തമിഴിന്റെ പൊങ്കൽ

തമിഴ്നാട്ടിൽ എത്തിയിട്ടു് കൊല്ലം ഒന്നാവാറായി. ഇന്നാണു് എന്റെ ഭൈമി തമിഴിന്റെ ഒരു വിഭവം പരീക്ഷിയ്ക്കാൻ തയ്യാറാകുന്നതു്. അപ്പോ അവൾക്കു വേണ്ടി നെറ്റിൽ നിന്നും ഇംഗ്ലീഷിൽ കിട്ടിയ ഒരു പൊങ്കൽ കുറിപ്പു് മലയാളത്തിലേയ്ക്കു തർജ്ജുമ ചെയ്തതു് ആവശ്യക്കാർക്കു ഉപകരിയ്ക്കുമല്ലോന്നു് ഓർത്തു് ഇവിടെ പോസ്റ്റുന്നു. എല്ലാവരും ഉണ്ടാക്കുക. മീണ്ടും സന്ധിയ്ക്കും വരെയ് വണക്കം!!!!

ചേരുവകൾ
പച്ചരി – 300 ഗ്രാം
ചെറുപയർ പരിപ്പു് – 100 ഗ്രാം
കായം പൊടിച്ചതു് – അര ടീസ്പൂൺ
ജീരകം – 1 – 2 ടീസ്പൂൺ
കുരുമുളകു് – 10 – 12 എണ്ണം
അണ്ടിപ്പരിപ്പു് – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ചു് നീളത്തിൽ
മഞ്ഞൾപൊടി – അര ടീസ്പൂൺ (നിറം ഇഷ്ടമാണെങ്കിൽ)
ഉരുകിയ നെയ്യു് – നാലു ടേബിൾസ്പൂൺ
കറിവേപ്പില – 10 എണ്ണം
ഉപ്പു് – സ്വാദിനു്

തയ്യാറാക്കുന്ന വിധം
1. ചീനച്ചട്ടി ചൂടാക്കി അരിയും പരിപ്പും ചൂടാകുന്നതു വരെ ഇട്ടു് ഇളക്കുക.
2. മറ്റൊരു പാത്രത്തിലേയ്ക്കു് അരിയും പരിപ്പും മാറ്റി ശുദ്ധജലത്തിൽ മൂന്നു പ്രാവശ്യം കഴുകുക.
3. അരിയുടേയും പരിപ്പിന്റേയും നാലിരട്ടി വെള്ളവും ആവശ്യത്തിനു് ഉപ്പും ചേർക്കുക.
4. പ്രഷർകുക്കറിൽ നാലു വിസിൽ അടിയ്ക്കുന്നതു വരെ വേവിയ്ക്കുക.
5. ചീനച്ചട്ടിയിൽ ജീരകവും കുരുമുളകും രണ്ടുമിനിട്ടു നേരത്തേയ്ക്കു് വറുത്തു്, പൊടിയ്ക്കുക.
6. ഇഞ്ചി നേരിയതായി അരിഞ്ഞു് വെയ്ക്കുക.
7. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപരിപ്പു് പൊളിച്ചതു് ഇളംകാപ്പി നിറമാകുന്നതു വരെ വറക്കുക.
8. ഇഞ്ചിയും ജീരകപ്പൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്തു് ഒരു മിനിട്ടു് വറക്കുക.
9. വേവിച്ച അരിയും പരിപ്പും ഒരു തവി ഉപയോഗിച്ചു് നന്നായി ഉടയ്ക്കുക.
10. തയ്യാറാക്കിയ എല്ലാ ഘടകങ്ങളും ബാക്കിയുള്ള നെയ്യിൽ ചേർത്തു് നന്നായി ഇളക്കുക.
11. പൊങ്കൽ റെഡി. കുറച്ചു നാളികേര ചമ്മന്തിയും ഉണ്ടാക്കിയാൽ കുശാലായി.

വിലനിലവാരം ചെന്നൈയിൽ

തുവരപരിപ്പു് – കിലോ 52 രൂപ
ഉഴുന്നുപരിപ്പു് – കിലോ 52 രൂപ
കടുകു് – കിലോ 50 രൂപ
വെളിച്ചെണ്ണ – കിലോ 98 രൂപ
പാൽ – ലിറ്റർ 18 രൂപ
ഇതാണു് ചെന്നൈയിലെ ഇന്നത്തെ ചില്ലറവില. കേരളത്തിലെ വിലനിലവാരം എന്താണാവോ ഇപ്പോ.

അവസ്ഥ (കന്നട നോവല്‍), യു. ആര്‍. അനന്തമൂര്‍ത്തി

രണ്ടാഴ്ചയില്‍ കൂടുതലെടുത്തു വായിച്ചുതീര്‍ക്കാന്‍, സമയമില്ലാത്തതു തന്നെ മുഖ്യപ്രശ്നം. എനിയ്ക്കു ഈ പുസ്തകത്തിനെ കുറിച്ചു തോന്നിയതു് ഇതാണു്.

അവനവനിലുള്ള അല്പത്തരങ്ങളെക്കുറിച്ചു് നമ്മളാരും തീരെ ബോധ്യമുള്ളവരല്ല. അല്പത്തരങ്ങള്‍ പരതരത്തിലാണു്. കഥയുടെ കേന്ദ്രബിന്ദുവായ കൃഷ്ണപ്പഗൌഡരുടെ സ്വന്തം വീക്ഷണങ്ങളാണു്, സ്വന്തം അല്പത്തരങ്ങളെ കുറിച്ചുള്ള തീവ്രമായ തിരിച്ചറിവുകളാണു്, കഥയുടെ മര്‍മ്മം.

വിപ്ലവനായകനായവന്‍ സ്വന്തം ഭാര്യയെ തൊഴിയ്ക്കുന്ന അല്പത്തരം മുതല്‍ അധികാത്തോടും പ്രമാണിത്തത്തോടുമുള്ള പുറത്തുകാണിയ്ക്കാന്‍ വയ്യാത്ത ആര്‍ത്തി വരെ ഇതില്‍ നായകനെ വെല്ലുവിളിക്കുന്ന ശത്രുക്കളാണു്. സ്വന്തം ഉള്ളിലെ ഇത്തരം ശത്രുക്കളോടാണു് കൃഷ്ണപ്പ നിരന്തരം ഏറ്റുമുട്ടുന്നതു്.

വിരുദ്ധമായ ചിന്തകളുടെ ഒരു ശ്രേണിയാണു് മനസ്സു്. ആ വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലില്‍ നിന്നുതിരുന്ന തീപ്പൊരികളാണു് കൃഷ്ണപ്പഗൌഡരെന്ന കീഴ്ജാതിക്കാരനെ വിപ്ലവനായകനാക്കിയതും പിന്നെ കാലാന്തരേണ തൊഴിലാളിപാര്‍ട്ടി നേതാവാക്കിയതും. ഇങ്ങിനെയൊക്കെ ആദരണീയനായപ്പോഴും സ്വയം ഉള്ളില്‍ അയാളൊരു അല്പനാണെന്ന ബോധം അയാളെ വലയ്ക്കുന്നു. ദേഷ്യം വരുമ്പോള്‍ ഭാര്യയെ തല്ലുക, അധികാരത്തിനോടുള്ള ആഗ്രഹം, അങ്ങിനെ പലതും അയാള്‍ക്കു തന്നെ അറിയാം തന്നിലേതു് ഒരു വൃത്തികെട്ട മനസ്സാണെന്നു്.

പക്ഷേ ഒടുവില്‍ കൃഷ്ണപ്പ തന്നിലെ അല്പത്തരങ്ങളെ ഓടിപ്പിച്ചു വിടുന്നതില്‍ വിജയിയ്ക്കുന്നു. പുറമേ കാണിച്ചിരുന്നില്ലെങ്കിലും മനസാ ആഗ്രഹിച്ച മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞു്, സമൂഹത്തിലെ അല്പത്തരങ്ങള്‍ ചുട്ടുകരിക്കാമെന്ന പഴയ സ്വപ്നം പൊടിതട്ടിയെടുക്കുന്നേടത്തു് കഥ തീരുന്നു.

ചില ശകലങ്ങള്‍:

നിങ്ങളിത്രയും നികൃഷ്ടമായി കാണുന്ന പെണ്ണിന്റെ കൂടെ എന്തിനു് കഴിയുന്നു? നിങ്ങളുടെ അഹങ്കാരത്തിനു് വളമായിത്തീരണം – അതിനല്ലേ നിങ്ങളേക്കാള്‍ താന്ന പെണ്ണിനെ തിരഞ്ഞുപിടിച്ചു് താലി കെട്ടിയതു്?

ഗൌരി ഗാഢമൌനത്തിന്റെ ഒരു കയമായിരുന്നു; മുളയ്ക്കാന്‍ വെമ്പുന്ന വിത്തിനെ സ്വന്തം ഊഷ്മളമായ ക്ഷമയുടെ ഇരുട്ടില്‍ ഒളിച്ചു സൂക്ഷിക്കുന്ന മണ്ണു്. അവളുടെ വിരലുകള്‍ കൃഷ്ണപ്പന്റെ ശരീരമാകെ പരതിനടന്നു. നീരുറവകളെ വെട്ടിക്കിളച്ചു് ഉണര്‍ത്തുന്നതു പോലെ, സന്ധിബന്ധങ്ങളിലെല്ലാം അവള്‍ തിരഞ്ഞു.

അവസ്ഥ (കന്നട നോവല്‍)
യു. ആര്‍. അനന്തമൂര്‍ത്തി
വിവ: ഡി. രാഘവന്‍
ഡി. സി. ബുക്സു് – 1998

ഇല്ലാത്തവര്‍ക്കു് സൌജന്യങ്ങള്‍

ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.

ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ സര്‍ക്കാരില്‍ പണം കുന്നുകൂടണം. അങ്ങിനെയൊന്നും വിദ്യാഭ്യാസം സൌജന്യമായി നല്‍കാന്‍ ഭരണകൂടത്തിനു കഴിയാത്ത രാജ്യത്തു്, ആ ജോലി ചെയ്യാന്‍ അതില്‍ മിടുക്കുള്ളവരെ തന്നെ ഏല്പിക്കണം. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിശ്ചയിക്കാന്‍ ഏതു രാജ്യത്തും ഭരണകൂടത്തിനു് അധികാരമുണ്ടു്. ആ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടവും തയ്യാറാകണം. പ്രതിഫലം വാങ്ങി വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കൊടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല ഭരണകൂടത്തിനാണു്, അതില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ പിടിച്ചകത്തിടേണ്ട ചുമതല നല്ലവണ്ണം നിര്‍വ്വഹിക്കേണ്ടതിനു പകരം നിങ്ങളങ്ങനെ കച്ചവടം ചെയ്യുന്നതൊന്നു കാണട്ടേയെന്നു പറഞ്ഞു വെല്ലുവിളിക്കുന്ന ഭരണപാപ്പരത്തമാണു്, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമെന്ന പേരില്‍ sfi എസ് എഫ് ഐ അവതരിപ്പിച്ചത്.

ഒരു വശത്തു് എത്ര കൊടുത്തിട്ടായാലും പഠിക്കാന്‍ തയ്യാറെന്നും പറഞ്ഞു് പണക്കാര്‍. മറുവശത്തു് ഞങ്ങളുടെ കൈയില്‍ പണമില്ല, ഞങ്ങള്‍ക്കു് പതിനായിരങ്ങള്‍ ചിലവാക്കി പഠിക്കാന്‍ കഴിവില്ല എന്നു വിലപിക്കുന്ന ദരിദ്രര്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലൊരേറ്റുമുട്ടലിവിടെ നടക്കുന്നുണ്ടോ. രണ്ടു കൂട്ടരുടേയും പേരില്‍ വേറെ ചിലര്‍ നാടകമാടുകയല്ലേ ചെയ്യുന്നതു്? സ്വന്തം നിലനില്പിനു വേണ്ടിയുള്ള അവരുടെ നാടകങ്ങള്‍ക്കിടയില്‍ ശരിയായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളെ കുറിച്ചിവിടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലാത്തവര്‍ക്കെല്ലാം സൌജന്യമായി നേടിക്കൊടുക്കുന്നതിനാണിവിടെ സമരങ്ങളെല്ലാം. ഇല്ലാത്തവരെ അല്പമെങ്കിലും ഉള്ളവരാക്കുന്നതെങ്ങിനെ എന്നു ചിന്തിക്കാനോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനോ ആര്‍ക്കും ഇവിടെ സമയമില്ല, അങ്ങിനെയൊരു ചിന്തയുമില്ല. ഇല്ലാത്തവരില്ലാതായാല്‍ പിന്നെ കൊടിപിടിക്കാന്‍ മുഴുവനാളെയും വാടകയ്ക്കു വിളിയ്ക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരിയ്ക്കും ഇപ്പോള്‍ നേതാക്കളുടെ മനസ്സിലുള്ളതു്.

ബൂവുലഗസമ്മേളനം

ബൂവുലഗസമ്മേളനം കൊച്ചിയിലടിച്ചു കലക്കിയപ്പോള്‍, സാധാരണപോലെയൊരു പൊടിക്കാറ്റു പറത്തി ബഹ്രൈന്‍ ഒന്നുമറിയാത്തപോലെ നിലകൊണ്ടു. കൊച്ചിക്കായലിനൊപ്പം ലോകം മുഴുവനും ഇരുന്നും കിടന്നും ഉറക്കത്തിലും കുലുങ്ങിയപ്പോള്‍ ഈ കുലുക്കായ കുലുക്കൊന്നും കൊച്ചുദ്വീപായ ബഹ്രൈനെന്ന ഠ വട്ടത്തിനകത്തേക്കു കയറിയില്ല. എന്നാലിവിടെയൊന്നു കുലുക്കികളയാമെന്നു വച്ചാലോ, ചാക്കോച്ചനെയൊഴിച്ചു ഞാനാരേം കണ്ടിട്ടൂല്ല്യ കേട്ടിട്ടൂല്ല്യ. മൂപ്പരൊന്നു സൂചിപ്പിച്ചതു ഞാന്‍ മൈന്റും ചെയ്തില്ല. മേളിക്കുകയാണെങ്കില്‍ ലഗ്ഷം ലഗ്ഷം പിന്നാലേന്നു ഞാനും ചാക്കോച്ചനും ഒറ്റയ്ക്കൊറ്റയ്ക്കു തൊണ്ടകീറി വിളിക്കേണ്ടി വരും.

ഒരു ഏകാന്തതയുടെ സുഖം തോന്നുന്നുണ്ട് ഇപ്പൊ.

സഞ്ചാരം കഴിഞ്ഞു

ഒരു മാസത്തെ സഞ്ചാരോം കഴിഞ്ഞു് മുതലാളി ഇന്നു് തിരിച്ചെത്തി. ഇതോടെ എന്റെ ബൂലോഗസഞ്ചാരവും കഴിഞ്ഞു് ഞാനും തിരിച്ചെത്തേണ്ടിയിരിക്കുന്നു. വേഗം ചെല്ലട്ടെ, എന്തൊക്കെ പൊല്ലാപ്പാണാവോ പുള്ളി വന്നപടി ഉണ്ടാക്കാന്‍ പോണതു്.

വിവാഹമംഗളാശംസകള്‍, കലേഷിനും റീമയ്ക്കും

വിവാഹമംഗളാശംസകള്‍, നേരുന്നു

നിങ്ങള്‍ക്കു കൂട്ടുകാരായ് കൂട്ടുവരുവാനാകുകില്ലെങ്കിലും

നിറഞ്ഞ സൌഹൃദവലയത്തില്‍ നിങ്ങളുടെ

താലിചാര്‍ത്തല്‍ വായ്ക്കുരവകളുടെ ആഹ്ലാദാരവത്താല്‍

സമ്പന്നമാകട്ടെയെന്നാശംസിയ്ക്കുന്നു.

ജീവിതം സ്നേഹസമ്പല്‍സമൃദ്ധമാകട്ടെയെന്നാശംസിയ്ക്കുന്നു.

കെവിനും സിജിയും

വരും

കാലമിനിയുമുരുളും

വിഷു വരും

വരട്ടെ,

പടക്കം പൊട്ടിയ്ക്കാന്‍ പറ്റില്ലെങ്കിലും,

കമ്പിത്തിരി പൂത്തിരി കത്തിയ്ക്കാന്‍ പറ്റില്ലെങ്കിലും,

വിഷു വരട്ടെ,

വിഷുകഞ്ഞി ഉണ്ടാക്കാലോ………

പുതുവര്‍ഷപനി

പുതുവര്‍ഷത്തിലെ ആദ്യപനി, എല്ലാരേം തഴുകിപോകുന്നതിനിടയില്‍, എന്നെയും കൂടി പെടുത്തി. അവധികളുടെ പെരുമഴക്കാലം കഴിഞ്ഞിട്ടായതിനാല്‍ അവധിയെടുക്കാനും തോന്നുന്നില്ല, കാരണം കുന്നുകൂടിക്കിടക്കുന്നതിനിടയില്‍ പിന്നെയും കുന്നുകൂടുന്ന കടലാസുകളെ ഞാന്‍ തന്നെ വേണം മെരുക്കാന്‍. കമ്പ്യൂട്ടര്‍ യുഗമാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ, ഈ ഓഫീസില്‍ പറന്നു കളിയ്ക്കുന്ന കടലാസുകളുടെ ഇടയിലാണെന്റെ ജീവിതം.

ഞാനെവെടേം പോയതൊന്നുമല്ലായിരുന്നു

ഞാനെവെടേം പോയതൊന്നുമല്ലായിരുന്നു. ഓഫീസിലെ മുതലാളി തൊഴിലാളി ബലം പിടിത്തത്തിനിടയില്‍ തൊഴിലാളിയായ എനിയ്ക്കൊരു പാരയാവരുതല്ലോന്നു കരുതി കുറച്ചു നാളു ഇന്റര്‍നെറ്റിലെ നീന്തലൊഴിവാക്കിയതായിരുന്നു. പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മെ തന്നേന്നു പറഞ്ഞപോലെ ഞാനിപ്പഴും ഈ ഓഫീസിതന്നെ തൊഴിലാളിയായി കഴിഞ്ഞുകൂടാന്നു പ്രത്യേകം പറയണ്ടല്ലോ. എന്നെ പടിയടച്ചു പിണ്ഢം വയ്ക്കണവരെ ഞാനിവടന്നു ബ്ലോഗും. പൊറത്തേയ്ക്കു തെറിച്ചാ പിന്നെ എവെട്യാ ചെന്നു വീഴണേന്നു വച്ചാ അവടന്നും ബ്ലോഗാം.