ട്വിറ്ററിനു കീഴടങ്ങലുകളുടെ നീണ്ട ചരിത്രം

റഷ്യയും ജോർജ്ജ്യയും തമ്മിലുള്ള അതിർത്തി തർക്കം, ട്വീറ്റർ സർവറുകളുടെ തകർച്ചയിൽ കലാശിച്ചു. 45 ദശലക്ഷം ട്വിറ്റർ ഉപയോക്താക്കളെ പെരുവഴിയിലെറിഞ്ഞു കൊണ്ടു് ട്വിറ്റർ സൈറ്റു് നിശ്ചലമായി. ജൂലൈ ആറാം തീയ്യതി അതികാലെയാണു് സിക്സിമു എന്ന തൂലികാ നാമത്തിൽ ബ്ലോഗെഴുതുന്ന ജോർജ്ജിയക്കാരനെതിരെ എതിരാളികൾ സൈബർ ആക്രമണം തുടങ്ങിയതു്. റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ, ലൈവ്ജേണൽ തുടങ്ങിയവയിൽ റഷ്യയെ വിമർശിയ്ക്കുന്ന ലേഖനങ്ങൾ എഴുതുന്ന നമ്മുടെ കഥാനായകന്റെ വായടപ്പിയ്ക്കുന്നതിനു വേണ്ടിയാണു് ഈ ആക്രമണം നടത്തിയതെന്നു് കരുതാം.

പക്ഷേ, ഒരു വ്യക്തിയെ ലക്ഷ്യം വെച്ച ആക്രമണം എങ്ങിനെ ട്വിറ്ററിന്റെ മൊത്തം സേവനങ്ങളേയും ബാധിച്ചു? സത്യത്തിൽ ഈ ബ്ലോഗറുടെ ഗൂഗിൾ, ലൈവ്ജേണൽ, യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലെ പേജുകളിലേയ്ക്കും ആക്രമണം നടന്നിരുന്നു. എന്നാൽ ഗൂഗിളിനും ലൈവ്ജേണലിനുമെല്ലാം കൂടുതൽ ശക്തമായ പ്രതിരോധസംവിധാനങ്ങൾ ഉള്ളതിനാൽ, ആക്രമണം അവരെയൊന്നും ബാധിച്ചില്ല. പക്ഷേ ട്വിറ്ററിന്റെ സർവറുകൾ മാത്രം തകർന്നു തരിപ്പണമായിപ്പോയി. ഇതു ട്വിറ്ററിന്റെ സ്ഥിരം ബലഹീനതയാണോ? ട്വിറ്ററിനു കീഴടങ്ങലുകളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ടു്. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാം, ട്വിറ്റർ ഇപ്പോഴും ബാല്യം വിട്ടിട്ടില്ല.

Advertisements

പല്ലുവളർത്തൽ ഒരു വിജയകഥ

പല്ലുകൾ കേടുവന്നു പറിച്ചു കളയേണ്ടി വന്നവർക്കു് അത്യന്തം സന്തോഷം നല്കുന്ന ഒരു വാർത്തയാണിതു്. എലിയുടെ മാതൃകോശത്തിൽ നിന്നും തീർത്തും യഥാർത്ഥമായ പല്ലു വളർത്തിയെടുക്കുന്നതിൽ ജപ്പാനിലെ ശാസ്ത്രജ്ഞർ വിജയിച്ചിരിയ്ക്കുന്നു. അതും വെറും ഒരു മാസം കൊണ്ടു്.

ടോക്യോ ശാസ്ത്രസർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ആദ്യം എലിയുടെ മാതൃകോശത്തിൽ നിന്നും ഒരു ‘ടൂത്ത് ജേം’ (പല്ലിന്റെ വിത്തു്) സൃഷ്ടിച്ചു. 0.02 ഇഞ്ചു് മാത്രം വലിപ്പമുള്ള ആ പല്ലിന്റെ വിത്തു് പിന്നീടു് എലിയുടെ പല്ലു പോയ ഒരു കുഴിയിൽ നിക്ഷേപിച്ചതിനു ശേഷം കാത്തിരുന്നു. ഒരു മാസത്തിനുള്ളിൽ മോണയിലെ കുഴിയിൽ നിന്നും ഒരു പുതിയ പല്ലു മുളച്ചു വന്നു. തീർത്തും പ്രകൃതിദത്തമായ നല്ല ഉറപ്പും ഗുണവുമുള്ള യഥാർത്ഥമായ പല്ലു്.

രണ്ടായിരത്തിയേഴിൽ തന്നെ പല്ലു വളർത്തിയെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിരുന്നു, പക്ഷേ അന്നവർ എലിയുടെ വയറ്റിലായിരുന്നു പല്ലുവളർത്തൽ പരീക്ഷണം നടത്തിയതെന്നു മാത്രം.

ഈ കണ്ടുപിടുത്തം ഇനി മറ്റുള്ള അവയവങ്ങൾ വളർത്തിയെടുക്കുന്നതിലേയ്ക്കുള്ള ഒരു നിർണ്ണായകമായ കാൽവെപ്പാണെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കരൾ, കണ്ണുകൾ, കിഡ്നി, ഹൃദയം മുതലായ ഒരുപാടു അവയവങ്ങൾ രോഗികൾക്കു് വളരെ അത്യാവശ്യമായിരിയ്ക്കുന്ന ഈ ലോകത്തു്, ഈയൊരു വാർത്ത വളരെ ആഹ്ലാദം പകരുന്നതാണെന്നതിൽ തർക്കമില്ല.

ഈ വാർത്തയുടെ മൂലകൃതി ഇവിടെ ->

http://news.nationalgeographic.com/news/2009/08/090803-mouse-green-tooth-stem-cells.html

കുബുന്ദു 8.10

ദാ, ഇപ്പ തന്നെ കുബുന്ദു 8.10 പുറത്തിറങ്ങി. കെഡിഇ 4.1.2 ആണ് പ്രധാന ആകർഷണം. ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും, ഇഷ്ടനൊരു കിടിലൻ തന്നെയാണ് കേട്ടോ. വേഗം പോയി പകർത്തി, എന്റെ കമ്പ്യൂട്ടറിൽ സ്ഥാപിയ്ക്കട്ടെ. അപ്പ പിന്നെ കാണാം. പിന്തിരിഞ്ഞു നോക്കാതെ……..

ദിനപത്രം.കോം

സുഹൃത്തേ, ബ്ലോഗുവായന ദിനവും ഒരു വെല്ലുവിളിയായി മാറുകയാണോ? പോസ്റ്റുകളുടെ പെരുമഴയില്‍ നിങ്ങള്‍ ഒലിച്ചു പോവുകയാണോ? നിങ്ങള്‍ വായിയ്ക്കാനിഷ്ടപ്പെടുന്ന ലേഖനങ്ങളും കഥകളും നിങ്ങളുടെ ശ്രദ്ധയില്‍പെടാതെ കടന്നു പോകുന്നുവോ? കഴിഞ്ഞുപോയ ദിനങ്ങളിലെ കഥകളും മറ്റു കൃതികളും നിങ്ങള്‍ക്കപ്രാപ്യമാവുന്നുവോ?
ഇതാ ഒരു പോംവഴി, http://dinapathram.com

ഇതൊരു പുതിയ പരീക്ഷണമാണു്. പോരായ്മകളും തെറ്റുകുറ്റങ്ങളും ഒരുപാടുണ്ടാകും. സദയം ക്ഷമിച്ചു് വഴികാട്ടണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.

എന്നു കെവിനും സിജിയും

ഫ്ലോകില് നിന്നൊരു പരീക്ഷണം

ഫ്ലോക് ഉപയോഗിക്കാന് തുടങ്ങിയിട്ടു കുറച്ചു കാലമായി. പക്ഷേ ഇപ്പോഴാണു് ഇതിന്റെ ബ്ലോഗിങ് സൌകര്യം ഒന്നു പരീക്ഷിച്ചു നോക്കാന് തോന്നിയതു്. ലോഗിന് ചെയ്യാതെ തന്നെ ലേഖനങ്ങള് തയ്യാറാക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാമെന്നതു തന്നെയാണു് ഇതിന്റെ ഏതു ബ്ലോഗുക്ലയന്റിനെയും പോലെ ഇതിന്റെയും ഒരു മേന്മ. എങ്ങിനെയുണ്ടെന്നു നോക്കട്ടെ.

Blogged with Flock

മലയാളം കമ്പ്യൂട്ടിങ് എവിടെയെത്തി?

e.jpgമലയാളത്തിലെ ചില്ലുപ്രശ്നം എന്നത്തേയ്ക്കുമായി പരിഹരിച്ചിരിക്കുന്നു എന്നു പറയാം. പക്ഷേ ഞങ്ങള്‍ (ഞാന്‍, സിബു, പെരി അങ്ങനെ പലരും) അതു നടപ്പിലാക്കാന്‍ അടുത്ത യുണീക്കോഡ് വേര്‍ഷന്‍ പ്രസിദ്ധീകരിയ്ക്കുന്നതു് വരെ കാക്കുകയാണു്, കാരണം, കഴിഞ്ഞ പ്രാവശ്യം ചില്ലുകള്‍ക്കു പുതിയ കോഡുകള്‍ ഏര്‍പ്പെടുത്തിയതിനേറ്റ തിരിച്ചടി മൂലം ഉണ്ടായ കൊളാബ്രിക്കേഷനുകള്‍ ഇനിയും വേണ്ടെന്നു കരുതിയാണു്. ചുരുക്കി പറഞ്ഞാല്‍ ചില്ലിനെ സംബന്ധിച്ചു് ഇനി യാതൊരു പ്രശ്നങ്ങളുമില്ല. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ചില്ലടിക്കുന്ന രീതി മാറും, പുതിയ യുണീക്കോഡ് രീതി അവലംബിക്കുമ്പോള്‍. പക്ഷേ അതു് സാധാരണ ഉപയോക്താവിനെ സംബന്ധിക്കുന്ന പ്രശ്നമല്ല. ഞങ്ങള്‍ ഇടക്കാലത്തു് വച്ചു് ചില്ലിനു പുതിയ കോഡു കൊടുത്തതു് ഓര്‍ക്കുന്നുണ്ടാവും, ആ കോഡുകള്‍ തിരിച്ചു വരും. എവിടെയും എങ്ങിനെയും ചില്ലുകള്‍ നല്ല മര്യാദക്കാരായി തന്നെ ഇനി വാഴും.

a.jpgഇതുകൂടാതെ ഇനിയൊരു പ്രശ്നം ബാക്കി നില്ക്കുന്നതു്, രേഫത്തെ സംബന്ധിച്ചാണു്. അതിനു കോഡ് വേണമെന്നു് സിബുവും മറ്റും വാദിക്കുമ്പോള്‍ വേണ്ടെന്നാണു് എന്റെ നിലപാടു്. ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ ഇതും മലയാളം കമ്പ്യൂട്ടിങ്ങിനെ കാര്യമായി ബാധിക്കുന്ന പ്രശ്നമല്ല.

പിന്നെ കൊള്ളേഷന്‍, ഒന്നുകൂടി മിനുക്കാനുണ്ടെന്നു മാത്രം.

മലയാളം കമ്പ്യൂട്ടിങ്ങിനു് യുണീക്കോഡ് സര്‍വ്വതന്ത്രപരമായി ഒരുങ്ങിക്കഴിഞ്ഞു എന്നു പറയാം. ഇനി വേണ്ടതു് പബ്ലിഷിങ് സോഫ്റ്റവെയറുകള്‍ യുണീക്കോഡ് ഇംപ്ലിമെന്റ് ചെയ്യുകയാണു്. അഡോബിയുടെ മിക്ക സോഫ്റ്റുവെയറുകളും യുണീക്കോഡിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയിട്ടില്ല. ഉദാഃ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, തുടങ്ങിയവ. കൂടാതെ ലിനക്സ് റെന്‍ഡറിങ് എഞ്ചിനുകളും(പാങ്കോ മുതലായവ) ഫോണ്ടുകളും കുറച്ചു പിന്നാക്കമാണു്. മൈക്രൊസോഫ്റ്റിന്റെ റെന്‍ഡറിങ്ങും സമ്പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂടാ. പിന്നെ നല്ല പ്രൊഫഷണല്‍ ഫോണ്ടുകളുടെ ലഭ്യത. ഇതെല്ലാം ചുരുങ്ങിയ കാലം കൊണ്ടു് തന്നെ നീങ്ങിപോകുന്ന പ്രശ്നങ്ങളാണു്.

ഇതിലും വലിയ വേറൊരു പ്രശ്നം‍ മലയാളം കമ്പ്യൂട്ടിങ് നേരിടുന്നുണ്ടു്. മലയാളത്തോടു് ആഭിമുഖ്യമില്ലത്ത മലയാളിജനത. ആ പ്രശ്നവും പതുക്കെ, വളരെ പതുക്കെ മാറുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. അതിനു വേണ്ടി നമുക്കു പ്രയത്നിക്കാം.

കുട്ടിച്ചാത്തന്‍

കുട്ടിച്ചാത്തനെന്നു വിളിക്കാനാണെനിക്കിഷ്ടം.Kuttichattan

ഇവന്‍ ആദ്യനോട്ടത്തില്‍ കൊള്ളാമെന്നു തോന്നുന്നു. ഇവനോടപ്പമൊന്നു കളിച്ചു നോക്കീട്ടു പറയാം തനിക്കൊണം. ബ്ലോഗറിലു പോയി ഹാജര്‍ ബുക്കൊപ്പിട്ട് പലരുടേയും കാലുതിരുമി ബ്ലോഗുന്ന ബുദ്ധിമുട്ടൊന്നും ഇവനെ കൂട്ടുപിടിച്ചാലുണ്ടാവില്ലെന്നേ. ബ്രോസറു തുറക്കേവേണ്ട. ഇടയ്ക്കിടയ്ക്കു പതുക്കെ അടിച്ചുണ്ടാക്കി സൂക്ഷിച്ചു വച്ചു, മുതലാളി മാറുന്ന തക്കത്തിനു പോസ്റ്റാം. ഇതും അതുപോലൊക്കെ തന്നെ പോസ്റ്റുന്നതാണെന്നു പറയാം. ഞാനിന്നാണിവനെ കണ്ടുമുട്ടിയതു്. പരീക്ഷിച്ചു നോക്കട്ടെ. കുറച്ചു കഴിഞ്ഞിട്ടു പറയാം ബാക്കി വിവരങ്ങള്‍. മലയാളത്തിലടിക്കാന്‍ പറ്റുന്നതു തന്നെ എനിയ്ക്കിഷ്ടപ്പെടാനുണ്ടായ പ്രധാനകാരണം.

എന്നാവും നമ്മളും മോഡേണാവുക?

ടെക്നോളജി കുതിച്ചു ചാടി, ഇപ്പോള്‍ വമ്പന്‍ ബാങ്കിടപാടുകള്‍ വരെ ജനങ്ങള്‍ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ വഴിയും സാധിക്കുന്നു. എന്തുകൊണ്ടു് പൊതുതിരഞ്ഞെടുപ്പിനും ഈ ടെക്നോളജി ഉപയോഗിച്ചു കൂടാ?

ഏതൊരു പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൌരനും ലോകത്തെവിടെയിരുന്നും അവന്റെ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ഇതു മൂലം സാധിക്കും.

തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ യൂസര്‍ ഐഡിയായും, പിന്നെ ബാങ്കുകള്‍ നല്‍കുന്ന പോലെ പാസു്വേഡും നല്‍കിയാല്‍ ആര്‍ക്കും ബൂത്തുപിടിക്കാനോ, കള്ളവോട്ടു ചെയ്യാനോ, എതിര്‍പാര്‍ട്ടിയില്‍പെട്ട ജനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒന്നിനു രണ്ടായിരം രൂപ എന്ന നിരക്കില്‍ മൊത്തമായി വിലയ്ക്കു വാങ്ങിച്ചു വോട്ടുകള്‍ മുക്കാനോ ആവില്ല. ആര്‍ക്കും ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും വോട്ടു ചെയ്യാം. ഇന്റര്‍നെറ്റില്ലാത്തവര്‍ക്കായി നെറ്റുവര്‍ക്കുമായി കണക്ടു ചെയ്ത വോട്ടിങ്ങ് യന്ത്രങ്ങള്‍ (ബാങ്കുകളുടെ എടിയെമ്മുകള്‍ പോലെ), ഇപ്പോഴത്തെ പോലെ തന്നെ വോട്ടിങ്ങ് ബൂത്തായി ഉപയോഗിക്കാം.

എന്നാവും നമ്മളും മോഡേണാവുക?

കറുമ്പി 0.810

കറുമ്പി രണ്ടുതരം ചില്ലുകളോടെ. പഴയതു എടുത്തുകളഞ്ഞതിനു ശേഷം, ഇവിടെ നിന്നും പുതിയതു പകര്‍ത്തി സ്ഥാപിയ്ക്കുക.

വേഡു്പ്രസ്സില്‍ എല്ലാം സാധ്യമാണു്

സിബു പറഞ്ഞതെല്ലാം സാധ്യമാണു്.

  1. photos blogging, പിന്നില്ലാതെ.
  2. comment notificaiton email, തീര്‍ച്ചയായും, പക്ഷേ എന്റെ ബൂലോഗത്തിലെ കമന്റുകള്‍ മെയിലില്‍ വരാത്തതു് സൌജന്യഉപഭോക്താക്കളുടെ മെയിലുകള്‍ ഈ ഹോസ്റ്റ് തടയുന്നതു കൊണ്ടാണു്.
  3. multiple authors for a blog , പിന്നില്ലാതെ.
  4. backlink, പിന്നില്ലാതെ.
  5. word verification, പിന്നില്ലാതെ.
  6. gui editing window, പിന്നില്ലാതെ.

വെറെന്തു വേണം, താഴെ നോക്കൂ ഞാനീ പോസ്റ്റെഴുതുമ്പോളെടുത്ത സ്ക്രീന്‍ഷോട്ടു്

 വേഡു്പ്രസ് പോസ്റ്റ് വിന്‍ഡോ

കൂടാതെ backup: നിങ്ങളുടെ ബൂലോഗത്തിലെ ഒരക്ഷരം പോലും നഷ്ടപെട്ടു പോകാതെ (പിന്മൊഴികളടക്കം)പകര്‍പ്പെടുത്തു സൂക്ഷിയ്ക്കാനും, വീണ്ടും വേറോരിടത്തു പുനസ്ഥാപിയ്ക്കാനും വേഡു്പ്രസ്സിനല്ലാതെ വെറെന്തിനു കഴിയും.