ആരാണു് അടുത്ത റേപ്പിസ്റ്റ്?

സോഷ്യൽ മീഡിയയിൽ, സമൂഹത്തിൽ ഒക്കെ എന്താ എല്ലാരുടേം വീര്യം, തല്ലണം കൊല്ലണം, പിന്നെ. ചിലർക്കു് സൌദി നിയമം വേണം, ചിലർ പറയുന്നതു് ഗോവിന്ദച്ചാമിയെ കൊല്ലാഞ്ഞതിനാലാണു് ജിഷയും പോയതു്.

അതിനു മുമ്പു് അടുത്ത റേപ്പിസ്റ്റ് ആരാണെന്നു കണ്ടുപിടിച്ചു് അതു് തടയുകയല്ലേ ആദ്യം ചെയ്യേണ്ടതു്. നിങ്ങളുടെ ഇടയിൽ തന്നെ ഒന്നു അന്വേഷിച്ചു നോക്കു്, കിട്ടും.

1. “ഇവളുമാരെയൊക്കെ ഒരു പാഠം പഠിപ്പിയ്ക്കണം” എന്നു് എപ്പോഴും പറയുന്നവർ നിങ്ങളുടെ ഇടയിൽ തന്നെ കാണും.
2. വേശ്യകളെ മാറി മാറി പൂശി മടുത്തതിനാൽ ഒരു ചേയ്ഞ്ച് നോക്കി നടക്കുന്നവരും നിങ്ങളുടെ ഇടയിൽ കാണും.
3. ടൈറ്റുള്ള …….. നോക്കി നടക്കുന്നവരും നിങ്ങളുടെ ഇടയിൽ തന്നെ കാണും.
4. മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷിയ്ക്കുന്നവരേയും നിങ്ങളുടെ ഇടയിൽ നിന്നു കിട്ടും.

ആദ്യം അവരെ കണ്ടുപിടിച്ചു അവരുടെ സ്വഭാവം നേരെയാക്കാൻ നോക്കു്, അല്ലാതെ റേപ്പ് ചെയ്ത ഒരുവനെ മാത്രം തല്ലിക്കൊന്നിട്ടു് ഇവിടെ ഒന്നും നേരെയാകാൻ പോകുന്നില്ല.

വധശിക്ഷയോടുള്ള ഭയമൊക്കെ, നാലു പെഗ്ഗടിച്ചാൽ മറന്നുപോകും, രണ്ടു പുകയെടുത്താൽ, ഒരിഞ്ചക്ഷൻ ചെയ്താൽ, കൂട്ടം ചേർന്നു് പിരികേറ്റിയാൽ പിന്നെ എന്താ ചെയ്യുന്നതെന്നു് ഇവർക്കു് തന്നെ അറിയില്ല.

നിങ്ങളെല്ലാം സത്യത്തിൽ റേപ്പിനെതിരാണെങ്കിൽ, അടുത്ത റേപ്പ് ചെയ്യാൻ പോകുന്നയാളെ ആദ്യം കണ്ടുപിടിയ്ക്കൂ, അല്ലാതെ, വെറുതെ വളവളാന്നു ഒച്ചയിട്ടിട്ടു് ഒരുകാര്യവുമില്ല.

എല്ലാർക്കും ഇപ്പോൾ ഒരാളെ കൊല്ലാൻ കൈയിൽ കിട്ടിയതിന്റെ ആവേശമാണു്, വൃത്തികെട്ട വർഗ്ഗം.

Advertisements

സദാചാരകാലത്തെ പെൺകുട്ടികൾ

പെൺകുട്ടികളേ, നിങ്ങൾക്കിനിയും മനസ്സിലായില്ലേ, നിങ്ങൾ വളർത്തുമൃഗങ്ങളാണു്.

നിങ്ങളുടെ ചുറ്റിനുമുള്ളവർക്കു് എന്തെങ്കിലും സംശയം തോന്നുന്ന തരത്തിൽ ആരോടും മിണ്ടാൻ പോലും നിങ്ങൾക്കു് അവകാശമില്ല. സംശയമുണ്ടെങ്കിൽ സദാചാരസംഹിതയെടുത്തു വായിച്ചു നോക്കുക.

എവിടെവെച്ചാണെങ്കിലും ഏതെങ്കിലും ചെക്കനോടു് മിണ്ടുന്നതു് ആരെങ്കിലും കണ്ടാൽ, ജീവിതം തന്നെ കുട്ടിച്ചോറാകും. സൂക്ഷിച്ചോളൂ.

പ്രേമം ഒരിയ്ക്കലും പാടില്ല. പ്രേമം പാപമാണു്. അതു് മനുഷ്യർക്കു വേണ്ടിയുള്ളതല്ല. കോഴികൾക്കും ആടുകൾക്കും പട്ടികൾക്കും പശുക്കൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണു് പ്രേമം. കാമത്തിന്റെ കാര്യം കമ എന്നൊരക്ഷരം പറയുന്നതു പോയിട്ടു് ഓർക്കാൻ പോലും പാടില്ല. ഞാനും മിണ്ടുന്നില്ല.

വീടിനു പുറത്തിറങ്ങിയാൽ താഴോട്ടു മാത്രം നോക്കിനടക്കുക, ഒരു ആൺതരിയുടേയും മുഖം മനസ്സിൽ പതിയാതിരിക്കാൻ ശ്രദ്ധിക്കുക. ആരോടും മിണ്ടാനോ, ഇടപഴകാനോ പോകരുതു്. അങ്ങിനെയുള്ള ഇടപഴകലുകളിൽ ചിലതാണു് പ്രേമങ്ങളിലേയ്ക്കെത്തുന്നതു്. എങ്ങാനും മനസ്സിൽ ഇഷ്ടം തോന്നിയാൽ പിന്നെ ആത്മഹത്യമാത്രമേ രക്ഷയുള്ളൂ.

നിങ്ങൾ ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെയും നിങ്ങളിഷ്ടപ്പെടുന്നവന്റെയും കൈയും കാലും തല്ലിയൊടിക്കാനോ, തല്ലിക്കൊല്ലാനോ വരെ തയ്യാറായി സദാചാരഗുണ്ടകൾ എപ്പോഴും ചുറ്റിനും കറങ്ങിനടപ്പുണ്ടെന്നു് മറക്കരുതു്.

അതുകൊണ്ടു് വളരെ സൂക്ഷിച്ചു നിങ്ങളുടെ കൂട്ടിൽ തന്നെ കഴിയുക.

നിങ്ങൾ താമസിക്കുന്ന വീട്ടിനുള്ളിൽ തന്നെ നിങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നവർ കണ്ടേക്കും, സഹിച്ചേക്കുക, വേറെ നിവൃത്തിയില്ല, അതു് നമ്മുടെ സദാചാരത്തിന്റെ ഭാഗമാണു്.

കായ്ക്കാനുള്ള വളർച്ചയെത്തിയാൽ നിങ്ങളെ വളർത്തുന്നവർക്കറിയാം എന്താ ചെയ്യേണ്ടതെന്നു്.

നാട്ടിൽ ആവശ്യത്തിനു് ജനസംഖ്യ ഉണ്ടാക്കുകയെന്നതാണു് നിങ്ങളെക്കൊണ്ടുള്ള ആവശ്യം. അതു മറക്കണ്ട.

പിന്നെ ഇടവിളയെന്ന പോലെ, നിങ്ങൾ ജോലിചെയ്തു സമ്പാദിച്ചാൽ അധികലാഭം.

അപ്പോ, ജാഗ്രതയോടെയിരിക്കുക. കായ്ചു വിളവെടുക്കുന്ന കാലമൊക്കെയും പുഴുകുത്താതെ സൂക്ഷിക്കുക.

‪#‎സദാചാരം‬ ‪#‎സദാചാരഗുണ്ടായിസം‬

No public, just hearings for mega projects

The Hindu : States / Other States : No public, just hearings for mega projects.

കോർപ്പറേറ്റുകളും ബ്യൂറോക്രാറ്റുകളും ചേർന്നു് കൽക്കരി മേഖലകളിൽ എങ്ങിനെയാണു് പാവപ്പെട്ട മനുഷ്യരെ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നു് അടിയോടെ പിഴുതെറിയുന്നതെന്നു് ഗവേഷണം ചെയ്തു കണ്ടുപിടിയ്ക്കേണ്ടതില്ല. അതു് ദശകങ്ങളോ അതോ നൂറ്റാണ്ടുകളോ ആയി തുടരുന്ന ഒരു പ്രക്രിയയാണു്. എന്നാൽ ഗ്രാമങ്ങളിലോ വനങ്ങളിലോ ആകട്ടെ, എല്ലാ മനുഷ്യർക്കും ജീവിയ്ക്കാനുള്ള അവകാശം ഇവിടെ എന്നാണു് എങ്ങിനെയാണു് ഉണ്ടാകാൻ പോകുന്നതു്? ചില്ലുമണിമേടകളിൽ ജീവിയ്ക്കുവാനും ശമ്പളവർദ്ധനയ്ക്കും വേണ്ടിയല്ല അവർ പോരാടി മരിയ്ക്കുന്നതു്. തങ്ങളുടെ ജീവൻ നിലനിർത്താൻ ആകെ ലഭ്യമായ കാട്ടുകിഴങ്ങുകളും പഴങ്ങളും നഷ്ടപ്പെടാതിരിയ്ക്കുവാനാണു്.

പന്നിപ്പനി – ഒരു മുന്നറിയിപ്പു്

കാലത്തെണീറ്റപ്പോൾ മുതൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പു്, ഹൊ ജലദോഷം തുടങ്ങി. ഇനി കഫക്കെട്ടും തലക്കനവും കൊണ്ടു് ഒരാഴ്ച എന്തായാലും സ്വസ്ഥത പോയി.
സുഹൃത്തേ, ശ്രദ്ധിയ്ക്കൂ, ചിലപ്പോൾ നിങ്ങൾക്കു് പന്നിപ്പനിയുടെ ആരംഭമായിരിയ്ക്കാം. ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.
ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.
ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും.
പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.
എന്താണു് സ്വയരക്ഷ?
പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.
രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്

 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു കൈലേസു കൊണ്ടു വായും മൂക്കും പൊതിഞ്ഞുപിടിയ്ക്കുക. ശേഷം ആ കൈലേസു നശിപ്പിയ്ക്കുക.
 • തുമ്മിയതിനും ചുമച്ചതിനും ശേഷം കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകുക.
 • നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ടു തൊടുന്നതു് ഒഴിവാക്കുക. ഇതുവഴിയാണു് രോഗാണു അതിവേഗം പകരുന്നതു്.
 • രോഗികളുടെ അടുത്തു പോകാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. മുൻകരുതലുകൾ എടുക്കുവാൻ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്സുമാരും രോഗിയെ ശുശ്രൂഷിച്ചു കൊള്ളും.
 • പന്നിപ്പനി പോലെയുള്ള എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ, പനി മാറിയതിനു ശേഷവും 24 മണിക്കൂറെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ നോക്കുക. പനിയ്ക്കുള്ള മരുന്നു കഴിയ്ക്കാതെ തന്നെ പനി മാറേണ്ടതാണു്. മറ്റുള്ളവരിൽ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക, അങ്ങിനെ മറ്റുള്ളവരേയും രോഗികളാക്കാതെ കഴിയ്ക്കാം.
 • കുട്ടികൾക്കു രോഗം ബാധിച്ചാൽ, കുട്ടിയുടെ പഠിപ്പു മുടങ്ങുന്നതിൽ വേവലാതിപ്പെട്ടു് രോഗിയായ കുട്ടിയെ സ്ക്കൂളിൽ പറഞ്ഞയയ്ക്കരുതു്. അതു് സ്ക്കൂളിലെ മൊത്തം കുട്ടികളെയും രോഗികളാക്കുന്നതിനേ ഉപകരിയ്ക്കൂ.
 • പ്രധാനമായും നിങ്ങളുടെ കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു് കഴുകി വൃത്തിയായിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ കൈകൾ പലപ്പോഴും അശ്രദ്ധമായി മൂക്കിലും വായിലും സ്പർശിയ്ക്കുന്നതിലൂടെയാണു് രോഗം പകരുന്നതു്.

രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ

 • ദ്രുതശ്വസനം അല്ലെങ്കിൽ ശ്വസിയ്ക്കുന്നതിലുള്ള പ്രയാസം
 • ചർമ്മത്തിനു നീലനിറമോ ചാരനിറമോ കാണുക
 • ആവശ്യത്തിനു വെള്ളം കുടിയ്ക്കാതിരിയ്ക്കുക
 • നിരന്തരമായി ഛർദ്ദിയ്ക്കുക
 • ഉണരാതിരിയ്ക്കുക അല്ലെങ്കിൽ പ്രതികരിയ്ക്കാതിരിയ്ക്കുക
 • കുട്ടിയെ തൊടുവാൻ സമ്മതിയ്ക്കാതിരിയ്ക്കുക
 • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ

 • ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടു്
 • നെഞ്ചിലും വയറ്റിലും വേദന
 • പെട്ടെന്നുള്ള തലകറക്കം
 • നിരന്തരമായ ഛർദ്ദി
 • ജലദോഷ ലക്ഷണങ്ങൾ മാറിയെന്നാലും പനിയും കഠിനമായ ചുമയും തിരിച്ചുവരിക.

പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി.
നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.

പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.

അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.

സാമ്പത്തികമാന്ദ്യം പോയോ?

സാമ്പത്തികമാന്ദ്യം പോയോ പോയോ എന്നും നോക്കിയിരിയ്ക്കുമ്പോൾ, ദേ കേൾക്കുന്നു, “അതു വരുന്നേയുള്ളൂന്നു്”.

 1. ഒബാമ നികുതിനയം മാറ്റിയതു് ഇന്ത്യൻ കമ്പനികളുടെ വരുമാനവും ജോലിയും കുറയ്ക്കാൻ പോകുന്നതേയുള്ളൂ.
 2. ഐടി മേഖലിയിൽ ഇപ്പോൾ തന്നെ കുറേപ്പേർക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു.
 3. കേരളത്തിൽ നിന്നുള്ള കയറ്റുമതികൾ ആവശ്യക്കാരില്ലാത്തതിനാൽ മടങ്ങിയെത്തിത്തുടങ്ങിയെന്നു് വാർത്ത. താഴെ മാതൃഭൂമിയിലെ വാർത്തയുടെ പകർപ്പുണ്ടു്.
 4. കശുവണ്ടിയ്ക്കും സമുദ്രോല്പന്നങ്ങൾക്കും ചെലവില്ലാതായാൽ, കേരളത്തിന്റെ ഒരു ഭാഗം തളർന്നു തുടങ്ങും. നാട്ടിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കും തൊഴിൽ നഷ്ടപ്പെടുവാൻ തുടങ്ങും.
 5. ഇപ്പോൾ തന്നെ ഗൾഫിൽ നിന്നു് ഇഷ്ടം പോലെ പേർ തൊഴിലില്ലാതെ മടങ്ങുന്നുണ്ടു്.
 6. ലോകത്തിന്റെ നാനാഭാഗങ്ങളിൽ തൊഴിലാവശ്യത്തിനായി മാത്രം പുറപ്പെട്ടുപോയിട്ടുള്ള നമ്മളിൽ ഭൂരിഭാഗവും മടക്കത്തിന്റെ പാതയിലാണു്.

സാമ്പത്തികമാന്ദ്യം തന്റെ യഥാർത്ഥ മുഖം കാണിച്ചിട്ടേ അടങ്ങുകയുള്ളൂവെന്നാണോ?

ചെന്നൈ മെട്രോവാട്ടർ നിങ്ങളുടെ ജീവനെടുക്കാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക

ചെന്നൈയിൽ നിന്നു് 70 കിമി അകലെ, ചിന്നകാഞ്ചീപുരം എന്നയിടത്തു് സർക്കാർ വിതരണം ചെയ്ത മലിനമായ കുടിവെള്ളം കുടിച്ചു് ഒരു പിഞ്ചുബാലികയടക്കം ഏഴുപേർ മരിയ്ക്കുകയും, മുന്നൂറോളം പേർ വയറിളക്കവും മറ്റു പ്രശ്നങ്ങളുമായി ആശുപത്രികളിലാവുകയും ചെയ്തു.

നഗരവാസികളേ, ഇവിടെ ശ്രദ്ധിയ്ക്കുക, പൊട്ടിയ കുടിവെള്ളവിതരണക്കുഴലുകളിലൂടെ കടന്നു വരുന്ന മാലിന്യങ്ങളും വ്യാവസായികവിഷങ്ങളും ഒരു ദിവസം നിങ്ങളുടെയും ജീവനെടുക്കാതിരിയ്ക്കുവാൻ നിങ്ങൾ തന്നെ ശ്രദ്ധിയ്ക്കുക. ഇതു് കുടിവെള്ളം കച്ചവടം ചെയ്യുന്നവർക്കു് വേണ്ടിയുള്ള പ്രൊപ്പഗാണ്ടയല്ല, ദൌർഭാഗ്യവശാൽ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിയ്ക്കാതെ നഗരവാസികൾക്കു് ജീവിയ്ക്കാൻ വയ്യെന്നായിരിയ്ക്കുന്നു.

വാർത്തയുടെ കഷ്ണം ഇവിടെ കാണാം.

ചെന്നൈ നഗരത്തിലെ കുടിവെള്ളം വിഷം

ചെന്നൈ നഗരത്തിലെ തിരുവൊട്രിയൂർ എന്ന സ്ഥലത്താണ് ഞാനിപ്പോൾ താമസിയ്ക്കുന്നത്. ഇവിടെ കുടിവെള്ളം ഒരു ആഡംബരവസ്തുവാണ്. സർക്കാർ പൈപ്പുകളിലൂടെ കുടിവെള്ളം എത്തുന്നത് നാലുദിവസം കൂടുമ്പോൾ രണ്ടുമണിക്കൂർ മാത്രമാണ്. അതും ചാമ്പുപൈപ്പുപയോഗിച്ച് അടിച്ചെടുക്കണം. അഞ്ചും പത്തും കുടങ്ങളിലും ഡ്രമ്മുകളിലുമെല്ലാം വെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും കുടിയ്ക്കുവാനും മറ്റും ഉപയോഗിയ്ക്കും. അതെങ്കിലും ഉണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.

ഇന്നലെയാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാലു ദിവസം മുൻപ് പിടിച്ച് അടച്ചു വെച്ച ഡ്രം ഇന്നലെ തുറന്നു നോക്കിയപ്പോഴുണ്ട്, നിറയെ കൊതുകുകൂത്താടികൾ ഡ്രമ്മിലെ വെള്ളം മുഴുവൻ വെട്ടിവെട്ടി നടക്കുന്നു. ഇതെങ്ങിനെ വന്നുവെന്ന് അത്ഭുതപ്പെട്ട ഞാൻ, ഇവിടത്തെ മുൻഗാമികളോട് അന്വേഷിച്ചപ്പോൾ, അതൊക്കെ ‘സാധാരണ’മാണത്രേ, പൈപ്പിലൂടെ വരുന്ന വെള്ളം തുണികൊണ്ട് അരിച്ചാണ് എല്ലാവരും എടുക്കുന്നത് (ഞാൻ കരുതി വല്ല കരടുമുണ്ടെങ്കിൽ പോയ്ക്കോട്ടേന്നു വിചാരിച്ചിട്ടായിരിയ്ക്കുംന്ന്), പക്ഷേ നാലഞ്ചു ദിവസം വെച്ചാൽ അരിപ്പയിലൂടെ കടന്നു പോയ കൊതുകുമുട്ടകളെല്ലാം വളർന്ന് കൂത്താടികളാവും. അപ്പോഴാണ് കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിന്റെ അപകടം ഞാൻ മനസ്സിലാക്കുന്നത്. നാലു ദിവസത്തിലൊരിയ്ക്കൽ അമൃതുപോലെ കിട്ടുന്ന സാധനം വിഷമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

കാണാൻ പറ്റുന്ന കൂത്താടികൾ കൂടാതെ, നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത എത്രയെത്ര രോഗാണുക്കൾ ഡ്രെയ്നേജുകളിൽ നിന്ന് ഈ കുടിവെള്ളവിതരണപൈപ്പുകളിലേയ്ക്കു കടക്കുന്നു എന്ന് സാധാരണക്കാർ എവിടെയറിയുന്നു. ചികുൻഗുനിയയും എലിപ്പനിയും പിടിച്ച് സാധാരണക്കാർ ചത്തുവീഴുന്ന സീസണുകളിൽ തിരക്കേറുന്ന ‘കമ്മ്യൂണിക്കബിൾ ഡിസീസസ് ഹോസ്പിറ്റലും’ ഞാൻ ദിവസേന ജോലിയ്ക്കു പോകുമ്പോൾ കാണുന്നുണ്ട്.

ഡോക്ടർമാർക്കും മരുന്നുകമ്പനികൾക്കും മെഡിക്കൽ ലാബുകൾക്കും ഇലക്ട്രിക് ശ്മശാനത്തിനും ലാഭങ്ങൾ നേടിക്കൊടുക്കുകയാണ് ഇന്ന് കുടിവെള്ളപൊതുവിതരണസംവിധാനത്തിന്റെ ലക്ഷ്യങ്ങൾ. ഗ്യാസിനും മറ്റും അനിയന്ത്രിതമായി വിലകൂട്ടിക്കൊണ്ട്, വെള്ളം തിളപ്പിച്ച് മാത്രം കുടിയ്ക്കുക എന്ന് അവരെ ഉദ്ബോധിയ്ക്കുക മാത്രമാണ് ഇതിന് പോംവഴിയെന്ന് വിദഗ്ദ്ധരും പറയുന്നു.

ജനങ്ങളുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പോരാടുന്ന വിപ്ലവപാർട്ടികൾ ഇവിടെയും ഉണ്ടെന്നാണ് അറിവ്, പക്ഷേ തിരഞ്ഞെടുപ്പുകൾ മാത്രമാണല്ലോ അവരുടെ ചർച്ചകളിലെല്ലാം നിറഞ്ഞുനില്ക്കുന്നത്.

‘വെള്ളത്തിനു വേണ്ടിയായിരിയ്ക്കും ഭാവിയിലെ യുദ്ധങ്ങളെല്ലാം’, എന്നത് വല്ലാത്തൊരു ദീർഘദർശനം തന്നെ. അതിലെ കടുത്ത യാഥാർത്ഥ്യം അറിഞ്ഞുതുടങ്ങുന്നു.

Tags:

പാടംനികത്തുന്ന പുതുപ്പണം

പുതുപ്പണം നികത്തിയെടുത്ത പാടശേഖരത്തിന്റെ അവസാനജീവന്‍ നഷ്ടപ്പെടുന്നതു് അച്ച്യുതാനന്ദന്‍ ഭരിക്കുമ്പോഴാണെന്നതു് യാദൃശ്ചികമാവാം, അല്ലെങ്കില്‍ എല്ലാം ഒരു കാട്ടിക്കൂട്ടല്‍ മാത്രവും ആവാം.
20071013-landfill-2.jpg20071013-landfill-1.jpg

ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍

ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍ ഞങ്ങളെപോലെ പാവങ്ങള്‍ക്കു് വീടുവെയ്ക്കാന്‍ വെള്ളവും ബാക്കിയുണ്ടാവുമോ?

20080107-houseunderbridge.jpg

ബഹ്രൈനില്‍ അതിഭീകരമണല്‍ക്കാറ്റ്

സൌദിമണല്‍ക്കാടുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അതിഭയങ്കരമായ വേഗതയില്‍ മണല്‍ക്കാറ്റടിക്കുകയാണു് ബഹ്രൈനില്‍. ആദ്യമായാണു് ഇത്തരമൊരു കൊടുങ്കാറ്റിനു് സാക്ഷ്യം വഹിക്കുന്നതു്. ആറുമണിവരെ ശാന്തസുന്ദരമായിരുന്ന സന്ധ്യ ഏഴുമണിയോടെ രൌദ്രഭാവം പൂണ്ടു കലിതുള്ളുന്നതാണു് കാണുന്നതു്.