തമിഴിന്റെ പൊങ്കൽ

തമിഴ്നാട്ടിൽ എത്തിയിട്ടു് കൊല്ലം ഒന്നാവാറായി. ഇന്നാണു് എന്റെ ഭൈമി തമിഴിന്റെ ഒരു വിഭവം പരീക്ഷിയ്ക്കാൻ തയ്യാറാകുന്നതു്. അപ്പോ അവൾക്കു വേണ്ടി നെറ്റിൽ നിന്നും ഇംഗ്ലീഷിൽ കിട്ടിയ ഒരു പൊങ്കൽ കുറിപ്പു് മലയാളത്തിലേയ്ക്കു തർജ്ജുമ ചെയ്തതു് ആവശ്യക്കാർക്കു ഉപകരിയ്ക്കുമല്ലോന്നു് ഓർത്തു് ഇവിടെ പോസ്റ്റുന്നു. എല്ലാവരും ഉണ്ടാക്കുക. മീണ്ടും സന്ധിയ്ക്കും വരെയ് വണക്കം!!!!

ചേരുവകൾ
പച്ചരി – 300 ഗ്രാം
ചെറുപയർ പരിപ്പു് – 100 ഗ്രാം
കായം പൊടിച്ചതു് – അര ടീസ്പൂൺ
ജീരകം – 1 – 2 ടീസ്പൂൺ
കുരുമുളകു് – 10 – 12 എണ്ണം
അണ്ടിപ്പരിപ്പു് – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ചു് നീളത്തിൽ
മഞ്ഞൾപൊടി – അര ടീസ്പൂൺ (നിറം ഇഷ്ടമാണെങ്കിൽ)
ഉരുകിയ നെയ്യു് – നാലു ടേബിൾസ്പൂൺ
കറിവേപ്പില – 10 എണ്ണം
ഉപ്പു് – സ്വാദിനു്

തയ്യാറാക്കുന്ന വിധം
1. ചീനച്ചട്ടി ചൂടാക്കി അരിയും പരിപ്പും ചൂടാകുന്നതു വരെ ഇട്ടു് ഇളക്കുക.
2. മറ്റൊരു പാത്രത്തിലേയ്ക്കു് അരിയും പരിപ്പും മാറ്റി ശുദ്ധജലത്തിൽ മൂന്നു പ്രാവശ്യം കഴുകുക.
3. അരിയുടേയും പരിപ്പിന്റേയും നാലിരട്ടി വെള്ളവും ആവശ്യത്തിനു് ഉപ്പും ചേർക്കുക.
4. പ്രഷർകുക്കറിൽ നാലു വിസിൽ അടിയ്ക്കുന്നതു വരെ വേവിയ്ക്കുക.
5. ചീനച്ചട്ടിയിൽ ജീരകവും കുരുമുളകും രണ്ടുമിനിട്ടു നേരത്തേയ്ക്കു് വറുത്തു്, പൊടിയ്ക്കുക.
6. ഇഞ്ചി നേരിയതായി അരിഞ്ഞു് വെയ്ക്കുക.
7. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപരിപ്പു് പൊളിച്ചതു് ഇളംകാപ്പി നിറമാകുന്നതു വരെ വറക്കുക.
8. ഇഞ്ചിയും ജീരകപ്പൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്തു് ഒരു മിനിട്ടു് വറക്കുക.
9. വേവിച്ച അരിയും പരിപ്പും ഒരു തവി ഉപയോഗിച്ചു് നന്നായി ഉടയ്ക്കുക.
10. തയ്യാറാക്കിയ എല്ലാ ഘടകങ്ങളും ബാക്കിയുള്ള നെയ്യിൽ ചേർത്തു് നന്നായി ഇളക്കുക.
11. പൊങ്കൽ റെഡി. കുറച്ചു നാളികേര ചമ്മന്തിയും ഉണ്ടാക്കിയാൽ കുശാലായി.

Advertisements