നിങ്ങള്‍ ക്യൂവിലാണു്

നിങ്ങള്‍ ഗള്‍ഫില്‍ വന്നിട്ടു് ഒരുപാടു കാലമായി, പക്ഷേ വളരെ ഉയര്‍ന്ന നിലയില്‍ ജോലിയും ശമ്പളവും എല്ലാം ഉള്ള നിങ്ങളോടു് ഇങ്ങനെ ഒരു ലേബര്‍ അക്കോമഡേഷനില്‍ കുത്തിയിരിക്കാന്‍ പറഞ്ഞു പോയ കമ്പനിശകടത്തിന്റെ തേരാളിയായ ഉറ്റസുഹൃത്തിനെ നിങ്ങള്‍ക്കിപ്പോള്‍ ചവിട്ടിക്കൂട്ടാന്‍ തോന്നുന്നതു് സ്വാഭാവികം.

ഇതൊരു കൊച്ചു മുറി. അകത്തേയ്ക്കുള്ള വാതില്‍ പകുതിയേ തുറക്കുകയുള്ളൂ. അത്രയും സ്ഥലമേ വാതില്‍ തുറക്കുന്നതിലേക്കായി ആ മുറിയില്‍ വകയിരുത്തിയിട്ടുള്ളൂ. ഇരിയ്ക്കുവാനും കിടക്കുവാനും കട്ടിലുകള്‍ ധാരാളം. അടിയില്‍ നാലു്, മേലെ നാലു്, മേലേയ്ക്കുമേലെ അട്ടിയിട്ട കട്ടിലുകളുടെ ‍കാലുകളിലും കൈയുകളിലും തോരണങ്ങള്‍ തൂക്കിയ പോലെ, അലക്കിയതും അലക്കാനുള്ളതുമായ തുണിത്തരങ്ങളും തൂക്കിയിട്ടിരിക്കുന്നു. ഫൂള്‍കൈഷര്‍ട്ടും പാന്റും കൂടിചേര്‍ന്ന നീളന്‍ നീലകളാണു് കൂടുതലും. ഇരിക്കാന്‍ ഒരു കസേരയില്ല, അതിനുള്ള സ്ഥലമില്ലാത്തതു കൊണ്ടാണേ, നിങ്ങള്‍ക്കീ കട്ടിലില്‍ ഇരിക്കാം. മറ്റുള്ള കട്ടിലുകളിലെല്ലാം മുകള്‍നിലയിലും താഴെയുമായി ഓരോരുത്തര്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയുണ്ടു്.

നിങ്ങള്‍ എന്തോ തിരിച്ചറിയാന്‍ പറ്റാത്തൊരു വല്ലായ്മയോടെ പതുക്കെ ഇരിക്കുന്നു. ഈ ഒരു കട്ടില്‍ ഒരാളുടെ സങ്കേതമാണു്, സാമ്രാജ്യമാണു്, സ്വകാര്യമാണു്. അയാള്‍ പണികഴിഞ്ഞു വന്നാല്‍ ഇരുന്നു വിശ്രമിക്കുന്നതും കിടന്നുറങ്ങുന്നതും, ദിവാസ്വപ്നങ്ങള്‍ കാണുന്നതും, ഭാര്യയയച്ച കത്തെടുത്തു് പിന്നെയും പിന്നെയും വായിച്ചു നെടുവീര്‍പ്പിടുന്നതും എല്ലാം ഈ ഒരു കട്ടിലില്‍ കിടന്നാണു്. സ്വപ്നങ്ങളുടെ ഭാണ്ഡം താങ്ങി തളരുമ്പോള്‍ ഇറക്കിവയ്ക്കാനുള്ള ആ കട്ടിലില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്കു് തീര്‍ച്ചയായും ഒരു വല്ലായ്മ തോന്നും. പക്ഷേ വേറെ വഴിയില്ലാത്തതു കൊണ്ട് നിങ്ങളിരിക്കുന്നു. കുറച്ചു പേരെ പരിചയപ്പെടാമെന്ന ഉദ്ദ്യേശത്തോടെയാണല്ലോ നിങ്ങള്‍ വന്നതു്.

സ്വഭാവികമായി നിങ്ങള്‍ ആ കുടുസ്സുമുറിയിലെ ജനനിബിഢമായ അന്തരീക്ഷത്തോടു് പെട്ടെന്നു തന്നെ ഇണങ്ങുന്നു, കാരണം നിങ്ങളുടെ സ്വഭാവം അങ്ങിനെയാണു്. ആരോ ഒരു വെട്ടുഗ്ലാസു നിറയെ മഞ്ഞജ്യൂസു നിങ്ങള്‍ക്കു തരുന്നു. ഫൃജ്ജില്‍ നിന്നെടുത്തതായതിനാല്‍ കടുത്ത തണുപ്പുണ്ടതിനു്, എന്നാലും പുറത്തെ ചൂടില്‍ നിന്നും കയറിവന്ന നിങ്ങള്‍ക്കതു് ആശ്വാസമേകുമെന്നു ആത്മാര്‍ത്ഥമായി കരുതിയതിനാലാണു് നിങ്ങളെ അവര്‍ ആ നാരങ്ങജ്യൂസിനാല്‍ സല്‍ക്കരിക്കുന്നതു്. നിങ്ങള്‍ക്കറിയാം അതിനു് തണുപ്പു മാത്രമല്ല അസഹനീയമായ കയ്പും ഉണ്ടെന്നു്, എന്നാലും നിങ്ങള്‍ അന്തരീക്ഷത്തിന്റെ ഔപചാരികതയ്ക്കു വേണ്ടി വിദേശികള്‍ മദ്യം രുചിച്ചു നോക്കുന്നതു പോലെ പതുക്കെ ചുണ്ടില്‍ ചേര്‍ക്കുന്നു. ഒരു ഐസുകട്ട വിഴുങ്ങിയതു പോലെ ആ ദ്രാവകത്തിന്റെ ഒരിറക്കു അന്നനാളത്തിലൂടെ താഴേക്കിറങ്ങിപോയി.

അന്നേരമാണു് നിങ്ങളതു് ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നതു്. ആദ്യതവണ നിങ്ങളതു കണക്കാക്കിയില്ല. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല, കാരണം കുറച്ചു വേദനയും കൂടി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തുടയുടെ അടിയില്‍ നിങ്ങള്‍ മൂടമര്‍ത്തി ഇരിക്കുന്ന കിടക്കയില്‍ നിന്നു് എന്തോ കുത്തുന്ന പോലെ, ഒരു സൂചി? അതൊന്നുമല്ലെന്നു് പെട്ടെന്നു് നിങ്ങളുടെ പരിചയം വിളിച്ചു പറയുന്നു, മൂട്ടയാണതു്. ശരി തന്നെ മൂട്ടയാണു് കിടക്കയ്ക്കുള്ളില്‍ ഇരുന്നുകൊണ്ടു് നിങ്ങളുടെ സമൃദ്ധമായ തുടയിറച്ചിയില്‍ നിന്നു് ചോര വലിച്ചു കുടിയ്ക്കുകയാണു്. നിങ്ങള്‍ തുട ഒന്നു അമര്‍ത്തിനിരക്കുന്നു, അതില്‍പെട്ടു് മൂട്ട ചതഞ്ഞുപോകും എന്ന വിശ്വാസത്തില്‍. കുറച്ചു നേരത്തേയ്ക്കു് കുഴപ്പമില്ല.

പലരും നിങ്ങളോടു പലകാര്യങ്ങളും പറയുന്നു, ജോലിസംബന്ധമായും ഭക്ഷണസംബന്ധിയായും ഒക്കെ, പലതും നിങ്ങളും അനുഭവിക്കുന്നവയും, ചിലതു നിങ്ങള്‍ കേട്ടിട്ടില്ലാത്തവയുമൊക്കെ. നിങ്ങളുടെ നേരെ മുന്നിലുള്ള കട്ടിലിലുള്ളയാള്‍ പറയുന്നു, നിങ്ങളെല്ലാം ഭാഗ്യവാന്മാരാണെന്നു്. ശരിയാണു്, പക്ഷേ നിങ്ങള്‍ യാതൊന്നും അതിനു മറുപടിയായി പറയുന്നില്ല. അയാള്‍ തുടര്‍ന്നു, ഈ മുറികണ്ടോ, ഇവിടെ എട്ടുപേരാണു് കിടക്കുന്നതു്. നാലു കട്ടിലിന്റെ സ്ഥലം കഴിഞ്ഞാ പിന്നെ ഒന്നു തുണിമാറാനുള്ള സ്ഥലം പോലുമില്ല. ആ മൂലയ്ക്കുള്ള മേലത്തെ കട്ടിലു കണ്ടോ, കാലൊടിഞ്ഞിട്ടു രണ്ടുമാസായി, വച്ചുകെട്ടാണു്, എപ്പഴാ രണ്ടും കൂടി മറഞ്ഞു വീഴാന്നറിയില്ല. അപ്പോഴാണു് നിങ്ങള്‍ ആ മൂല ശ്രദ്ധിയ്ക്കുന്നതു്, തുണികള്‍ ഞാന്നുകിടക്കുന്നതിനിടയിലൂടെ മൂടിപുതച്ചു കിടക്കുന്ന ഒരാളെ നിങ്ങളപ്പോളവിടെ കണ്ടെത്തുന്നു. അയാളെ എത്തിനോക്കാനെന്ന വ്യാജേന, തുടയില്‍ കടിച്ചുപിടിച്ചിരിക്കുന്ന മൂട്ടയെ ഒന്നു അമര്‍ത്തിയരക്കുകയെന്ന വ്യര്‍ത്ഥശ്രമത്തില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നു.

അന്നേരം നിങ്ങളെ അവിടെ കൊണ്ടുവിട്ടിട്ടു പോയ കമ്പനിശകടത്തിന്റെ തേരാളി വിജയാശ്രീലാളിതനായി കൈയിലൊരു നീളന്‍ കുപ്പിയുമായി തിരിച്ചെത്തുന്നു. വാതില്ക്കല്‍ പ്രത്യക്ഷപ്പെട്ട അയാളെ കണ്ടയുടന്‍ നിങ്ങള്‍ ചാടിയെഴുന്നെല്ക്കുന്നു, കാരണം തുടയുടെ അടിയില്‍ നിന്നു മൂട്ടയുടെ കടിവിടുവിച്ചു് ഒന്നെണീറ്റു നില്ക്കാന്‍, ഇരുന്നപ്പോള്‍ മുതല്‍ നിങ്ങളാഗ്രഹിക്കുകയാണു്. അപ്പോ തുടങ്ങുകയല്ലേ, ഗുരുക്കന്മാരു് തന്നെ ഒഴിച്ചാട്ടെ. പെട്ടെന്നു തന്നെ കാര്‍പെറ്റില്‍ വിരിച്ച കുനുകുനാന്നറബിയച്ചടിച്ച ദിനപത്രത്തില്‍ ഒരു വശത്തു നിരനിരയായി ഗ്ലാസ്സുകള്‍ നിരന്നു. മിച്ചറിന്റെ രണ്ടുകൂടു പൊട്ടിച്ചു് അതും കൂന്നുകൂട്ടിയിട്ടു. ഒരേ ഉയരത്തില്‍ എല്ലാ ഗ്ലാസ്സിലും പൊക്കം കുറഞ്ഞു തടിച്ച ഒരു ഗ്ലാസ്സില്‍ മാത്രം കുറച്ചു കൂടുതലും ഒഴിച്ചപ്പോള്‍ തന്നെ കുപ്പിയുടെ കാല്‍ഭാഗത്തിലധികം തീര്‍ന്നു.

ചിയേഴ്‍സെന്ന വാക്കിന്റെ അര്‍ത്ഥരാഹിത്യം നല്ലപോലെ മനസ്സിലാക്കിയിരുന്നതിനാല്‍ ചിലര്‍ ഒറ്റവലിക്കും ചിലര്‍ രണ്ടു പ്രാവശ്യമായും, വിദേശത്തിരുന്നുകൊണ്ടു് മറ്റൊരു വിദേശത്തുന്നു് വന്ന യഥാര്‍ത്ഥ വിദേശമദ്യം വലിച്ചു കുടിച്ചു് ഗ്ലാസ്സിന്റെ ആന്തരികസൌന്ദര്യം വെളിവാക്കി വച്ചു.

നിങ്ങളുടെ ഗ്ലാസ്സും പിടിച്ചു് നിങ്ങള്‍ ഏതോ അത്ഭുതകാഴ്ച കാണുന്നതു പോലെ ഇരിക്കുകയാണു്, കാരണം നിങ്ങള്‍ക്കിതു ശീലമില്ലല്ലോ. എങ്കിലും പതുക്കെ അന്തരീക്ഷത്തിലെ ആഹ്ലാദകുമിളകള്‍ നിങ്ങളെയും തീര്‍ത്തും ലഘുചിത്തനാക്കി മാറ്റുകയും പതുക്കെ നിങ്ങളുടെ ഗ്ലാസു കാലിയാവുന്നതും നിങ്ങള്‍ തിരിച്ചറിയുന്നു. അന്തരീക്ഷം വളരെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞതായി നിങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളും എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്, ഊന്നിയൂന്നി പറയുന്നുണ്ടു്, ഗവണ്മെന്റിനെയും രാഷ്ട്രീയക്കാരേയും സര്‍വ്വോപരി ഒരു ജനനസര്‍ട്ടിഫിക്കറ്റിനു വേണ്ടി നിങ്ങളെ രണ്ടാഴ്ച നടത്തിച്ച പഞ്ചായത്തോഫീസറേയും നിങ്ങള്‍ ആത്മാര്‍ത്ഥമായി തെറി പറയുന്നു. നിങ്ങളുടെ പ്രകടനം എല്ലാരേയും സംതൃപ്തരാക്കി, നിങ്ങളുടെ ഗ്ലാസ് മൂന്നും നാലും വട്ടം നിറച്ചു്, അവരുടെ അഭിനന്ദനം സൂചിപ്പിച്ചപ്പോള്‍ നിങ്ങള്‍ നിര്‍വ്യാജം എതിര്‍ക്കുകയും ആ സ്നേഹനിറകുടങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ മുട്ടുകുത്തി നമസ്ക്കരിക്കുകയും ചെയ്യുന്നു.

എത്രയോ മാസങ്ങള്‍ക്കു മുമ്പോ മറ്റോ അന്തരിച്ച കോഴിയുടെ ശവശരീരം കൊണ്ടുണ്ടാക്കിയ ചില ചാറുകറികള്‍ കൂട്ടി ചപ്പാത്തിയെന്നു വിളിക്കുന്നതിനേക്കാള്‍ ഇരുമ്പടയെന്നു വിളിക്കാവുന്ന പറോട്ടയും ഇതിനിടയില്‍ നിങ്ങള്‍ തിന്നുന്നതു് സത്യത്തില്‍ വിശപ്പുമൂലമല്ലെന്നു നിങ്ങള്‍ക്കറിയാം, നിങ്ങളുടെ ആമാശയത്തില്‍ നില്ക്കക്കള്ളിയില്ലാതെ രക്തക്കുഴലുകള്‍ വഴി ശരീരം മുഴുവന്‍ ഓടിക്കിതച്ചെത്തിയ ആള്‍ക്കഹോള്‍, ഓരോ രോമകൂപ്പത്തിലും പിടിച്ചു വലിക്കുന്നതു് നിങ്ങള്‍ ശരിക്കും അറിയുന്നുണ്ടു്, തലച്ചോറിലും കണ്‍പോളകളിലുമാണു് ഈ പ്രതിഭാസം തീവ്രമായി അനുഭവപ്പെടുന്നതെന്നു് എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്പോഴും നിങ്ങള്‍ മനസ്സിലാക്കിയെന്നതു് അത്ഭുതമല്ല. തല പിന്നാക്കം എറിയുമ്പോള്‍ ഏതോ കുഴിയിലേയ്ക്കു ആണ്ടു പോകുന്നതു പോലെയും നിങ്ങള്‍ക്കു തോന്നുന്നുവെന്നതും അത്ഭുതമല്ല, കാരണം നിങ്ങളുടെ ശരീരം തറയില്‍ വെട്ടിയിട്ട വാഴപോലെ കിടക്കുമ്പോള്‍ മനസ്സുമാത്രം നേരെനില്ക്കുകയെന്നതു് അസംഭവ്യമാണല്ലോ. ഇപ്പോള്‍ നിങ്ങളുടെ ചുറ്റും ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതു് നിങ്ങളെ ബാധിക്കുന്നില്ല, നിങ്ങളുടെ മനസ്സു് ശാന്തമായ ഒരു യാത്രയിലാണു്, നിങ്ങളുടെ മുഖത്തുനിന്നറിയാം നിങ്ങളനുഭവിക്കുന്ന നിര്‍വൃതി, ഇടയ്ക്കിടയ്ക്കു വരുന്ന ഏമ്പക്കവും ശര്‍ദ്ദിയും മാത്രമേ അതിനിടയില്‍ നിങ്ങള്‍ക്കൊരു കരടായി തോന്നുന്നുള്ളൂ.

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

നിങ്ങളിങ്ങനെ വെള്ളടിച്ചു വാളുവച്ചു കൊതംകുത്തിമറിഞ്ഞു കെടന്നാല്, ഞാനെങ്ങന്യാ ഇതൊന്നെഴുതി തീര്‍ത്തിട്ടു് ബ്ലോഗുന്നേ, ശ്ശെടാ, ഇതു വല്ല്യ പുലിവാലായല്ലോ…………..

Advertisements

അനാവശ്യചിന്തകള്‍

കല്ലുകെട്ടിയ മതില്‍, ഗേറ്റൊന്നും ഇല്ല. ഒരു പൊളിവിലൂടെ അകത്തു കടക്കാം. ഒന്നുകൂടി ഓര്‍ത്തുനോക്കി, അതൊരു തീവണ്ടിയാപ്പീസു തന്നെയായിരുന്നോ? തീവണ്ടികളോ പാളങ്ങള്‍ തന്നെയോ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ തീവണ്ടി പിടിക്കാനായിരുന്നല്ലോ, അവിടേയ്ക്കു കാറോടിച്ചു പാഞ്ഞുചെന്നതു്.അവിടെ ചെന്നപ്പോ കേട്ടതോ, ഇനി അടുത്ത മാസമേ തീവണ്ടിയുള്ളത്രേ. എവിടേയ്ക്കു പോകാനാണു്, ഒരോര്‍മ്മയും കിട്ടുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടു വരുന്ന വണ്ടി, അതെവിടേയ്ക്കുള്ളതായിരിക്കും? അങ്ങിനെയൊരു വണ്ടിയും അങ്ങിനെയൊരു ലക്ഷ്യവും ഇതുവരെ കേട്ടിട്ടുകൂടിയില്ല. പക്ഷേ അവിടെ കാത്തുകിടന്നുവല്ലോ, എത്രദിവസം, അറിയില്ല. എവിടേയും പോകാതെ, അവിടെ, ആ ചെത്തിതേയ്ക്കാത്ത പ്രാകൃതത്വം തോന്നിപ്പിയ്ക്കുന്ന ചെങ്കല്‍മതിലിനുള്ളില്‍, കാറു നിര്‍ത്താതെ, അതെ ഇപ്പോഴത്ഭുതം തോന്നുന്നു, എഞ്ചിന്‍ നിര്‍ത്താതെ അതിനകത്തിരിയ്ക്കുകയായിരുന്നു.

എന്നിട്ടു തീവണ്ടി വന്നോ? ആര്‍ക്കറിയാം, അപ്പോഴേയ്ക്കും നേരം വെളുത്തെന്നു തോന്നുന്നു.

ഇതെങ്ങിനെ അവളോടു പറയും? അവളെന്നും ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുമ്പോള്‍, കാലത്തെണീറ്റുടന്‍ രാത്രികണ്ട സ്വപ്നത്തെക്കുറിച്ചു പറയുമ്പോള്‍ പുച്ഛമായിരുന്നു. അനാവശ്യചിന്തകള്‍ കുറേകൂടുന്നുണ്ടു് അല്ലാതെ വേറൊന്നുമല്ല എന്നെല്ലാം. പിന്നെപിന്നെ സ്വപ്നങ്ങളില്‍ നിന്നേല്ക്കുന്ന മുറിവുകള്‍ അവള്‍ പുറത്തുകാട്ടാതായി.

അതുപോലെയല്ലല്ലോ, ഇതാദ്യമായിട്ടാണല്ലോ, ഒരു സ്വപ്നം, അതും വിചിത്രമായതു്. അവള്‍ പറയാറുള്ള സ്വപ്നകഥകളും വിചിത്രമായിരുന്നില്ലേ.

ഇതെങ്ങിനെ അവളോടു പറയും? സ്വപ്നം കണ്ടുവെന്നു പറകയോ, മോശമാവില്ലേ.

ഒരു കാര്യം ചെയ്യാം, ബ്ലോഗാം, അവള്‍ ചിലപ്പോള്‍ വായിയ്ക്കയുണ്ടാവില്ല. എന്നാലും എന്നെങ്കിലും ആരെങ്കിലും ഈ സ്വപ്നത്തെക്കുറിച്ചു പറഞ്ഞേക്കും….

തീര്‍ച്ചയായും………………

ഡയറിയിലെ തെറ്റു്

ഒരു ചുട്ടനിശ്വാസം പുറത്തുപോകാതെ അവളുടെ ഹൃദയത്തില്‍ കിടന്നു പൊള്ളി. അവള്‍ പ്രാണനുരുകുന്നൊരു നെരിപ്പോടായി. തിയ്യതിയും മുഹൂര്‍ത്തവുമെല്ലാമുറപ്പിച്ചു് പരസ്പരം ആശംസകള്‍ നേര്‍ന്നവര്‍ വിടചൊല്ലുമ്പോള്‍, ഉള്ളറകളിലൊന്നില്‍ വര്‍ഷം മുറിയാതെ പെയ്തുതുടങ്ങിയിരുന്നു. നെഞ്ചോടു ചേര്‍ത്തുവച്ച ജീവനടര്‍ത്തും പോലെ, പിന്നെയവള്‍ ആ ഡയറിയിലെ ‘തെറ്റു്’ എന്നെഴുതിയ പേജു് വലിച്ചു ചീന്തി. പിന്നീടു് പിന്നീടുള്ള പേജുകളിലെല്ലാം ‘തെറ്റു്’ എന്നു് ആവര്‍ത്തിച്ചെഴുതിയിരിയ്ക്കുന്നു, ഭ്രാന്തമായ വേഗത്തില്‍ ഇതളുകള്‍ പൊഴിഞ്ഞാ ഡയറി അവളുടെ അസ്ഥികൂടമായ് മാറി. ഒരു ഡയറിയിലൊതുങ്ങിയ കാലമെങ്കിലും, തന്റെ ശരീരത്തിലെ ഓരോ അണുവും അയലത്തെ വികൃതിപ്പയ്യന്റെ കുസൃതിത്തരങ്ങള്‍ ഓര്‍മ്മിച്ചു നെടുവീര്‍പ്പിടുന്നതവളറിഞ്ഞു. തെറ്റുകളെല്ലാമൊരു കൂമ്പാരമാക്കി വാരിയെടുത്തവള്‍ മനസ്സിന്റെ പിന്നാമ്പുറത്തിട്ടു തീയിട്ടു. ആ ചാരം വാരിയെടുത്തവള്‍ മേലാസകലം ഉരച്ചുതേച്ചു കുളിച്ചു. പിന്നെ പുതിയൊരു സ്വപ്നത്തിന്റെ പുടവയെടുത്തണിഞ്ഞവളൊരു നവവധുവായു് പുത്തനാംപുതിയ മണിമഞ്ചത്തില്‍ പുതിയ തെറ്റുകാരനെത്തുന്നതും കാതോര്‍ത്തുകിടന്നു.

പത്തൊൻപതു്

കാലത്തു ലോറിയുടെ പിന്നിൽ നിന്നു വലിഞ്ഞിറങ്ങി, ഒരു ദിനോസറിന്റെ അസ്ഥികൂടം കണക്കെ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ അടിയിലേയ്ക്കു നടക്കുമ്പോൾ ദിവാകരന്റെ മനസ്സിൽ പൊള്ളുന്ന തീയായിരുന്നു. സൂര്യൻ മുകളിൽ നിന്നും ദാക്ഷിണ്യമില്ലാതെ കോരിയൊഴിയ്ക്കുന്ന തീയെക്കാളും ചൂടായിരുന്നു അയാളുടെ ഉള്ളിലെ ചൂടിനപ്പോൾ.

ഈ വിശ്വതിരക്കഥാകൃത്തിന്റെ ലൊടുക്കുവിദ്യയാലാണോ ഇന്നെല്ലാം പത്തൊൻപതിലെത്തി നിൽക്കുന്നതു്. ഇന്നു് കെട്ടിടത്തിന്റെ പണി പത്തൊൻപതാം നിലയിലേയ്ക്കു കടക്കുകയാണു്. നിലകളെത്ര കണ്ടിരിയ്ക്കുന്നു, ശൂന്യാകാശത്തിനോടുമ്മ വച്ചു് കിന്നാരമെത്ര പറഞ്ഞിരിയ്ക്കുന്നു. ഇപ്രാവശ്യമെന്തോ വെറും പത്തൊൻപതാം നിലയിലെത്തിയപ്പോഴേയ്ക്കും മതിയായിരിയ്ക്കുന്നു. ഇതു മുഴുമിയ്ക്കാൻ ഞാനുണ്ടാവുമോ? നല്ല വേഗത്തിലാണു് പണി നടക്കുന്നതു്, ഭീമൻ കോൺക്രീറ്റു് പമ്പു് തന്റെ അനക്കോണ്ട പോലത്തെ കുഴലിലൂടെ കുഴച്ചു തള്ളുന്ന കോൺക്രീറ്റു്, എത്ര വേഗത്തിലാണു് ഓരോ നിലയും വാർത്തു മുന്നേറുന്നതു്. ഏറ്റവും മുകളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചിരിയ്ക്കയാണു് പമ്പു്.

ഒരു വെറും ഇരുമ്പു ചട്ടക്കൂടു മാത്രമായ ലിഫ്റ്റു് ഓരോ നിലയും താണ്ടി മുകളിലോട്ടു പോയ്ക്കൊണ്ടിരിയ്ക്കെ, ദിവാകരന്റെ നെഞ്ചിടിപ്പേറിക്കൊണ്ടിരുന്നു. പത്തൊൻപതിലേയ്ക്കു കടക്കുകയാണു്, തന്റെ മൂത്തമകൾ, ഇന്നു് അവളുടെ പിറന്നാളാണു്. പതിനെട്ടു നിലയും കെട്ടി തീർന്ന, മുറികൾക്കു് ആവശ്യക്കാരെ കാത്തുകിടക്കുന്ന ഒരു പുത്തൻ കെട്ടിടമായിരിയ്ക്കുന്നു അവൾ. താനെന്തിനാ പേടിയ്ക്കുന്നേ, വെറുതേ ദിവാകരൻ ഓർത്തു. കഴിഞ്ഞ അവധിയ്ക്കു പോയപ്പോഴും അവളുടെ കളികളിലും കുസൃതികളിലും താൻ ആഹ്ലാദിച്ചതാണു്. രണ്ടു കൊല്ലം കൂടി കടന്നിരിയ്ക്കുന്നു. അവളുടെ സൌന്ദര്യം രണ്ടു പടികൂടി കയറിയിരിയ്ക്കുന്നു. ഒത്തൊരു പെണ്ണായിരിയ്ക്കുന്നു. പത്തൊൻപതു കൊല്ലം, എത്ര ക്ഷണത്തിലാണു് ഓടിപ്പോയതു്. തൊണ്ണൂറിന്റന്നു് ചോറുകൊടുക്കലിനെടുത്ത ഫോട്ടോ കൈയിൽ കിട്ടിയപ്പോഴാണു് പൊന്നുമോളെ ആദ്യമായിട്ടു കാണുന്നതു്. അന്നു മനസ്സിനുണ്ടായ വിങ്ങൽ, തൊണ്ടയിൽ കുരുങ്ങിയ നിമിഷങ്ങൾ, ഏകാന്തമായൊഴുക്കിയ കണ്ണുനീർ, ആ കണ്ണുനീരിന്റെ നനവിപ്പോഴും കണ്ണിലുണ്ടു്, ആ വിങ്ങലിപ്പോഴും തൊണ്ടയിലുണ്ടു്.

“ദിവാകരാ, നയന്റീൻത്തു് ഫ്ലോർ ഈസു് സ്റ്റാർട്ടിങ്ങു് ടുഡേ. തന്റെ ലീവിന്റെ കാര്യം ഉറപ്പൊന്നൂല്ല്യ. അറുപത്തെട്ടു നിലേം ഒറ്റടിയ്ക്കു തീർക്കണംന്നു് വാശീലാ മാനേജു്മെന്റു്, അതോണ്ടു് ആർക്കും വെറുതെ ലീവു് കൊടുക്കണ്ടാത്രേ, സ്റ്റുപ്പിഡു് ഫെല്ലോസു്”, സൂപ്പർവൈസറുടെ കരുണയുള്ള കത്തിയിലെ ഇംഗ്ലീഷു് വാചകം മാത്രമേ ദിവാകരൻ കേട്ടുള്ളൂ. നയന്റീൻ ഈസു് സ്റ്റാർട്ടിങ്ങു് ടുഡേ, അതേ, ഇന്നു് കമ്പനിയിലെ തന്റെ പത്തൊൻപതാം വർഷം ആരംഭിയ്ക്കുകയാണു്. വന്നിറങ്ങിയ അന്നു മുതൽ, ഏത്ര സത്യസന്ധമായി, എത്ര കഠിനമായി അദ്ധ്വാനിച്ചിരിയ്ക്കുന്നു, എന്നിട്ടും; ആരു കേൾക്കാൻ, ആരോടു പറയാൻ. കഴുതയേപ്പോലെ സിമെന്റു ചാക്കുകൾ പുറംതോൾക്കു ചുമന്നു നിലകൾ കയറ്റിയ നാളുകൾ മുതൽ ഇന്നു വരെ എണ്ണിച്ചുട്ട അപ്പത്തിലൊരെണ്ണം കൂടിയിട്ടില്ല. വന്നു പോയ സൂപ്പർവൈസർമാരിൽ നിന്നും കേട്ട പലഭാഷ തെറികൾ മാത്രം ഇന്നും സ്ഥിരം ഡെപ്പോസിറ്റായിട്ടുണ്ടു്, തന്റെ മനസ്സിൽ.

“ആ സൈഡു് റെയിലിന്റെ അടുത്തു കുറച്ചു വൃത്തിയാക്കണം ദിവാകരാ, നമ്മുടെ ലിഫ്റ്റിന്റെ അടുത്ത ഫ്ലോറിലേയ്ക്കുള്ള പീസസു് അവിടെകൊണ്ടു വയ്ക്കണം.” സൂപ്പർവൈസറുടെ വാക്കുകൾ യാന്ത്രികമായി അയാളെ ചലിപ്പിച്ചു. ഒരു വലിയ ബ്രഷും എടുത്തു, അയാൾ അടിയ്ക്കാൻ തുടങ്ങി. നിർത്താതെ വിശൂന്ന കാറ്റിൽ പൊടിനിറച്ചു കൊണ്ടു് അയാൾ ജോലി തുടരവെ, ഒരു കമ്പികഷ്ണത്തിലയാളുടെ പാന്റുടക്കി. പിന്നോക്കം വീഴാനാഞ്ഞപ്പോൾ ഒരു താങ്ങിനായി ചുറ്റും നോക്കിയെങ്കിലും, ശൂന്യത അയാളെ നോക്കി പല്ലിളിച്ചു. അങ്ങു ദൂരെ മുഹറക്കു് എയർപ്പോർട്ടിൽ കിടക്കുന്ന എയർഇന്ത്യയുടെ വിമാനം അയാളുടെ കണ്ണിലുടക്കി. ഉയരങ്ങളിലേയ്ക്കുള്ള സഞ്ചാരം, പിന്നെ വീണ്ടും താഴേയ്ക്കു്, താഴേയ്ക്കു താഴേയ്ക്കു പോകവേ, ലിഫ്റ്റിനേക്കാൾ വേഗം തനിയ്ക്കുണ്ടെന്നയാൾക്കു തോന്നി. താഴേയ്ക്കു പോയ്ക്കൊണ്ടിരുന്ന ലിഫ്റ്റിനേയും വെട്ടിച്ചുകൊണ്ടയാൾ പറന്നു. പത്തൊൻപതു നിമിഷം കൊണ്ടായിരിയ്ക്കണം അയാൾ നിലത്തു പതിച്ചു, പത്തോൻപതു ദിവസം കൊണ്ടായിരിയ്ക്കണം അയാളുടെ പടം വീട്ടിലെ ചുമരിൽ പതിച്ചു. എന്തുകൊണ്ടാണു് എല്ലാം പത്തൊൻപതു്?

പ്രകാശന്റെ പ്രേമം

ആവര്‍ത്തനമാണു്, വിരസമാണു്, എന്നാലും പഴയേടത്തു കളഞ്ഞിട്ടിട്ടു പോരാന്‍ മനസ്സു വരണില്ല. ഒന്നു കൂടി വായിച്ചേക്കൂ.

ആകപ്പാടെ ഭയങ്കര തിരക്കാ ഇപ്പോ. എന്നാലും ഒരു പ്രേമത്തില്‍ വീണാപിന്നെ തിരക്കിനൊക്കെ എവിടാ നേരം? വൈകുന്നേരം ഓടിപ്പിച്ചിട്ടു ജോലിയും തീര്‍ത്തു പ്രകാശന്‍ പാഞ്ഞു, മനാമയില്‍ ബസ്സിറങ്ങി, മൂന്നു വരിയുണ്ടെങ്കിലും തിങ്ങിതിങ്ങി കാറും വണ്ടീം പോണ റോഡു് സര്‍ക്കസുകാരന്റെ ലാഘവത്തോടെ മുറിച്ചു കടന്നു, ബംഗാളികള്‍ എന്തു ചെയ്യാനാണെന്നറിയാതെ തിങ്ങിവിങ്ങി നിക്കുന്ന അയക്കൂറപാര്‍ക്കിലൂടെ ഊളിയിട്ടു, തുണിമാര്‍ക്കറ്റില്‍ റോഡിലേയ്ക്കിറങ്ങിയിരിയ്ക്കുന്ന തുണിസാമാനങ്ങളില്‍ ചവിട്ടാതെ നോക്കി ചവിട്ടി, പഴയ ഗോള്‍ഡുസൂക്കിന്റെ മുന്നിലെത്തി.

ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?

സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.

പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.

ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.

സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.

എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ – ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.

ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.

കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.

“ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.

അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?

മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.

തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു വായിലേയ്ക്കു കമഴ്ത്തി.