അന്യമതവെറുപ്പിന്റെ ദുഷിച്ച കാറ്റ്

ഈ ലോകം മതവിശ്വാസികളാൽ നിറഞ്ഞതാണു്. ഒരു മതമല്ല, അനേകം അനേകം. മനുഷ്യവർഗ്ഗത്തിന്റെ അറിയപ്പെട്ട ചരിത്രത്തിൽ തുടക്കം മുതൽ കാണുന്ന സംഗതിയാണു് അന്യമതവിശ്വാസത്തെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമം. ആധുനിക മനുഷ്യന്റെ കാലഘട്ടത്തിലാണു് കുറച്ചെങ്കിലും സഹിഷ്ണുതയോടെ പലമതക്കാർ ഒരേ രാജ്യത്തു് ഒരുമിച്ചു ജീവിയ്ക്കുന്നതു്. എന്നാൽ, അന്യമതവിശ്വാസത്തോടുള്ള അസഹിഷ്ണുത പൂർണ്ണമായും മനുഷ്യവർഗ്ഗം ഉപേക്ഷിച്ചിട്ടുമില്ല. കൊല്ലും കൊലയും ചെയ്യുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നു മാത്രം. എന്നുവെച്ചു് അന്യമതവിശ്വാസത്തോടും വിശ്വാസികളോടും മനസ്സിലുള്ള അകൽച്ചയും വെറുപ്പും പുറത്തുകാണിയ്ക്കാതിരിയ്ക്കുകയുമില്ല, പലരും അതു് പലവിധത്തിൽ പ്രകടിപ്പിയ്ക്കും, അന്യമതക്കാർക്കു് വീടു വാടകയ്ക്കു നല്കാതെയും, അവരുടെ സ്കൂളിൽ പഠിയ്ക്കാതെയും, അങ്ങനെ അങ്ങനെ. ചിലർ കാണുന്നവരോടെല്ലാം തങ്ങളുടെ ഉള്ളിലെ അന്യമതവെറുപ്പു് വായിലൂടെ അലക്കിക്കൊണ്ടിരിയ്ക്കും. ഈ വായ്നാറ്റവും അസഹ്യമാണു്.

ഇങ്ങനെയൊക്കെയുള്ള ഈ ലോകത്തു്, അന്യമതവെറുപ്പിന്റെ ദുഷിച്ച കാറ്റടിയ്ക്കാതെ ജീവിയ്ക്കാൻ സാധ്യമല്ല. (പുറംലോകമറിയാതെ, ഏതെങ്കിലും മലയിലുള്ള മൊണാസ്ട്രിയിൽ പോയി ജീവിയ്ക്കണം.) ആ കാറ്റിനോടു പ്രതികരിയ്ക്കുന്നതു് സ്വന്തം വികാരവും ആളിക്കത്തിയ്ക്കുന്നതിലേയ്ക്കേ എത്തുകയുള്ളു.

അത്തരം സന്ദർഭങ്ങളിൽ, ഈ ലോകത്തുള്ള വിശ്വാസികൾ തമ്മിലുള്ള അന്തരവും അതിലൂടെ അവർ തമ്മിലുള്ള അകലവും എങ്ങനെ കുറയ്ക്കാം എന്നു ചിന്തിയ്ക്കൂ.

Advertisements

ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം

മനുഷ്യനു് ഒന്നും അറിയില്ല എന്ന അറിവു് സമ്മതിക്കുന്നിടത്താണു് നിരീശ്വരവാദത്തിന്റെ ആരംഭം. ജ്ഞാനം അന്വേഷിച്ചുകൊണ്ടേയിരിക്കേണ്ടതാണെന്ന അറിവു്.

മനുഷ്യനു് ഒന്നും അറിയില്ലെങ്കിലും ഒന്നും അന്വേഷിക്കാതെ ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം.

സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ …

പരസ്പരം ദോഷാരോപണം നടത്തുന്ന നിങ്ങളോടു ഞാനൊരു കാര്യം ചോദിയ്ക്കട്ടെ. ഈ മതങ്ങളും അവയുടെ ദല്ലാളന്മാർ അടിച്ചേൽപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമാകുമായിരുന്നു ഭൂമി.

മനുഷ്യവംശത്തിന്റെ പകുതിയിലധികം ഊർജ്ജം ചെലവാക്കപ്പെടുന്നതു് :

  • സ്വന്തം അന്ധവിശ്വാസങ്ങളെ പരിപോഷിപ്പിയ്ക്കുവാനും മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങളിൽ കുറ്റം കണ്ടെത്തുവാനുമാണു്.
  • തന്റെ മതം തന്നെ വിശ്വസിപ്പിച്ച ദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നു വാദിയ്ക്കുവാനും തെളിയിയ്ക്കുവാനുമാണു്.
  • തന്റെ മതത്തിൽ ആളെ റിക്രൂട്ട് ചെയ്ത് സംഘശക്തി വർദ്ധിപ്പിയ്ക്കുവാനും, തന്റെ മതത്തിനെ എതിർക്കുന്നവരെന്നു തോന്നുന്നവരോടു പോരാടുവാനുമാണു്.
  • ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത മതഭ്രാന്തുകൾക്കു വേണ്ടിയാണു് മനുഷ്യവംശം ഏറെക്കാലമായി ചോരയും നീരും ചെലവാക്കുന്നതു്.

ഇതിൽ നിന്നെല്ലാം ലാഭം കൊയ്യുന്നതാരാണു്? എല്ലാ മതത്തിലുമുള്ള പുരോഹിതന്മാരാണു് ഇതിലെ ചെന്നായകൾ. ആട്ടിൻകുട്ടികളെ കൂട്ടിയടിപ്പിച്ചു് ചോര കുടിയ്ക്കാൻ കൊതിയ്ക്കുന്ന ഈ വർഗ്ഗം എന്നു് ഇല്ലാതാവുന്നോ, അന്നേ സാധാരണക്കാരായ മനുഷ്യർ പരസ്പരം സ്നേഹിയ്ക്കുവാനും സഹകരിയ്ക്കുവാനും തയ്യാറാവുകയുള്ളു. ഇല്ലെങ്കിൽ ഇത്തരം ചെന്നായകളുടെ വാക്കുകൾ കേട്ടു് അന്ധരായി പരസ്പരം കൊല്ലുവാൻ നടക്കുന്ന മന്ദബുദ്ധികളായിരിയ്ക്കും എക്കാലവും മനുഷ്യർ.

നിങ്ങൾ ദൈവവിശ്വാസത്തിനും മതത്തിനും എന്തെല്ലാം ഗുണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും, അവസാനം മനുഷ്യവംശത്തിനു ഗുണത്തേക്കാളേറെ ദോഷമേ ഈ ദൈവങ്ങൾ മൂലം ഉണ്ടായിട്ടുള്ളൂ എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വരില്ല. ലോകം മുഴുവൻ മനുഷ്യർ സങ്കല്പിച്ചുണ്ടാക്കിയിട്ടുള്ള ദൈവങ്ങളിൽ ഏതെങ്കിലും ഒരെണ്ണം കഷ്ടപ്പെടുന്നവനെ സഹായിയ്ക്കുവാനോ, പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ അതു മുൻകൂട്ടിയറിഞ്ഞു തടയുവാനോ വന്നിട്ടുണ്ടോ? വല്ലപ്പോഴും മനുഷ്യന്റെ അറിവില്ലായ്മയാൽ എന്തെങ്കിലും ഗുണകരമായതു സംഭവിച്ചാൽ അതു ദൈവത്തിന്റെ തലയിൽ കെട്ടിവെയ്ക്കും. ദോഷമാണു സംഭവിച്ചതെങ്കിൽ അതു മനുഷ്യൻ ദൈവത്തിനെ മറന്നതിനാലാണെന്നും പറഞ്ഞു് മനുഷ്യന്റെ തലയിലും കെട്ടിവെയ്ക്കും.

മനുഷ്യൻ ആരോപിയ്ക്കുന്നതല്ലാതെ, യഥാർത്ഥത്തിൽ മനുഷ്യനെ നേർവഴിയ്ക്കു നടത്തുവാനോ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാനോ ഏതെങ്കിലും ദൈവത്തിനെക്കൊണ്ടു് ആകുമോ?

സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ, നിങ്ങൾ എന്നാണു് ബോധത്തിലേയ്ക്കു വരിക?

സ്രഷ്ടാവിനെ ആരു സൃഷ്ടിച്ചു?

എല്ലാം സൃഷ്ടിച്ചതു് ദൈവമാണു്. പരമാണു മുതൽ പർവ്വതങ്ങൾ വരെ, സ്ത്രീയെയും പുരുഷനെയും നപുംസകത്തെയും, പക്ഷിമൃഗാദികളെയും പുല്ലിനെയും പുഴുവിനെയും എല്ലാം ദൈവം സൃഷ്ടിച്ചു.

ഓരോ മതങ്ങളും സ്രഷ്ടാവിനെയും സൃഷ്ടികർമ്മത്തിനെയും പല പ്രകാരത്തിൽ വിവരിയ്ക്കുന്നുണ്ടു്. എന്നാൽ ഈ സൃഷ്ടികർമ്മത്തിലെ നായകനായ ദൈവത്തിന്റെ ഉത്ഭവത്തെപ്പറ്റി ആരും പ്രസ്താവിയ്ക്കുന്നില്ല.

ദൈവത്തിനെ ആരു സൃഷ്ടിച്ചു? പ്രപഞ്ചത്തിനെ സൃഷ്ടിയ്ക്കുവാനും ആ പ്രപഞ്ചത്തിന്റെ ഒരു മൂലയ്ക്കുള്ള ചെറിയൊരു നക്ഷത്രമായ സൂര്യന്റെ ഒരു ചെറുഗ്രഹമായ ഭൂമിയിൽ ജീവൻ സൃഷ്ടിയ്ക്കുവാനും, അതിൽ തന്നെ മനുഷ്യനെന്ന ജീവിയ്ക്കു വിശേഷബുദ്ധി നല്കുവാനും, ആ മനുഷ്യവർഗ്ഗം തലമുറകൾ പിന്നിട്ടു പെറ്റുപെരുകിയപ്പോൾ പലതരം വിശ്വാസങ്ങൾ വളർത്തിയെടുക്കാനും, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പരസ്പരം കലഹിയ്ക്കുവാനും ഇടവരുത്തും വിധം സൃഷ്ടികർമ്മം നടത്തുവാൻ ഈ ദൈവത്തിനെ ആരു നിയോഗിച്ചു?

നിയോഗിച്ചതാരായാലും, തന്റെ പ്രവർത്തി വളരെ വികലമായിട്ടാണു് ദൈവം നിർവ്വഹിച്ചതെന്നു്, ദൈവത്തിന്റെ തന്നെ പേരു പറഞ്ഞു കലഹിയ്ക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ ഇക്കാലമത്രയുമുള്ള അറിയപ്പെട്ട ചരിത്രം കാണുമ്പോൾ നമുക്കു പറയാം.

തങ്ങളെ സൃഷ്ടിച്ച ദൈവത്തിനെ തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിവില്ലാത്ത മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം, അവരുടെ മുന്നിൽ ഒളിച്ചുകളിയ്ക്കുന്ന ഒരു ദൈവം, അപ്പോൾ ആ ദൈവത്തിനെ സൃഷ്ടിച്ചതു് മറ്റൊരു ദൈവമോ വേറെന്തെങ്കിലുമോ ആണെങ്കിലും, ആ സൃഷ്ടികർമ്മവും വളരെ വികലമായിപ്പോയി.

ഇങ്ങനെ വികലസൃഷ്ടികളുടെ ഒരു അനന്തശൃംഖലയിലെ അവസാനത്തെ കണ്ണിയാണു് മനുഷ്യവർഗ്ഗം വിശ്വസിയ്ക്കുന്ന ഇന്നത്തെ ദൈവം.

അപ്പോ, ആരാണു് ഈ ദൈവത്തെ സൃഷ്ടിച്ചതു്?

നിങ്ങൾ വിശ്വാസിയോ അവിശ്വാസിയോ?

വിശ്വാസിയോ അവിശ്വാസിയോ?

നിങ്ങളൊരു തികഞ്ഞ ദൈവവിശ്വാസിയാണെന്നു നിങ്ങൾ കരുതുന്നുവോ? 100%?

നിങ്ങൾക്കു തെറ്റി.

ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും നിരീശ്വരവാദിയാണു്. ബാക്കി ഒരു ശതമാനം മാത്രമേ ദൈവത്തിൽ വിശ്വസിയ്ക്കുന്നുള്ളൂ. എല്ലാ ഒന്നാം തിയ്യതിയും ഗുരുവായൂർ പോയി തൊഴുന്നതോ, കർക്കിടകം മുഴുവനും ഇരുന്നു രാമായണം വായിയ്ക്കുന്നതോ നിങ്ങളെ ഒരു ശതമാനം പോലും ദൈവവിശ്വാസിയാക്കുന്നതു പര്യാപ്തമല്ല, ആയുസ്സു മുഴുവൻ അഞ്ചു നേരം നിസ്കരിച്ചാലും എത്ര പ്രാവശ്യം ഹജ്ജു ചെയ്താലും നിങ്ങൾക്കു് ഒരു ശതമാനം പോലും ദൈവവിശ്വാസിയാകുവാൻ കഴിയില്ല.

കാരണം,

ലോകത്തുള്ള മറ്റു കാക്കത്തൊള്ളായിരം ദൈവങ്ങളേയും നിങ്ങൾ വിലവയ്ക്കുന്നില്ല. ജീവിതത്തിലൊരിയ്ക്കലെങ്കിലും അവയുടെ വിശുദ്ധഗ്രന്ഥങ്ങൾ നിങ്ങൾ പാരായണം ചെയ്യുന്നില്ല. അവയുടെ ആചാരങ്ങൾ പാലിയ്ക്കുന്നില്ല. അതു മാത്രമല്ല, നിങ്ങളുടെ പല പ്രവർത്തികളും അനേകായിരം മതങ്ങളെ അവഹേളിയ്ക്കുന്നതുമാണു്. നിങ്ങൾ പശുവിനെ തിന്നുന്നു, പന്നിയെ തിന്നുന്നു. ഇതിൽപരം എന്തു ദൈവനിഷേധമാണു് ഇനി നിങ്ങൾ ചെയ്യുവാനുള്ളതു്. നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും ഈ ദൈവങ്ങളിൽ വിശ്വസിയ്ക്കുന്നില്ലെന്നു മാത്രമല്ല, അവയിൽ വിശ്വസിയ്ക്കുന്നവരോടു് വിരോധവും വച്ചു പുലർത്തുന്നു. അത്രയും മതങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിങ്ങളൊരു അവിശ്വാസിയാണു്, ദൈവം ഇല്ലെന്നു കരുതുക മാത്രമല്ല ദൈവത്തിനു നിഷിദ്ധമായവ പ്രവർത്തിയ്ക്കുന്ന ഹീനജന്മം കൂടിയാണു്.

ഈ ഭൂമിയിലുണ്ടായിട്ടുള്ള ആയിരക്കണക്കിനായിരക്കണക്കിനു ദൈവങ്ങളെ നിങ്ങൾക്കു് യാതൊരു വിലയുമില്ല. ആ ദൈവങ്ങളുടെ ശാസനകൾക്കു് നിങ്ങൾ പുല്ലുവിലപോലും കല്പിയ്ക്കുന്നില്ല. പിന്നെ നിങ്ങളെങ്ങിനെ നൂറു ശതമാനം വിശ്വാസിയാകും? ഇത്രയും ദൈവങ്ങളിൽ വിശ്വസിക്കാത്തയാൾ വിശ്വാസിയോ? ഇത്രയും ദൈവങ്ങൾക്കും അവയുടെ ഗ്രന്ഥങ്ങൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില കല്പിയ്ക്കാത്തവൻ തികച്ചും നിരീശ്വരവാദി തന്നെ.

നിങ്ങൾ വിശ്വസിയ്ക്കാത്ത ദൈവങ്ങളുടെ മൊത്തം എണ്ണത്തിൽ ഒരെണ്ണം കൂടുതൽ മാത്രമേ ഞാനും വിശ്വസിയ്ക്കാത്തതായിട്ടുള്ളൂ.

ഇപ്പോൾ വിശ്വാസം വന്നുവോ?

മൂന്നു മതങ്ങളെപ്പറ്റി ഗോർ വിദൽ

നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവായിരിയ്ക്കുന്ന ഏറ്റവും വൃത്തികെട്ട തിന്മയാണു് ഏകദൈവവിശ്വാസം. ലോഹയുഗത്തിലെ കാടന്മാരുടെ പുസ്തകമായ പഴയനിയമത്തിൽ നിന്നു് മാനവദ്രോഹികളായ മൂന്നു മതങ്ങൾ ഉരുത്തിരിഞ്ഞു – ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും. ഇവയുടെ ദൈവങ്ങളെല്ലാം ആകാശത്തിലാണു് വാസം. ഈ മതങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ പുരുഷാധിപത്യഗോത്രവ്യവസ്ഥയാണു് – ദൈവമാണു് അനിഷേധ്യനായ പിതാവു് – അതിന്റെ ഫലമായി ഈ ആകാശദൈവങ്ങളാലും അവയുടെ പുരുഷദല്ലാളന്മാരാലും ബാധിയ്ക്കപ്പെട്ട രാജ്യങ്ങളിൽ കഴിഞ്ഞ 2000 വർഷങ്ങളായി സ്ത്രീകൾ അടിമകളായി ജീവിയ്ക്കുന്നു.

പറഞ്ഞതു്: Gore Vidal
പുസ്തകം: The God Delusion by Richard Dawkins (paperback, page.58)