അന്യമതവെറുപ്പിന്റെ ദുഷിച്ച കാറ്റ്

ഈ ലോകം മതവിശ്വാസികളാൽ നിറഞ്ഞതാണു്. ഒരു മതമല്ല, അനേകം അനേകം. മനുഷ്യവർഗ്ഗത്തിന്റെ അറിയപ്പെട്ട ചരിത്രത്തിൽ തുടക്കം മുതൽ കാണുന്ന സംഗതിയാണു് അന്യമതവിശ്വാസത്തെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമം. ആധുനിക മനുഷ്യന്റെ കാലഘട്ടത്തിലാണു് കുറച്ചെങ്കിലും സഹിഷ്ണുതയോടെ പലമതക്കാർ ഒരേ രാജ്യത്തു് ഒരുമിച്ചു ജീവിയ്ക്കുന്നതു്. എന്നാൽ, അന്യമതവിശ്വാസത്തോടുള്ള അസഹിഷ്ണുത പൂർണ്ണമായും മനുഷ്യവർഗ്ഗം ഉപേക്ഷിച്ചിട്ടുമില്ല. കൊല്ലും കൊലയും ചെയ്യുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നു മാത്രം. എന്നുവെച്ചു് അന്യമതവിശ്വാസത്തോടും വിശ്വാസികളോടും മനസ്സിലുള്ള അകൽച്ചയും വെറുപ്പും പുറത്തുകാണിയ്ക്കാതിരിയ്ക്കുകയുമില്ല, പലരും അതു് പലവിധത്തിൽ പ്രകടിപ്പിയ്ക്കും, അന്യമതക്കാർക്കു് വീടു വാടകയ്ക്കു നല്കാതെയും, അവരുടെ സ്കൂളിൽ പഠിയ്ക്കാതെയും, അങ്ങനെ അങ്ങനെ. ചിലർ കാണുന്നവരോടെല്ലാം തങ്ങളുടെ ഉള്ളിലെ അന്യമതവെറുപ്പു് വായിലൂടെ അലക്കിക്കൊണ്ടിരിയ്ക്കും. ഈ വായ്നാറ്റവും അസഹ്യമാണു്.

ഇങ്ങനെയൊക്കെയുള്ള ഈ ലോകത്തു്, അന്യമതവെറുപ്പിന്റെ ദുഷിച്ച കാറ്റടിയ്ക്കാതെ ജീവിയ്ക്കാൻ സാധ്യമല്ല. (പുറംലോകമറിയാതെ, ഏതെങ്കിലും മലയിലുള്ള മൊണാസ്ട്രിയിൽ പോയി ജീവിയ്ക്കണം.) ആ കാറ്റിനോടു പ്രതികരിയ്ക്കുന്നതു് സ്വന്തം വികാരവും ആളിക്കത്തിയ്ക്കുന്നതിലേയ്ക്കേ എത്തുകയുള്ളു.

അത്തരം സന്ദർഭങ്ങളിൽ, ഈ ലോകത്തുള്ള വിശ്വാസികൾ തമ്മിലുള്ള അന്തരവും അതിലൂടെ അവർ തമ്മിലുള്ള അകലവും എങ്ങനെ കുറയ്ക്കാം എന്നു ചിന്തിയ്ക്കൂ.

Advertisements

ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം

മനുഷ്യനു് ഒന്നും അറിയില്ല എന്ന അറിവു് സമ്മതിക്കുന്നിടത്താണു് നിരീശ്വരവാദത്തിന്റെ ആരംഭം. ജ്ഞാനം അന്വേഷിച്ചുകൊണ്ടേയിരിക്കേണ്ടതാണെന്ന അറിവു്.

മനുഷ്യനു് ഒന്നും അറിയില്ലെങ്കിലും ഒന്നും അന്വേഷിക്കാതെ ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം.

സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ …

പരസ്പരം ദോഷാരോപണം നടത്തുന്ന നിങ്ങളോടു ഞാനൊരു കാര്യം ചോദിയ്ക്കട്ടെ. ഈ മതങ്ങളും അവയുടെ ദല്ലാളന്മാർ അടിച്ചേൽപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമാകുമായിരുന്നു ഭൂമി.

മനുഷ്യവംശത്തിന്റെ പകുതിയിലധികം ഊർജ്ജം ചെലവാക്കപ്പെടുന്നതു് :

  • സ്വന്തം അന്ധവിശ്വാസങ്ങളെ പരിപോഷിപ്പിയ്ക്കുവാനും മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങളിൽ കുറ്റം കണ്ടെത്തുവാനുമാണു്.
  • തന്റെ മതം തന്നെ വിശ്വസിപ്പിച്ച ദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നു വാദിയ്ക്കുവാനും തെളിയിയ്ക്കുവാനുമാണു്.
  • തന്റെ മതത്തിൽ ആളെ റിക്രൂട്ട് ചെയ്ത് സംഘശക്തി വർദ്ധിപ്പിയ്ക്കുവാനും, തന്റെ മതത്തിനെ എതിർക്കുന്നവരെന്നു തോന്നുന്നവരോടു പോരാടുവാനുമാണു്.
  • ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത മതഭ്രാന്തുകൾക്കു വേണ്ടിയാണു് മനുഷ്യവംശം ഏറെക്കാലമായി ചോരയും നീരും ചെലവാക്കുന്നതു്.

ഇതിൽ നിന്നെല്ലാം ലാഭം കൊയ്യുന്നതാരാണു്? എല്ലാ മതത്തിലുമുള്ള പുരോഹിതന്മാരാണു് ഇതിലെ ചെന്നായകൾ. ആട്ടിൻകുട്ടികളെ കൂട്ടിയടിപ്പിച്ചു് ചോര കുടിയ്ക്കാൻ കൊതിയ്ക്കുന്ന ഈ വർഗ്ഗം എന്നു് ഇല്ലാതാവുന്നോ, അന്നേ സാധാരണക്കാരായ മനുഷ്യർ പരസ്പരം സ്നേഹിയ്ക്കുവാനും സഹകരിയ്ക്കുവാനും തയ്യാറാവുകയുള്ളു. ഇല്ലെങ്കിൽ ഇത്തരം ചെന്നായകളുടെ വാക്കുകൾ കേട്ടു് അന്ധരായി പരസ്പരം കൊല്ലുവാൻ നടക്കുന്ന മന്ദബുദ്ധികളായിരിയ്ക്കും എക്കാലവും മനുഷ്യർ.

നിങ്ങൾ ദൈവവിശ്വാസത്തിനും മതത്തിനും എന്തെല്ലാം ഗുണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും, അവസാനം മനുഷ്യവംശത്തിനു ഗുണത്തേക്കാളേറെ ദോഷമേ ഈ ദൈവങ്ങൾ മൂലം ഉണ്ടായിട്ടുള്ളൂ എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വരില്ല. ലോകം മുഴുവൻ മനുഷ്യർ സങ്കല്പിച്ചുണ്ടാക്കിയിട്ടുള്ള ദൈവങ്ങളിൽ ഏതെങ്കിലും ഒരെണ്ണം കഷ്ടപ്പെടുന്നവനെ സഹായിയ്ക്കുവാനോ, പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ അതു മുൻകൂട്ടിയറിഞ്ഞു തടയുവാനോ വന്നിട്ടുണ്ടോ? വല്ലപ്പോഴും മനുഷ്യന്റെ അറിവില്ലായ്മയാൽ എന്തെങ്കിലും ഗുണകരമായതു സംഭവിച്ചാൽ അതു ദൈവത്തിന്റെ തലയിൽ കെട്ടിവെയ്ക്കും. ദോഷമാണു സംഭവിച്ചതെങ്കിൽ അതു മനുഷ്യൻ ദൈവത്തിനെ മറന്നതിനാലാണെന്നും പറഞ്ഞു് മനുഷ്യന്റെ തലയിലും കെട്ടിവെയ്ക്കും.

മനുഷ്യൻ ആരോപിയ്ക്കുന്നതല്ലാതെ, യഥാർത്ഥത്തിൽ മനുഷ്യനെ നേർവഴിയ്ക്കു നടത്തുവാനോ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാനോ ഏതെങ്കിലും ദൈവത്തിനെക്കൊണ്ടു് ആകുമോ?

സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ, നിങ്ങൾ എന്നാണു് ബോധത്തിലേയ്ക്കു വരിക?