ആദ്യത്തെ നോട്ടത്തിൽ . . . .

ഏതാനും ദിവസങ്ങളായി ചെന്നൈയിലെ ജനസമുദ്രത്തിൽ ഒരു കൊച്ചുപൊട്ടായി ഞാനും ഒഴുകിനടക്കുന്നു. എട്ടുപേരെ അടക്കിയിരുത്തി പായുന്ന ഷെയറാട്ടോകളിലും, പഴച്ചക്കയിൽ ഈച്ച പൊതിഞ്ഞ പോലെ പോകുന്ന ബസ്സുകളിലും, കറണ്ടിൽ കൈവെച്ചുകൊണ്ട് പായുന്ന ലക്ട്രിക് തീവണ്ടിയിലുമെല്ലാം, തീപ്പെട്ടിഫാക്ടറിയിലെ കൊള്ളിയെന്ന പോലെ ഞാനും അങ്ങനെ എങ്ങിനെയൊക്കെയോ പോകുന്നു.

മഴപെയ്തിറങ്ങിയപ്പോൾ ചളിക്കണ്ടമായി മാറിയ തെരുവാണ് ഇപ്പോഴെന്നും കാലത്തെന്നെ അലട്ടുന്ന ഒരു പ്രശ്നം. താമസിയ്ക്കുന്നിടത്ത് നിന്നും അതിലൂടെ ഇറങ്ങി ചളിപറ്റാതെ പോകാൻ പറ്റില്ല. വഴിയരികത്തിരുന്നു കച്ചവടം ചെയ്യുന്ന അമ്പതോളം കച്ചവടക്കാർ, എന്നും ബാക്കിവരുന്ന പാഴുകളെല്ലാം വൈകുന്നേരം തട്ടുന്നത് തെരുവിന്റെ കൃത്യം നടുവിൽ തന്നെ. കൂടാതെ തെരുവിൽ അലഞ്ഞു നടക്കുന്ന ഒരുകൂട്ടം പശുക്കളും നിത്യേന മലമൂത്രവിസർജ്ജനം ചെയ്യുന്നതും ഇവിടെ തന്നെ. സ്ഥിരമായി ഈ പ്രക്രിയ തുടരുന്നതിനാൽ, നല്ല വളക്കൂറുള്ള കണ്ടം പോലെയിരിയ്ക്കുന്നു ഈ തെരുവ്. ഉണങ്ങിയാൽ പൊടിയും, മഴ പെയ്താൽ നല്ല കൊഴകൊഴയും. ആ കൊഴയിൽ തന്നെ ചാക്കും മറ്റും വിരിച്ചിരുന്ന് അവർ അവരുടെ കച്ചവടം തകൃതിയായി തുടരുന്നു. സ്വന്തം മുന്നിൽ കാണുന്നതിനോട് ഇവർക്ക് യാതൊരു അറപ്പും തോന്നുന്നില്ലെന്നതിൽ എനിക്കത്ഭുതം. പലരോടും ചോദിച്ചപ്പോൾ, ‘അതൊക്കെ അങ്ങനെയങ്ങയേ നടക്കൂ’ എന്നാണ് പൊതുവായ മറുപടി.

ആ, എല്ലാം അങ്ങനെയൊക്കെയങ്ങു നടക്കുന്നു. അതിന് നമ്മളെന്തു ചെയ്യുന്നു?

Tags:

Advertisements

ചെന്നൈയിൽ നിന്നു് സസ്നേഹം

ചെന്നൈയിലെ തിരക്കുപിടിച്ച ഒരു തെരുവുചന്ത. എണ്ണതേയ്ക്കാത്ത ചപ്രച്ച തലമുടിയും ആരെയും കൂസാത്ത ഭാവവും കാറ്റത്തു പറപ്പിച്ചുകൊണ്ടു നടക്കുന്ന തമിഴത്തികളും, ഉടയോനില്ലാത്ത പോലെ അലഞ്ഞുതിരിയുന്ന എരുമമാടുകളും പൈക്കിടാങ്ങളും അവയുടെ ചാണകം വീണു കുഴഞ്ഞ മണ്ണും ചെളിയും അതിന്മേൽ ചാക്കും മരപ്പെട്ടികളും അടുക്കിയതിനുമേൽ രണ്ടാംതരം പച്ചക്കറിയും വാഴയിലയും അങ്ങിനെ ഇല്ലാത്ത സാധനങ്ങളൊന്നുമില്ലാത്ത ഒരു വൃത്തികെട്ട ചന്ത. ഈ ചന്തയിലേയ്ക്കാണു് എന്നും കാലത്തു് ഉണർന്നെണീയ്ക്കുന്നതു്. ജനസമുദ്രം തിങ്ങിനിറഞ്ഞൊഴുകിനീങ്ങുന്ന രാജവീഥികളാൽ സമൃദ്ധം ഇവിടം. ചെന്നൈയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലേയ്ക്കു കേറി ഞാനും ഓടാൻ തുടങ്ങിയിരിയ്ക്കുന്നു.

എന്റെ ഒരു കൊല്ലത്തെ വെക്കേഷൻ കഴിഞ്ഞു ഞാൻ വീണ്ടും ജോലിയ്ക്കു കേറി കേട്ടോ. ഇങ്ങു ദൂരെ ചെന്നൈയിൽ.

എനിയ്ക്കു് സർക്കാരു ജോലിതരണം എന്നെല്ലാം പറഞ്ഞു് പോസ്റ്റിട്ട എന്റെ അഭ്യുദയകാംക്ഷിയായ ചന്ദ്രേട്ടനു് ഈ അവസരത്തിൽ ഒരു നന്ദി പറയട്ടെ, എന്റെ തെക്കുവടക്കു തെണ്ടൽ ഫ്ലാഷുന്യൂസാക്കിയതിനു്.

ഇത്രനാളും കൂടെയുണ്ടായിട്ടും, മോൻ നടന്നു തുടങ്ങിയപ്പോൾ അതു കാണാൻ കഴിയാതെ പോരേണ്ടിവന്നതു മാത്രം സങ്കടം. എന്തായാലും ചെന്നൈയ്ക്കു ഫാമിലിയെ കൊണ്ടുവരാൻ ഫാമിലിവിസ വേണ്ടല്ലോന്നൊരു ആശ്വാസം ഉണ്ടു്. ഗൾഫന്മാരേ കേൾക്കുക….

ബഹ്രൈനില്‍ അതിഭീകരമണല്‍ക്കാറ്റ്

സൌദിമണല്‍ക്കാടുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അതിഭയങ്കരമായ വേഗതയില്‍ മണല്‍ക്കാറ്റടിക്കുകയാണു് ബഹ്രൈനില്‍. ആദ്യമായാണു് ഇത്തരമൊരു കൊടുങ്കാറ്റിനു് സാക്ഷ്യം വഹിക്കുന്നതു്. ആറുമണിവരെ ശാന്തസുന്ദരമായിരുന്ന സന്ധ്യ ഏഴുമണിയോടെ രൌദ്രഭാവം പൂണ്ടു കലിതുള്ളുന്നതാണു് കാണുന്നതു്.

ഒന്നു കൂടി

ജോര്‍ജ്ജ് ചെറിയാന്‍അഞ്ചാറു കൊല്ലം ജോലിസംബന്ധമായി എനിക്കു പരിചയമുള്ളൊരു മലയാളി ഇന്നത്തെ പത്രത്തിലെ മരണകോളത്തില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മരണം, നാട്ടിലേതിനേക്കാള്‍ കൂടുതല്‍ ഉര്‍ജ്ജസ്വലമായി തന്റെ സാന്നിദ്ധ്യം ഇവിടെ ഉറപ്പാക്കിയിരിക്കുന്നുവോ? പത്തനംതിട്ടക്കാരനായ പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ്ജ് എന്ന അമ്പതുവയസ്സുകാരന്‍ ഭാര്യയെയും പഠിയ്ക്കുന്ന രണ്ടു മക്കളെയും ബാക്കിയാക്കി, വെളുപ്പിനു 3:30 കയറിവന്ന ഹൃദയാഘാതത്തിനു കീഴടങ്ങി.

ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ

ബഹ്രൈനില്‍ കോരിച്ചൊരിയുന്ന മഴ. ചൂടുചട്ടി വെള്ളത്തില്‍ മുക്കിയാലെന്ന പോലെ ശൂ..ശൂ..ന്നു ഭൂമിയും മനസ്സുകളും തണുക്കുന്നു. വണ്ടികള്‍ തെന്നിതെന്നി തട്ടിമുട്ടി ഓടുന്നു.

പാര്‍ലമെന്റു് ഇലക്ഷന്‍ നനഞ്ഞുകുതിര്‍ന്നു. ഒരു കാര്യവുമില്ലാത്ത എംപി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുകയാണു് പാവം സ്ഥാനാര്‍ത്ഥികള്‍. നാട്ടിലെപ്പോലെ കൈയിട്ടുവാരാന്‍ ഇവിടെയും ഉണ്ടാവോ ചക്കരക്കുടം! തിരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം ഇവിടെ വെറും കടലാസുപുലികളാണെന്നു് എല്ലാവര്‍ക്കും അറിയാം. ഈ തട്ടിപ്പു തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടു ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു ചെറുപ്പക്കാരെ പിടിച്ചകത്താക്കി കഴിഞ്ഞു സര്‍ക്കാരു്.

സുന്നികളും ഷിയാകളും തമ്മിലുള്ള വെറും ജാതിപ്പോരു മാത്രമാണു് അറിഞ്ഞിടത്തോളം ഇവിടത്തെ തിരഞ്ഞെടുപ്പു്. സുന്നികളെ പിന്തുണക്കുന്ന രാജകുടുംബം തിരഞ്ഞെടുപ്പു ഫലം അവര്‍ക്കനുകൂലമാക്കാന്‍ വേണ്ടി പല തരികിടകളും ഒപ്പിക്കുന്നുണ്ടെന്നാണു് മറുവിഭാഗം ആരോപിക്കുന്നതു്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഒരുകൂട്ടം വിദേശീയര്‍ക്കു നല്കിയ പൌരത്വമാണു് അതിലൊന്നു്. പിന്നൊന്നു് ഏതു നിയോജകമണ്ഡലത്തിലും പോയി വോട്ടുചെയ്യാന്‍ അവകാശമുള്ള 8000ത്തോളം പ്രത്യേക പൌരന്മാര് (ഇവര്‍ക്കു് ഏതു മണ്ഡലത്തിലെയും ഫലത്തെ ഇഷ്ടാനുസരണം ചെത്തിമിനുക്കാന്‍ കഴിയും). പിന്നൊന്നു് ജെറിമാന്‍ഡറിങ് (എന്നുവെച്ചാല്‍ ഒരു പ്രത്യേക പാര്‍ട്ടിക്കു ജയിക്കാന്‍ പാകത്തിനു് നിയോജകമണ്ഡലങ്ങളെ വിഭജിക്കല്‍ – വിക്കിയില്‍ നിന്നു കിട്ടിയ വിവരമാണു്).
എന്തായാലും വിദേശികളായ നമ്മളെ പോലുള്ളവര്‍ക്കു് സുന്നികള്‍ ജയിക്കുന്നതാണു് ഇഷ്ടം, കാരണം അധികാരം കിട്ടിയാല്‍ ഷിയാകള്‍ വിദേശികളെ എപ്പോ ചവിട്ടിപ്പുറത്താക്കി എന്നു നോക്കിയാല്‍ മതി.
(ഇവിടുത്തെ എംപി സ്ഥാനം വലിയ അധികാരങ്ങളൊന്നുമുള്ളതല്ലെങ്കിലും).

ബഹ്രൈനില്‍ മതിലുകള്‍ ഉയരുന്നു?

ബഹ്രൈന്‍ രാഷ്ട്രചിന്തകരുടെ തലയില്‍ പുതിയൊരാശയം മുളച്ചുപൊന്തിയിരിയ്ക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ പലപല മൂലകളില്‍ പാര്‍പ്പിച്ചിരിയ്ക്കുന്ന വിദേശകൂലിതൊഴിലാളികളെ കുടിയിരുത്തുന്നതിനായിട്ടു മാത്രമായൊരു പട്ടണം. വിദേശീയര്‍ക്കു വേണ്ടി മാത്രമൊരു പട്ടണം. കൊച്ചുബഹ്രൈനുള്ളിലൊരു കൊച്ചിന്ത്യ, അല്ലെങ്കില്‍ ഒരു കൊച്ചു ധാക്ക.

ജനപഥങ്ങളെ മതിലുകള്‍ കെട്ടി വേര്‍തിരിയ്ക്കുന്ന ഭരണാധിപന്മാര്‍ക്കൊരു പിന്‍തുടര്‍ച്ചക്കാരാകാന്‍ ശ്രമിയ്ക്കുകയാണോ ബഹ്രൈന്‍ ഭരണാധികാരികളും? ബഹ്രൈന്‍ ജനതയുടെ പരിമിതമെങ്കിലും സഹനീയമായ സഹിഷ്ണുതയെക്കൂടി ഇല്ലാതാക്കുമോ ഈ വേര്‍തിരിവു്?

Technorati : ,
Del.icio.us : ,

രംഗബോധമില്ലാത്ത കോമാളിയല്ല മരണം, ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍

കിംവദന്തികളില്‍ മരണസംഖ്യ മുപ്പതു് വരെയെത്തിയെങ്കിലും ഔദ്യോഗികകണക്കു് പ്രകാരം പതിനാറു പേരാണു് ജീവന്‍ വെടിഞ്ഞതു്.

  • രംഗബോധമില്ലാത്ത കോമാളിയല്ല, മരണം. ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍.

മനുഷ്യകച്ചവടത്തിന്റെ ഭീകരമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഈ കോമാളിയ്ക്കു കഴിഞ്ഞു. ഏഷ്യയില്‍ നിന്നു് കച്ചവടം ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു മനുഷ്യജീവികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം അധികാരികളുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ ദുരന്തത്തിനു കഴിഞ്ഞു. ബഹ്രൈന്‍ പ്രധാനമന്ത്രി സ്ഥലത്തെത്തി രാജ്യത്തുള്ള എല്ലാ ലേബര്‍ക്യാമ്പുകളിലും നടക്കുന്ന മനുഷ്യത്വരാഹിത്യത്തെ കുറിച്ചു് അന്വേഷിയ്ക്കാന്‍ ഉത്തരവിട്ടു കഴിഞ്ഞു.

ഒരു ലക്ഷത്തിനു മുകളിലാണു് ഇന്നു് ഒരു മനുഷ്യനെ ബഹ്രൈനിലെത്തിച്ചാല്‍ കിട്ടുന്നതു്. ഈ തുക രണ്ടോ മൂന്നോ പേരുടെ കൈകളിലാണെത്തുന്നതു്. ഒന്നു് നാട്ടിലുള്ള ഇടനിലക്കാരന്‍, മറ്റൊന്നു് ഇവിടെയുള്ള ഇടനിലക്കാരന്‍, പിന്നൊന്നു് അറബി. ഇവര്‍ക്കു് ഈ പൈസ കൊടുക്കുന്നതു്, എന്നെ എങ്ങിനെയെങ്കിലുമൊന്നു് വിറ്റു കാശാക്കൂ എന്നു കേഴുന്ന ദരിദ്രകോടികള്‍ തന്നെ.

  • സപ്ലൈ കമ്പനിയെന്നതു്, അടിമക്കച്ചവടത്തിന്റെ മറ്റൊരു പേരു്.

ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കൊടുത്തു് ഇവിടെ വന്നിറങ്ങുന്ന തൊഴിലാളികളെ മറ്റു കമ്പനികള്‍ക്കു് മണിക്കൂര്‍ കണക്കിനു് വിറ്റു കിട്ടുന്ന കാശു കൊണ്ടു് തടിച്ചു കൊഴുത്ത മലയാളികളടക്കുമുള്ള സപ്ലൈ മുതലാളിമാര്‍ ഇവിടെ ഒരു വമ്പന്‍ റാക്കറ്റാണു്. ഒരുദാഹരണം (സിജി ഇന്നു് പറഞ്ഞതു്): അവള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ക്ലീനറായി ഒരു മലയാളി പയ്യനെ ഒരു സപ്ലൈ കമ്പനിയില്‍ നിന്നു് എടുത്തിട്ടുണ്ടു്. അവനു വേണ്ടി സിജി ജോലി ചെയ്യുന്ന ഓഫീസു് സപ്ലൈ കമ്പനിയ്ക്കു കൊടുക്കുന്നതു് മാസം 180 ദിനാറാണു് (22500 രൂപ). കാലത്തു് 9 മണി മുതല്‍ വൈകീട്ടു് 5 മണിവരെയാണു് ജോലി സമയം. ഈ പയ്യന്റെ മൊത്തം ജോലി സമയം 12 മണിക്കൂറാണു്. കാലത്തു് 4 മണിയ്ക്കെണീക്കണം, യാത്രാസമയം കഴിഞ്ഞു് 5 മണി മുതല്‍ ഒരു ഇരുമ്പുരുക്കു് കമ്പനിയില്‍ തലേദിവസത്തെ ഇരുമ്പു പൊടി നീക്കി നിലം വൃത്തിയാക്കലാണു് ജോലി. അതു് രണ്ടു മണിക്കൂറു കൊണ്ടു തീരും. പിന്നെ 9 മണിക്കു് സിജിയുടെ ഓഫീസിലെത്തും, 5 മണിക്കു് അവിടം വിട്ടാല്‍ ചിലപ്പോള്‍ മാത്രം വേറെ എവിടെയെങ്കിലും ജോലി കാണും. ഈ ജോലിയുടെയൊന്നും കൂലി അവനു നേരിട്ടു കിട്ടില്ല. അവനു പരമാവധി സപ്ലൈ കമ്പനിയില്‍ നിന്നു അധികജോലിയുടേതടക്കം കിട്ടുന്ന ശമ്പളം 80 ദിനാറാണു് (10000 രൂപ).

ഇരുപതിനായിരവും മുപ്പതിനായിരവും മറ്റും ശമ്പളം പറഞ്ഞു മോഹിപ്പിച്ചു ഇറക്കുമതി ചെയ്യുന്ന ഈ അടിമകളെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണു് ചില നാടന്‍ ഗള്‍ഫ് പ്രഭുക്കള്‍ നാട്ടില്‍ കണ്ടാല്‍ കണ്ണുതള്ളുന്ന കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതു്.

  • താമസിക്കാന്‍ തൊഴുത്തുകള്‍, ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

ആയിരവും രണ്ടായിരവും അടിമകളുള്ള സപ്ലൈകമ്പനികള്‍ അവരുടെ അടിമകളെ താമസിപ്പിക്കാന്‍ മരുഭൂമിയില്‍ വേലി വളച്ചു കെട്ടി രണ്ടായിരം കുറ്റികളടിച്ചേനെ – കെട്ടിയിടാന്‍, നീളത്തില്‍ തൊട്ടികള്‍ പണിതേനെ – തീറ്റയും വെള്ളവും കൊടുക്കാന്‍, ചൂടില്‍ അവര്‍ ചത്തുപോകില്ലായിരുന്നുവെങ്കില്‍. അത്രയും കണ്ണില്‍ ചോരയില്ലാത്ത ലാഭക്കൊതിയന്മാരാണു് ഈ കച്ചവടങ്ങള്‍ നടത്തുന്നതു്.

ഉറങ്ങുന്ന നേരമെങ്കിലും ഏസിയില്‍ കിടന്നില്ലെങ്കില്‍ ഇവിടെ മനുഷ്യര്‍ മരിച്ചു പോകും. അതിനാല്‍ എവിടെയെങ്കിലും പഴയ കെട്ടിടങ്ങള്‍ ചുളുവിനെടുത്തു് പത്തു മുറിയുണ്ടെങ്കില്‍ 200-300 പേരെ അതിനകത്തു് ഞെക്കിതിരുകും. നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികളില്‍ ഇരുപതു് മനുഷ്യര്‍ കിടക്കുന്നു എന്നതു് അതിശയോക്തി പറയുന്നതല്ല, സത്യമാണു്. അവിടെ താമസിക്കുന്നതു് മനുഷ്യരല്ല, അടിമകളാണു്. സ്വാതന്ത്ര്യബോധം അല്ലെങ്കില്‍ അഭിമാനം, ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ദുരഭിമാനത്തിനും മുന്നില്‍ മരിച്ചുവീഴുന്ന അവസ്ഥയാണു് സപ്ലൈതൊഴിലാളിയായിട്ടുള്ള ജീവിതം.

ഒരു ഇടത്തരം മാന്യമായ രീതിയില്‍ ഇവിടെ താമസിയ്ക്കണമെങ്കില്‍ മുറിവാടക 50-60 ദിനാറു വരെയാകും. ഒരു മുറി നാലാളു കൂടി പങ്കുവെച്ചാല്‍, കിട്ടുന്ന 80-100 ദിനാര്‍ ശമ്പളത്തില്‍ നിന്നു് ഭക്ഷണചെലവും കഴിച്ചു് 5000 രൂപയെങ്കിലും മാസം നാട്ടിലയയ്ക്കാനാകും. കമ്പനിവക താമസമാകുമ്പോള്‍ ഇത്തരം ഒരു മുറിയില്‍ കമ്പനി 15-20 ആളെയെങ്കിലും കുത്തിത്തിരുകും. ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

  • പോത്തുകളെ കൊണ്ടുവരുന്ന പാണ്ടിലോറികളോ?

സപ്ലൈകമ്പനികള്‍ തൊഴിലാളികളെ ജോലിസ്ഥലങ്ങളിലെത്തിയ്ക്കുന്നതു് പാണ്ടിലോറികള്‍ തമിഴ്നാട്ടില്‍ നിന്നു് പോത്തുകളെ അറക്കാന്‍ കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. വെയിലിന്റെ ചൂടിനു മാത്രം കുറച്ചു കാഠിന്യമേറുമെന്നു മാത്രം. രണ്ടു വശത്തും കമ്പിയഴികളടിച്ച തുറന്ന ലോറികളിലാണു് ഈ മനുഷ്യരെ തെരുവുകളിലൂടെ അടിമത്തത്തിന്റെ ഘോഷയാത്രയായി കൊണ്ടുപോകുന്നതു്. വെന്തു പോകുന്ന ചുടുകാറ്റും വെയിലുമേറ്റു് ദിവസവും രണ്ടുനേരമുള്ള ഒരു നരകയാത്ര (തണുപ്പുകാലമാണെങ്കില്‍ ഇതിന്റെ നേര്‍വിപരീതമായ ദുരിതം), എല്ലാം നാട്ടിലെ സ്വന്തം കുടുംബത്തിനും ഭാവിയ്ക്കും വേണ്ടിയുള്ള യാതന.

  • ഇപ്പോള്‍ ഒരു പ്രതീക്ഷ

രാജ്യത്തിന്റെ പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി, രാജ്യം മുഴുവനുമുള്ള ഇത്തരം അടിമത്താവളങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു നടപടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ സന്നിഹിതരായിരിക്കെ ഉത്തരവിട്ടിട്ടുണ്ടു്. കൃത്യവിലോപം കൂടാതെ അറബി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിനിര്‍വ്വഹിച്ചാല്‍, ഗതികേടുകൊണ്ടു് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട ഈ ഹതഭാഗ്യരുടെ ജീവിതം കുറച്ചു മെച്ചപ്പെടുമെന്നു് പ്രതീക്ഷിയ്ക്കാം.

പതിനാറു ജീവനെടുത്ത ഈ അപകടം യഥാര്‍ത്ഥത്തില്‍ കണ്ണുതുറപ്പിയ്ക്കേണ്ട ചിലരുടെ കണ്ണുകള്‍ എന്നാണാവോ ഇനി തുറക്കുക. നമ്മുടെ ഭരണാധികാരികള്‍ ഗള്‍ഫ് പണത്തിന്റെ സമാഹരണത്തിനും ഗള്‍ഫുകാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി പദ്ധതികളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, കച്ചവടം ചെയ്യപ്പെടുന്ന മനുഷ്യരെ കുറിച്ചു് അവരൊന്നും പറയുന്നതു് കേള്‍ക്കാറില്ല. ആധുനികയുഗത്തിലെ അടിമകച്ചവടത്തിനെതിരെ ഏതെങ്കിലും ഒരു ഭരണാധികാരിയോ നയതന്ത്രഉദ്യോഗസ്ഥരോ എന്തെങ്കിലും നടപടിയോ മറ്റോ എടുത്തതായി ഒരു കേട്ടുകേള്‍വിയും ഇല്ല. എന്നെങ്കിലും ഇവരുടെയും കണ്ണുകള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ തുറക്കുമെന്നു നമ്മള്‍ക്കു പ്രതീക്ഷിയ്ക്കാം.

ബഹ്രൈന്‍ ദുരന്തം, മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

ഇപ്പോള്‍ കിട്ടിയ വിവരം:

മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

മൂന്നു നില കെട്ടിടം, മേലേയ്ക്കു മേലെ മൂന്നും നാലും കട്ടിലുകള്‍ അട്ടിയിട്ടു് ഒറ്റ മുറിയില്‍ മുപ്പതു് തൊഴിലാളികളെ വരെ താമസിപ്പിച്ചിരുന്നു. അങ്ങിനെയുള്ള മുറികളിലൊന്നിന്റെ ഏസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചു് തീപിടിച്ചുവെന്നാണു് അറിവു്, എത്രത്തോളം ശരിയാണെന്നറിയില്ല. ആ മൂന്നു നില കെട്ടിടത്തില്‍ 300-ല്‍ കൂടുതല്‍ ആളുകളുണ്ടെന്നാണു് സ്ഥലവാസികള്‍ പറയുന്നതു്.

തമിഴ്നാട്ടിലെ കടലൂര്‍ സ്ഥലവാസികളാണു് കൂടുതലും ആ മുറിയില്‍ ഉണ്ടായിരുന്നതെന്നാണു് കേള്‍വി. റോയല്‍ ടവേര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ജോലിക്കാരാണു് ആ കെട്ടിടത്തിലെ താമസക്കാര്‍ എന്നു് കേള്‍ക്കുന്നു.

ഒരു മുറിയില്‍ മുപ്പതുപേര്‍ എന്നതു് സങ്കല്‍പിക്കാന്‍ വിഷമമുണ്ടെങ്കില്‍, തമിഴ്നാട്ടില്‍ നിന്നു കോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറികളെ ഓര്‍ത്താല്‍ മതി. ചെറിയ ചെറിയ കോഴിക്കൂടുകള്‍ അടുക്കിവച്ചതുപോലെ തന്നെയാണിതും. ജോലിതേടി ഗള്‍ഫില്‍ പോകുമ്പോള്‍ ഫുഡ് ആന്റ് അക്കമഡേഷന്‍ വലിയ കാര്യം തന്നെയാണു്. പക്ഷേ അതു് ഉഴവുകാളകള്‍ക്കുള്ള തൊഴുത്തുപോലെയേ കമ്പനികള്‍ കണക്കാക്കിയിട്ടുള്ളൂവെന്നു് ആരറിയുന്നു, തൊഴിലാളികളെ വെറും ഭാരംചുമക്കാന്‍ മാത്രമുള്ള കഴുതകളായും.

ബഹ്രൈനില്‍ കരിഞ്ഞുപോയ പതിനാറു ജീവിതങ്ങള്‍.

കാലത്തു് ഏഷ്യാനെറ്റ് വാര്‍ത്തയിലാണു് കണ്ടതു്. ചീപ്പടക്കി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ലേബര്‍ക്യാമ്പുകളിലൊന്നില്‍ തീപ്പിടുത്തമുണ്ടായെന്നു്. പതിനാറു പേര്‍ ശ്വാസം മുട്ടി മരിയ്ക്കുകയാണുണ്ടായതെന്നു് കേള്‍ക്കുന്നു. കോഴിക്കൂടു പോലെ തിങ്ങിനിറഞ്ഞ മുറികളില്‍ ശ്വാസംമുട്ടി ജീവിയ്ക്കുന്നതിനിടയില്‍ വന്നു ചേര്‍ന്ന ദുര്യോഗം.

ഗള്‍ഫ് കൊട്ടാരങ്ങള്‍

ഗള്‍ഫുകാര്‍ താമസിക്കുന്ന കൊട്ടാരമൊന്നിന്റെ ചിത്രമാണു് താഴെ. ഇവരില്‍ നിന്ന് അഞ്ചിരട്ടിയല്ല, പതിനാറിരട്ടി വാങ്ങിയാലും ഭരണവര്‍ഗ്ഗത്തിനിവരോടുള്ള വെറുപ്പു് മാറില്ല, കാരണം പിരിവെടുത്തു ജീവിക്കുന്നവര്‍ക്കെന്നും അദ്ധ്വാനിച്ചു ജീവിക്കുന്നവരോടു് അറപ്പാണല്ലോ.

labacc-1.jpg

ബഹ്രൈന്‍ ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച ചിത്രം, അവിടന്നു് ചൂണ്ടിയതാണു്.