മലയാളമെന്ന അന്തര്‍ദേശീയഭാഷ

നിങ്ങളെന്തൊക്കെ പറഞ്ഞാലും ശരി, ഇംഗ്ലീഷ് കഴിഞ്ഞാല്‍ പിന്നെ ലോകത്തേറ്റവും അധികം രാജ്യങ്ങളില്‍ സംസാരിക്കപ്പെടുന്ന ഭാഷയേതെന്നു ചോദിച്ചാല്‍, മലയാളമാണെന്നാണു് എന്റെ ഉത്തരം.

ബഹ്രൈനില്‍ ഏതോ കാലം മുതല്‍ തന്നെ പെഡസ്ട്രിയന്‍ ക്രോസിങ്ങുകളിലെ ട്രാഫിക്‍ സിഗ്നല്‍ കാലുകളില്‍ “ബട്ടണ്‍ അമര്‍ത്തൂ, പച്ചമനുഷ്യനു് വേണ്ടി കാത്തുനില്ക്കൂ” എന്നു് മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.

Call-India.jpg“കോള്‍ ഇന്ത്യ” എന്ന ഈ കാര്‍ഡിന്റെ പിന്‍വശം നോക്കൂ. ആംഗലത്തിന്റെ അതേ സ്ഥാനമാണു് മലയാളത്തിനും നല്‍കിയിരിക്കുന്നതു്. കൂടാതെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സംഗതിയുമുണ്ടു്. ഈ മലയാളം രചന ഫോണ്ടാണു് ഉപയോഗിച്ചിരിക്കുന്നതു്. അതായതു്, യുണീക്കോഡു് മലയാളം അച്ചടിയുടെ പ്രായോഗികതലങ്ങളിലേയ്ക്കു് എത്തിതുടങ്ങിയിരിക്കുന്നു.

മലയാളമുപയോഗിച്ച ഇനിയും കാര്‍ഡുകളുണ്ടു്, പക്ഷേ യുണീക്കോഡിന്റെ പ്രയോഗം കൂടിയുള്ളതിനാലാണു് ഈ കാര്‍ഡു് തന്നെ ഞാന്‍ എടുത്തുകാണിക്കാന്‍ കാരണം.

മലയാളത്തിന്റെ ഭാവി ശോഭനമാണെന്നുള്ള തിരിച്ചറിവില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു.
Advertisements

തസ്ലീമയെ കേരളത്തില്‍ നിന്നു് നാടുകടത്തണോ?

മുസ്ലീം ജമാഅത്തെ കൌണ്‍സില്‍ എന്താണ് കരുതിയതു്? കേരളം സൌദിഅറേബ്യയാണെന്നോ? തസ്ലീമ നസ്രീനെ അന്ധമായി എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ക്കു് സ്വന്തമാണു് കേരളമെന്നോ?

തസ്ലീമയുടെ ചിന്തകളും കൃതികളും മുസ്ലീം യാഥാസ്ഥിതികനേതൃത്വത്തെ വെറിപിടിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ യഥാര്‍ത്ഥകാരണം തേടേണ്ടതു് മുസ്ലീം പൌരോഹിത്യം ഇസ്ലാമില്‍ വളര്‍ത്തിയെടുത്ത കൊള്ളരുതായ്മകളിലാണു്. അതിന്റെ പേരും പറഞ്ഞു് കേരളത്തില്‍ വന്ന ഒരെഴുത്തുകാരിയെ നാടുകടത്തണമെന്നു് സര്‍ക്കാരിനോടു് ഉത്തരവിടാന്‍ എന്തു ചങ്കൂറ്റമാണു് ജമാഅത്തെ കൌണ്‍സിലിനുള്ളതു്. കേരളത്തെക്കുറിച്ചു് ജമാഅത്തെ കൌണ്‍സിലിന്റെ വിചാരമെന്താണു്? തങ്ങളുടെ ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിയ്ക്കുന്ന ജനങ്ങളും സര്‍ക്കാരുമാണു് കേരളത്തിലേതെന്നു കരുതിയോ ഈ സമുദായനേതാക്കന്മാര്‍. ഇതു് സൌദിയല്ല, ഇന്ത്യയാണെന്നുള്ള ബോധം ഇവര്‍ക്കിനിയും ഉണ്ടാവേണ്ടതായിട്ടാണു് ഇരിയ്ക്കുന്നതു്.

ബഹ്രൈനില്‍ മതിലുകള്‍ ഉയരുന്നു?

ബഹ്രൈന്‍ രാഷ്ട്രചിന്തകരുടെ തലയില്‍ പുതിയൊരാശയം മുളച്ചുപൊന്തിയിരിയ്ക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ പലപല മൂലകളില്‍ പാര്‍പ്പിച്ചിരിയ്ക്കുന്ന വിദേശകൂലിതൊഴിലാളികളെ കുടിയിരുത്തുന്നതിനായിട്ടു മാത്രമായൊരു പട്ടണം. വിദേശീയര്‍ക്കു വേണ്ടി മാത്രമൊരു പട്ടണം. കൊച്ചുബഹ്രൈനുള്ളിലൊരു കൊച്ചിന്ത്യ, അല്ലെങ്കില്‍ ഒരു കൊച്ചു ധാക്ക.

ജനപഥങ്ങളെ മതിലുകള്‍ കെട്ടി വേര്‍തിരിയ്ക്കുന്ന ഭരണാധിപന്മാര്‍ക്കൊരു പിന്‍തുടര്‍ച്ചക്കാരാകാന്‍ ശ്രമിയ്ക്കുകയാണോ ബഹ്രൈന്‍ ഭരണാധികാരികളും? ബഹ്രൈന്‍ ജനതയുടെ പരിമിതമെങ്കിലും സഹനീയമായ സഹിഷ്ണുതയെക്കൂടി ഇല്ലാതാക്കുമോ ഈ വേര്‍തിരിവു്?

Technorati : ,
Del.icio.us : ,

അവസ്ഥ (കന്നട നോവല്‍), യു. ആര്‍. അനന്തമൂര്‍ത്തി

രണ്ടാഴ്ചയില്‍ കൂടുതലെടുത്തു വായിച്ചുതീര്‍ക്കാന്‍, സമയമില്ലാത്തതു തന്നെ മുഖ്യപ്രശ്നം. എനിയ്ക്കു ഈ പുസ്തകത്തിനെ കുറിച്ചു തോന്നിയതു് ഇതാണു്.

അവനവനിലുള്ള അല്പത്തരങ്ങളെക്കുറിച്ചു് നമ്മളാരും തീരെ ബോധ്യമുള്ളവരല്ല. അല്പത്തരങ്ങള്‍ പരതരത്തിലാണു്. കഥയുടെ കേന്ദ്രബിന്ദുവായ കൃഷ്ണപ്പഗൌഡരുടെ സ്വന്തം വീക്ഷണങ്ങളാണു്, സ്വന്തം അല്പത്തരങ്ങളെ കുറിച്ചുള്ള തീവ്രമായ തിരിച്ചറിവുകളാണു്, കഥയുടെ മര്‍മ്മം.

വിപ്ലവനായകനായവന്‍ സ്വന്തം ഭാര്യയെ തൊഴിയ്ക്കുന്ന അല്പത്തരം മുതല്‍ അധികാത്തോടും പ്രമാണിത്തത്തോടുമുള്ള പുറത്തുകാണിയ്ക്കാന്‍ വയ്യാത്ത ആര്‍ത്തി വരെ ഇതില്‍ നായകനെ വെല്ലുവിളിക്കുന്ന ശത്രുക്കളാണു്. സ്വന്തം ഉള്ളിലെ ഇത്തരം ശത്രുക്കളോടാണു് കൃഷ്ണപ്പ നിരന്തരം ഏറ്റുമുട്ടുന്നതു്.

വിരുദ്ധമായ ചിന്തകളുടെ ഒരു ശ്രേണിയാണു് മനസ്സു്. ആ വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലില്‍ നിന്നുതിരുന്ന തീപ്പൊരികളാണു് കൃഷ്ണപ്പഗൌഡരെന്ന കീഴ്ജാതിക്കാരനെ വിപ്ലവനായകനാക്കിയതും പിന്നെ കാലാന്തരേണ തൊഴിലാളിപാര്‍ട്ടി നേതാവാക്കിയതും. ഇങ്ങിനെയൊക്കെ ആദരണീയനായപ്പോഴും സ്വയം ഉള്ളില്‍ അയാളൊരു അല്പനാണെന്ന ബോധം അയാളെ വലയ്ക്കുന്നു. ദേഷ്യം വരുമ്പോള്‍ ഭാര്യയെ തല്ലുക, അധികാരത്തിനോടുള്ള ആഗ്രഹം, അങ്ങിനെ പലതും അയാള്‍ക്കു തന്നെ അറിയാം തന്നിലേതു് ഒരു വൃത്തികെട്ട മനസ്സാണെന്നു്.

പക്ഷേ ഒടുവില്‍ കൃഷ്ണപ്പ തന്നിലെ അല്പത്തരങ്ങളെ ഓടിപ്പിച്ചു വിടുന്നതില്‍ വിജയിയ്ക്കുന്നു. പുറമേ കാണിച്ചിരുന്നില്ലെങ്കിലും മനസാ ആഗ്രഹിച്ച മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞു്, സമൂഹത്തിലെ അല്പത്തരങ്ങള്‍ ചുട്ടുകരിക്കാമെന്ന പഴയ സ്വപ്നം പൊടിതട്ടിയെടുക്കുന്നേടത്തു് കഥ തീരുന്നു.

ചില ശകലങ്ങള്‍:

നിങ്ങളിത്രയും നികൃഷ്ടമായി കാണുന്ന പെണ്ണിന്റെ കൂടെ എന്തിനു് കഴിയുന്നു? നിങ്ങളുടെ അഹങ്കാരത്തിനു് വളമായിത്തീരണം – അതിനല്ലേ നിങ്ങളേക്കാള്‍ താന്ന പെണ്ണിനെ തിരഞ്ഞുപിടിച്ചു് താലി കെട്ടിയതു്?

ഗൌരി ഗാഢമൌനത്തിന്റെ ഒരു കയമായിരുന്നു; മുളയ്ക്കാന്‍ വെമ്പുന്ന വിത്തിനെ സ്വന്തം ഊഷ്മളമായ ക്ഷമയുടെ ഇരുട്ടില്‍ ഒളിച്ചു സൂക്ഷിക്കുന്ന മണ്ണു്. അവളുടെ വിരലുകള്‍ കൃഷ്ണപ്പന്റെ ശരീരമാകെ പരതിനടന്നു. നീരുറവകളെ വെട്ടിക്കിളച്ചു് ഉണര്‍ത്തുന്നതു പോലെ, സന്ധിബന്ധങ്ങളിലെല്ലാം അവള്‍ തിരഞ്ഞു.

അവസ്ഥ (കന്നട നോവല്‍)
യു. ആര്‍. അനന്തമൂര്‍ത്തി
വിവ: ഡി. രാഘവന്‍
ഡി. സി. ബുക്സു് – 1998