെയില്‍ വേട്ടയാടപ്പെട്ടതു് മനുഷ്യജീവിതങ്ങള്‍ തന്നെ, അതില്‍ ഹരം കൊണ്ടതും മനുഷ്യമനസ്സുകള്‍ തന്നെ.

മനുഷ്യത്വത്തോടെനിക്കു വെറുപ്പാണു്.

മുംബെയില്‍ ആറിടങ്ങളില്‍ ശക്തമായ ബോംബു സ്ഫോടനം

ആറിടങ്ങളില്‍ ശക്തമായ ബോംബു സ്ഫോടനം

മുംബൈ നഗരത്തിന്റെ ജിവനാഡിയായ റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ആറു സ്ഫോടനങ്ങളും ഒന്നാംക്ലാസ്സ് കംപാര്‍ട്ടുമെന്റുകളില്‍. ആസൂത്രിതമായ ഈ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സ്വയം സേവിക്കുന്നവരോ?

മുംബെയുടെ ജീവനാഡിയിലൂടെ ജനലക്ഷങ്ങളൊഴുകുന്ന നേരം നോക്കി ചോരയൊഴുക്കാനായി ഇറങ്ങിത്തിരിച്ചവരേ, നിങ്ങള്‍ക്കു കാലം മാപ്പു തരില്ല. നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ ചിതലെടുത്തു നശിക്കും.