ആവേശമില്ലെങ്കിൽ ജീവിതമില്ല

ഞാനൊരിയ്ക്കലും എന്റെ പ്രായം കണക്കിലെടുത്തിട്ടില്ല. ഗുണമുള്ളതെന്തും എന്റെ മുന്നിൽ വരുമ്പോൾ, എന്റെ ഹൃദയം കീഴടക്കുമ്പോൾ, ഞാനതു സ്വീകരിയ്ക്കുന്നു. ജനങ്ങളാണെന്നെ പ്രസിദ്ധനാക്കിയതു്, ഞാനിപ്പോഴും ആ പഴയ സാധാരണക്കാരൻ തന്നെയാണു്. ഇറാനി റെസ്റ്റോറന്റിലെ ചായ ഇപ്പോഴും എന്നെ കൊതിപ്പിയ്ക്കുന്നു എന്നെ ആകർഷിയ്ക്കുന്നു. യുവത്വവും ആവേശവും ഹൃദയത്തിന്റെ ഗുരുക്കന്മാരാണു്, അതിനു് പ്രായവുമായി യാതൊരു ഇടപാടുമില്ല. നിങ്ങളുടെ കൈയിലുള്ളതെന്തായാലും, ഹൃദയം നിറഞ്ഞ ഔത്സുക്യത്തോടും ആത്മാർത്ഥതയോടും ചെയ്യുക, ഫലം താനെ വന്നുകൊള്ളും.

എം.എഫ്.ഹുസൈൻ (ചിത്രകാരൻ)

പന്നിപ്പനി – ഒരു മുന്നറിയിപ്പു്

കാലത്തെണീറ്റപ്പോൾ മുതൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പു്, ഹൊ ജലദോഷം തുടങ്ങി. ഇനി കഫക്കെട്ടും തലക്കനവും കൊണ്ടു് ഒരാഴ്ച എന്തായാലും സ്വസ്ഥത പോയി.
സുഹൃത്തേ, ശ്രദ്ധിയ്ക്കൂ, ചിലപ്പോൾ നിങ്ങൾക്കു് പന്നിപ്പനിയുടെ ആരംഭമായിരിയ്ക്കാം. ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.
ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.
ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും.
പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.
എന്താണു് സ്വയരക്ഷ?
പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.
രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്

 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കൈലേസു കൊണ്ടു വായും മൂക്കും പൊതിഞ്ഞുപിടിയ്ക്കുക. ശേഷം ആ കൈലേസു നശിപ്പിയ്ക്കുക.
 • തുമ്മിയതിനും ചുമച്ചതിനും ശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകുക.
 • നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ടു തൊടുന്നതു് ഒഴിവാക്കുക. ഇതുവഴിയാണു് രോഗാണു അതിവേഗം പകരുന്നതു്.
 • രോഗികളുടെ അടുത്തു പോകാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. മുൻകരുതലുകൾ എടുക്കുവാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും രോഗിയെ ശുശ്രൂഷിച്ചു കൊള്ളും.
 • പന്നിപ്പനി പോലെയുള്ള എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ, പനി മാറിയതിനു ശേഷവും 24 മണിക്കൂറെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ നോക്കുക. പനിയ്ക്കുള്ള മരുന്നു കഴിയ്ക്കാതെ തന്നെ പനി മാറേണ്ടതാണു്. മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക, അങ്ങിനെ മറ്റുള്ളവരേയും രോഗികളാക്കാതെ കഴിയ്ക്കാം.
 • കുട്ടികൾക്കു രോഗം ബാധിച്ചാൽ, കുട്ടിയുടെ പഠിപ്പു മുടങ്ങുന്നതിൽ വേവലാതിപ്പെട്ടു് രോഗിയായ കുട്ടിയെ സ്ക്കൂളിൽ പറഞ്ഞയയ്ക്കരുതു്. അതു് സ്ക്കൂളിലെ മൊത്തം കുട്ടികളെയും രോഗികളാക്കുന്നതിനേ ഉപകരിയ്ക്കൂ.
 • പ്രധാനമായും നിങ്ങളുടെ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു് കഴുകി വൃത്തിയായിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കൈകൾ പലപ്പോഴും അശ്രദ്ധമായി മൂക്കിലും വായിലും സ്പർശിയ്ക്കുന്നതിലൂടെയാണു് രോഗം പകരുന്നതു്.

രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ

 • ദ്രുതശ്വസനം അല്ലെങ്കിൽ ശ്വസിയ്ക്കുന്നതിലുള്ള പ്രയാസം
 • ചർമ്മത്തിനു നീലനിറമോ ചാരനിറമോ കാണുക
 • ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക
 • നിരന്തരമായി ഛർദ്ദിയ്ക്കുക
 • ഉണരാതിരിയ്ക്കുക അല്ലെങ്കിൽ പ്രതികരിയ്ക്കാതിരിയ്ക്കുക
 • കുട്ടിയെ തൊടുവാൻ സമ്മതിയ്ക്കാതിരിയ്ക്കുക
 • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ

 • ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടു്
 • നെഞ്ചിലും വയറ്റിലും വേദന
 • പെട്ടെന്നുള്ള തലകറക്കം
 • നിരന്തരമായ ഛർദ്ദി
 • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി.
നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.

പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.

അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.

ട്വിറ്ററിനു കീഴടങ്ങലുകളുടെ നീണ്ട ചരിത്രം

റഷ്യയും ജോർജ്ജ്യയും തമ്മിലുള്ള അതിർത്തി തർക്കം, ട്വീറ്റർ സർവറുകളുടെ തകർച്ചയിൽ കലാശിച്ചു. 45 ദശലക്ഷം ട്വിറ്റർ ഉപയോക്താക്കളെ പെരുവഴിയിലെറിഞ്ഞു കൊണ്ടു് ട്വിറ്റർ സൈറ്റു് നിശ്ചലമായി. ജൂലൈ ആറാം തീയ്യതി അതികാലെയാണു് സിക്സിമു എന്ന തൂലികാ നാമത്തിൽ ബ്ലോഗെഴുതുന്ന ജോർജ്ജിയക്കാരനെതിരെ എതിരാളികൾ സൈബർ ആക്രമണം തുടങ്ങിയതു്. റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ, ലൈവ്ജേണൽ തുടങ്ങിയവയിൽ റഷ്യയെ വിമർശിയ്ക്കുന്ന ലേഖനങ്ങൾ എഴുതുന്ന നമ്മുടെ കഥാനായകന്റെ വായടപ്പിയ്ക്കുന്നതിനു വേണ്ടിയാണു് ഈ ആക്രമണം നടത്തിയതെന്നു് കരുതാം.

പക്ഷേ, ഒരു വ്യക്തിയെ ലക്ഷ്യം വെച്ച ആക്രമണം എങ്ങിനെ ട്വിറ്ററിന്റെ മൊത്തം സേവനങ്ങളേയും ബാധിച്ചു? സത്യത്തിൽ ഈ ബ്ലോഗറുടെ ഗൂഗിൾ, ലൈവ്ജേണൽ, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലെ പേജുകളിലേയ്ക്കും ആക്രമണം നടന്നിരുന്നു. എന്നാൽ ഗൂഗിളിനും ലൈവ്ജേണലിനുമെല്ലാം കൂടുതൽ ശക്തമായ പ്രതിരോധസംവിധാനങ്ങൾ ഉള്ളതിനാൽ, ആക്രമണം അവരെയൊന്നും ബാധിച്ചില്ല. പക്ഷേ ട്വിറ്ററിന്റെ സർവറുകൾ മാത്രം തകർന്നു തരിപ്പണമായിപ്പോയി. ഇതു ട്വിറ്ററിന്റെ സ്ഥിരം ബലഹീനതയാണോ? ട്വിറ്ററിനു കീഴടങ്ങലുകളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ടു്. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാം, ട്വിറ്റർ ഇപ്പോഴും ബാല്യം വിട്ടിട്ടില്ല.

പല്ലുവളർത്തൽ ഒരു വിജയകഥ

പല്ലുകൾ കേടുവന്നു പറിച്ചു കളയേണ്ടി വന്നവർക്കു് അത്യന്തം സന്തോഷം നല്കുന്ന ഒരു വാർത്തയാണിതു്. എലിയുടെ മാതൃകോശത്തിൽ നിന്നും തീർത്തും യഥാർത്ഥമായ പല്ലു വളർത്തിയെടുക്കുന്നതിൽ ജപ്പാനിലെ ശാസ്ത്രജ്ഞർ വിജയിച്ചിരിയ്ക്കുന്നു. അതും വെറും ഒരു മാസം കൊണ്ടു്.

ടോക്യോ ശാസ്ത്രസർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ആദ്യം എലിയുടെ മാതൃകോശത്തിൽ നിന്നും ഒരു ‘ടൂത്ത് ജേം’ (പല്ലിന്റെ വിത്തു്) സൃഷ്ടിച്ചു. 0.02 ഇഞ്ചു് മാത്രം വലിപ്പമുള്ള ആ പല്ലിന്റെ വിത്തു് പിന്നീടു് എലിയുടെ പല്ലു പോയ ഒരു കുഴിയിൽ നിക്ഷേപിച്ചതിനു ശേഷം കാത്തിരുന്നു. ഒരു മാസത്തിനുള്ളിൽ മോണയിലെ കുഴിയിൽ നിന്നും ഒരു പുതിയ പല്ലു മുളച്ചു വന്നു. തീർത്തും പ്രകൃതിദത്തമായ നല്ല ഉറപ്പും ഗുണവുമുള്ള യഥാർത്ഥമായ പല്ലു്.

രണ്ടായിരത്തിയേഴിൽ തന്നെ പല്ലു വളർത്തിയെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിരുന്നു, പക്ഷേ അന്നവർ എലിയുടെ വയറ്റിലായിരുന്നു പല്ലുവളർത്തൽ പരീക്ഷണം നടത്തിയതെന്നു മാത്രം.

ഈ കണ്ടുപിടുത്തം ഇനി മറ്റുള്ള അവയവങ്ങൾ വളർത്തിയെടുക്കുന്നതിലേയ്ക്കുള്ള ഒരു നിർണ്ണായകമായ കാൽവെപ്പാണെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കരൾ, കണ്ണുകൾ, കിഡ്നി, ഹൃദയം മുതലായ ഒരുപാടു അവയവങ്ങൾ രോഗികൾക്കു് വളരെ അത്യാവശ്യമായിരിയ്ക്കുന്ന ഈ ലോകത്തു്, ഈയൊരു വാർത്ത വളരെ ആഹ്ലാദം പകരുന്നതാണെന്നതിൽ തർക്കമില്ല.

ഈ വാർത്തയുടെ മൂലകൃതി ഇവിടെ ->

http://news.nationalgeographic.com/news/2009/08/090803-mouse-green-tooth-stem-cells.html