എനിയ്ക്കറിയില്ല!!!!

ആ, എനിയ്ക്കറിയില്ല. അവരെന്തൊക്കെയാ കാട്ടിക്കൂട്ടണേന്നു്. ചില്ലിനെതിരായി ആരെങ്കിലും ശക്തിയായി വാദിയ്ക്കാതെ ഇങ്ങിനെ സംഭവിയ്ക്കാൻ തരമില്ല. എന്തെങ്കിലും ഗുണകരമായ മാറ്റത്തിനായിരിയ്ക്കുംന്നൊള്ള ആശയേ ഉള്ളൂ. മറ്റു വിവരമൊന്നും എനിയ്ക്കില്ല.

Advertisements

ചില്ലുകളുടെ അന്ത്യം

ഒരു സുന്ദരസായാഹ്നം
ഉറക്കം വന്ന ചെങ്കീരി കണക്കെ സൂര്യൻ പടിഞ്ഞാട്ടു മണ്ടുന്നു
ചില്ലുകൾ കടൽക്കരയിൽ ചുമന്നുതുടുത്ത കവിളുകളിൽ ആനന്ദവും പൂശി പൂഴിവാരിയെറിഞ്ഞു കളിച്ചു കൊണ്ടിരിയ്ക്കുന്നു. എങ്ങും സന്തോഷവും സൌരഭ്യവും നിറഞ്ഞു നിൽക്കുന്നു. കൂടുപറ്റാൻ തിരക്കിട്ടു പറന്ന കിളികളിലൊന്നു് ചില്ലുകളുടെ കളി നോക്കി നെടുവീർപ്പിട്ടു, എന്തോ മുന്നറിവു കിട്ടിയ പോലെ. എന്താണതു്?

പെട്ടന്നാണു് ചക്രവാളത്തിൽ കരിംഭൂതങ്ങൾ പ്രത്യക്ഷപ്പെട്ടതു്. അവ നിമിഷംകൊണ്ടു് ആകാശം മുട്ടെ വളർന്നു പൊങ്ങി. ചില്ലുകൾക്കു മുകളിലൊരു മേഘാവൃതവാനം പോലെ നിറഞ്ഞു.

പിന്നെ വർഷം, ഇടിവെട്ടു്, കൊടുങ്കാറ്റു്, എല്ലാം ചില്ലുകൾക്കു മേൽ പതിച്ചു. ആരോ കനിഞ്ഞു ദാനം കിട്ടിയ ജന്മം പൂർത്തീകരിയ്ക്കാൻ സമ്മതിയ്ക്കാതെ, ചില്ലുകളെ വീണ്ടും കാലൻ ഒന്നിച്ചു കൂട്ടി ചാക്കിൽ കെട്ടി, പോത്തിന്റെ പുറത്തു ഞാത്തിയിട്ടു കൊണ്ടു പോയി.

സൂ, കാലനെ ഇനി കാണുമ്പോൾ ഒന്നു ചോദിയ്ക്കണേ, എന്റെ ചില്ലുകൾക്കു സുഖം തന്നെയല്ലേയെന്നു്.

ദുഃഖത്തോടെ
—————-

പൂന്തേനരുവീ………….

പൂന്തേനരുവീ,
പൊന്മുടിപുഴയുടെ അനുജത്തീ,
നമുക്കൊരേ പ്രായം,
നമുക്കൊരേ മോഹം,
നമുക്കൊരേ ദാഹം.

ഒരു താഴ്വരയിൽ ജനിച്ചൂ,
നമ്മൾ
ഒരു പൂന്തണലിൽ വളർന്നൂ
പൂനിലാവലക്കിയ, പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു
നമ്മൾ
പൂക്കളിറുത്തു നടന്നു

ഓർമ്മകൾ മരിയ്ക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ

ആഹാ, ആഹാ, ഓഹോ, ഓഹോ

പൂന്തേനരുവീ……
………………………
…………………….ദാഹം.

മടിയിൽ പളുങ്കു കിലുങ്ങീ, നീല-
മിഴികളിൽ കനവു തിളങ്ങീ
കാമിനി മണിമാറിൽ പുളകങ്ങളുണർത്തുന്ന
കഥകൾ പറഞ്ഞു മയങ്ങി, നമ്മൾ
കവിതകൾ പാടി മയങ്ങി

ഓർമ്മകൾ മരിയ്ക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ

പൂന്തേനരുവീ……
………………….
…………………..ദാഹം.

പൂന്തേനരുവീ………….

രചന:
സംഗീതം:
ആലാപനം:

ഓടുകയാണു്

ഒരുപാടു പേർ ഓടുന്നതോടൊപ്പം ഓടുകയാണു് ഞങ്ങളും. ഒന്നാം സ്ഥാനം ലക്ഷ്യമേ അല്ല. എന്നാൽ ഓടുന്ന വഴിക്കുള്ള കാഴ്ചകൾ കാണണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ആ കാഴ്ചകൾ കണ്ട് സന്തോഷിച്ചും സങ്കടപ്പെട്ടും ഞങ്ങൾ ഓടിക്കൊണ്ടേയിരിയ്ക്കുന്നു.

സമകാലിക മലയാളം വാരികയിലെ പത്രാധിപക്കുറിപ്പു്

കിടപ്പാടം

അവർക്കിന്നുറങ്ങാനിടമില്ലാതായിരിയ്ക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ടലയുന്ന ജനകോടികൾക്കിടയിലേയ്ക്കിതാ, ഒരു കുടുംബം കൂടി.

എന്തു ചെയ്യും? അവരെ നമുക്കിങ്ങോട്ടു വിളിയ്ക്കാം. ഇവിടെ ഉള്ള സ്ഥലത്തു, ഉള്ളതു കൊണ്ടോണം പോലെ നമ്മൾക്കു കഴിയാം. രണ്ടാളു കിടക്കുന്ന മുറിയിൽ കുറച്ചു ദിവസത്തേയ്ക്കു നാലാളു കിടന്നാലും വലിയ കുഴപ്പമൊന്നും വരാനില്ല.

എത്ര ദിവസത്തേയ്ക്കെന്നു കരുതീട്ടാ. എന്തായാലും ഇനി കറന്റു ശരിയായിട്ടു് അങ്ങോട്ടു പോകാന്നു കരുതണ്ട. പുതിയ റൂമെടുക്കാനാണെങ്കി, ആ പൈസയ്ക്കാ കറന്റു ബില്ലു കെട്ട്യാ മതിയായിരുന്നു.

എത്ര ദിവസത്തേയ്ക്കെങ്കിലുമാകട്ടെ. അതെല്ലാം പിന്നത്തെ കാര്യം, തല്ക്കാലം ചൂടേറ്റു കരിയാതെ തല ചായ്ക്കാൻ ഒരിടം മാത്രമാണവരുടെ പ്രശ്നം.

അപ്പോ അങ്ങനെയാവട്ടെ. അലയേണ്ടി വരുന്ന കാലത്തു നമ്മൾക്കും എന്നെങ്കിലും കയറിക്കിടക്കാനിതു പോലെ ആരെങ്കിലും വാതിൽ തുറന്നു തരാതിരിയ്ക്കില്ല.

ചൂടു്

ചേട്ടാ, ചൂടല്ലേ, ഈ ചൂടത്തു് കറന്റു കട്ടു ചെയ്താൽ എങ്ങിന്യാ? ഞങ്ങളു് വെന്തു ചത്തു പോകില്ലേ?

മോളേ, അറബീലു് പറ, അയാളോടു മലയാളത്തീ പറഞ്ഞിട്ടു വല്ല കാര്യോണ്ടോ?

ബില്ലടച്ചില്ലേല്ല്, ലോകത്തെവിട്യായാലും കറന്റു കട്ടു ചെയ്യും, അതിലിപ്പോ ആശ്ചര്യപ്പെടാനൊന്നൂല്ല്യ.

എന്നാലും നമ്മളെവിടെ കിടന്നുറങ്ങും, ഈ ചൂടത്തെങ്ങിനെ ഉള്ളിലിരിയ്ക്കും, എങ്ങിനെ പുറത്തിറങ്ങും.

മനുഷ്യനു ലോകത്തെവിട്യായാലും ചുരുണ്ടു കൂടാൻ ആറടി മണ്ണു തന്നെ കൂടുതലാ, പിന്നെയാണീ വിശാലമായ ബഹറിനില്. വിഷമിയ്ക്കാതെ.

സമയം

ഇന്റർനെറ്റിലെ അതിവിശാലമായ മേച്ചിൽ പുറങ്ങളിൽ അലഞ്ഞു തിരിഞ്ഞും, അവിടവിടെ കാണുന്ന കൊച്ചു കൊച്ചു ബൂലോഗങ്ങളിൽ കയറിയിറങ്ങിയും, മേഘസന്ദേശങ്ങളയച്ചും വായിച്ചും ഇക്കാലമെന്റെ ഓഫീസു് സമയം ഞാൻ വകമാറ്റി ചെലവാക്കികൊണ്ടിരിയ്ക്കയാണു്.

ട്രേയും കവിഞ്ഞെന്റെ മേശപ്പുറത്തു കടലാസുകൂനയുയരുമ്പോൾ, മുതലാളിയുടെ ചോദ്യങ്ങൾക്കെന്നിലുത്തരം മുട്ടുമ്പോൾ, എന്തേ നിനക്കിത്തിരി ഉത്തരവാദിത്വത്തോടെ ജോലിയെടുത്താലെന്നു ഞാൻ സ്വയം ചോദിയ്ക്കയും, ജോലിയാദ്യം പിന്നെയുള്ളൂയെന്തും എന്നു ഞാൻ തീരുമാനിയ്ക്കയും സ്ഥിരമായി ചെയ്തു പോരുന്നു.

പക്ഷേ, മുതലാളി പുറത്തു കടക്കേണ്ട താമസം, എലിമൂക്കു നീട്ടി തീക്കുറുക്കനെ തോണ്ടി, മനോജിന്റെ ബൂലോഗച്ചുരുൾ നിവർത്തുന്നു. വരിയൊപ്പിച്ചിരുന്നെന്നെ മാടിവിളിയ്ക്കും കൂട്ടുകാരേ, ഞാനിതാ എത്തിപ്പോയു്.