ചെന്നൈ നഗരത്തിലെ തിരുവൊട്രിയൂർ എന്ന സ്ഥലത്താണ് ഞാനിപ്പോൾ താമസിയ്ക്കുന്നത്. ഇവിടെ കുടിവെള്ളം ഒരു ആഡംബരവസ്തുവാണ്. സർക്കാർ പൈപ്പുകളിലൂടെ കുടിവെള്ളം എത്തുന്നത് നാലുദിവസം കൂടുമ്പോൾ രണ്ടുമണിക്കൂർ മാത്രമാണ്. അതും ചാമ്പുപൈപ്പുപയോഗിച്ച് അടിച്ചെടുക്കണം. അഞ്ചും പത്തും കുടങ്ങളിലും ഡ്രമ്മുകളിലുമെല്ലാം വെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും കുടിയ്ക്കുവാനും മറ്റും ഉപയോഗിയ്ക്കും. അതെങ്കിലും ഉണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.

ഇന്നലെയാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാലു ദിവസം മുൻപ് പിടിച്ച് അടച്ചു വെച്ച ഡ്രം ഇന്നലെ തുറന്നു നോക്കിയപ്പോഴുണ്ട്, നിറയെ കൊതുകുകൂത്താടികൾ ഡ്രമ്മിലെ വെള്ളം മുഴുവൻ വെട്ടിവെട്ടി നടക്കുന്നു. ഇതെങ്ങിനെ വന്നുവെന്ന് അത്ഭുതപ്പെട്ട ഞാൻ, ഇവിടത്തെ മുൻഗാമികളോട് അന്വേഷിച്ചപ്പോൾ, അതൊക്കെ ‘സാധാരണ’മാണത്രേ, പൈപ്പിലൂടെ വരുന്ന വെള്ളം തുണികൊണ്ട് അരിച്ചാണ് എല്ലാവരും എടുക്കുന്നത് (ഞാൻ കരുതി വല്ല കരടുമുണ്ടെങ്കിൽ പോയ്ക്കോട്ടേന്നു വിചാരിച്ചിട്ടായിരിയ്ക്കുംന്ന്), പക്ഷേ നാലഞ്ചു ദിവസം വെച്ചാൽ അരിപ്പയിലൂടെ കടന്നു പോയ കൊതുകുമുട്ടകളെല്ലാം വളർന്ന് കൂത്താടികളാവും. അപ്പോഴാണ് കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിന്റെ അപകടം ഞാൻ മനസ്സിലാക്കുന്നത്. നാലു ദിവസത്തിലൊരിയ്ക്കൽ അമൃതുപോലെ കിട്ടുന്ന സാധനം വിഷമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

കാണാൻ പറ്റുന്ന കൂത്താടികൾ കൂടാതെ, നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത എത്രയെത്ര രോഗാണുക്കൾ ഡ്രെയ്നേജുകളിൽ നിന്ന് ഈ കുടിവെള്ളവിതരണപൈപ്പുകളിലേയ്ക്കു കടക്കുന്നു എന്ന് സാധാരണക്കാർ എവിടെയറിയുന്നു. ചികുൻഗുനിയയും എലിപ്പനിയും പിടിച്ച് സാധാരണക്കാർ ചത്തുവീഴുന്ന സീസണുകളിൽ തിരക്കേറുന്ന ‘കമ്മ്യൂണിക്കബിൾ ഡിസീസസ് ഹോസ്പിറ്റലും’ ഞാൻ ദിവസേന ജോലിയ്ക്കു പോകുമ്പോൾ കാണുന്നുണ്ട്.

ഡോക്ടർമാർക്കും മരുന്നുകമ്പനികൾക്കും മെഡിക്കൽ ലാബുകൾക്കും ഇലക്ട്രിക് ശ്മശാനത്തിനും ലാഭങ്ങൾ നേടിക്കൊടുക്കുകയാണ് ഇന്ന് കുടിവെള്ളപൊതുവിതരണസംവിധാനത്തിന്റെ ലക്ഷ്യങ്ങൾ. ഗ്യാസിനും മറ്റും അനിയന്ത്രിതമായി വിലകൂട്ടിക്കൊണ്ട്, വെള്ളം തിളപ്പിച്ച് മാത്രം കുടിയ്ക്കുക എന്ന് അവരെ ഉദ്ബോധിയ്ക്കുക മാത്രമാണ് ഇതിന് പോംവഴിയെന്ന് വിദഗ്ദ്ധരും പറയുന്നു.

ജനങ്ങളുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പോരാടുന്ന വിപ്ലവപാർട്ടികൾ ഇവിടെയും ഉണ്ടെന്നാണ് അറിവ്, പക്ഷേ തിരഞ്ഞെടുപ്പുകൾ മാത്രമാണല്ലോ അവരുടെ ചർച്ചകളിലെല്ലാം നിറഞ്ഞുനില്ക്കുന്നത്.

‘വെള്ളത്തിനു വേണ്ടിയായിരിയ്ക്കും ഭാവിയിലെ യുദ്ധങ്ങളെല്ലാം’, എന്നത് വല്ലാത്തൊരു ദീർഘദർശനം തന്നെ. അതിലെ കടുത്ത യാഥാർത്ഥ്യം അറിഞ്ഞുതുടങ്ങുന്നു.

Tags:

Advertisements

5 thoughts on “ചെന്നൈ നഗരത്തിലെ കുടിവെള്ളം വിഷം

 1. ചെന്നൈ വാസം മടുത്തോ മാഷേ….
  വെള്ളമില്ല, മുടിഞ്ഞ ചൂടാണ്, വൃത്തിയില്ല…കുറ്റങ്ങളനവധി..
  എങ്കിലും വിട്ടു പോകാന്‍ എന്തോ ഒരു മടി…
  നാലു വര്‍ഷത്തോളമായി ഈ തിരക്കില്‍ ഞാനും…

  എല്ലാവിധ ആശംസകളും..
  മാഷിനെ പരിചയപ്പെടണം എന്നുണ്ട്..
  തിരക്കില്ലേല്‍ ഒരു മെയില്‍ അയക്കുമോ?

  ഓണാശംസകളോടെ…

 2. ഇന്ന് ചെന്നൈയിലെ സ്ഥിതി ഇതാണെങ്കില്‍ നാളെ എല്ലായിടത്തും ഇതുതന്നെ സ്ഥിതി. ട്രയിനേജ് വേസ്റ്റ് എന്നത് അമൂല്യമായ ജൈവ വളമാണ്. അതാണ് നാടെങ്ങും കുടിവെള്ളത്തില്‍ കലര്‍ത്തി മലിനപ്പെടുത്തുന്നത്. തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് തിന്നാന്‍ പച്ചക്കറി കൃഷിയും കോഴി വളര്‍ത്തലുകളുമൊക്കെയുണ്ട് സ്പെഷ്യലായിട്ട്. അവയെപ്പറ്റികൂടി ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍ കൊള്ളാമായിരുന്ന. വാരിയെടിയുന്ന രാസവളങ്ങളും, കള, കുമിള്‍, കീടനായിനികളും കേരളീയര്‍ക്ക് ഭക്ഷണം. വളരുന്ന ആശുപത്രികളും തെരക്കും എല്ലാപേര്‍ക്കും കാണാവുന്നതാണല്ലോ. ഭൂമി ഉണ്ടെങ്കിലും കൃഷിചെയ്യാന്‍ നിവൃത്തിയില്ല. പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുതല്‍ അല്ലെങ്കില്‍ നഷ്ടകൃഷി. വാങ്ങിത്തിന്നുന്നത് ലാഭം. കര്‍ഷകര്‍ക്ക് ഒരേക്കറിന് താഴെയുള്ള പഴക്കം ചെന്ന കടങ്ങള്‍ എഴുതിത്തള്ളിയും, പലിശരഹിത വായ്പനല്‍കിയും (പലിശ ഖജനാവില്‍ നിന്ന് നല്‍കുമായിരിക്കാം) വിള ഇന്‍ഷ്വര്‍ ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്ലൊരു തുക കൈമാറിയും കാര്‍ഷികോത്പന്ന വില പിടിച്ചു നിറുത്തും. കര്‍ഷകര്‍ക്കും അതാണിഷ്ടം. തന്റെ ഉല്പന്നത്തിന് വില കിട്ടിയില്ലെങ്കിലും വാങ്ങുന്നവയ്ക്ക് വില താണിരിക്കണം. ഇതെല്ലാം നിയന്ത്രിക്കുന്ന ബുദ്ധിജീവികള്‍ക്ക് ആശ്വാസം.

 3. ഞാനും ഒരു കൊല്ലം ആയി ഇവിടെ (ചെന്നൈ അല്ല വേലൂര്‍) ഇവിടെ കുടിവെള്ള ഷാമം കുറച്ചു കൂടെ കൂടുതല്‍ ആണ് …പിന്നെ പോരാത്തതിന് ഒടുക്കത്തെ ചൂടും ….. ഇപ്പൊ കുറവുണ്ട് … വെള്ളത്തില്‍ ഇങ്ങനെ ഒരു കുഴപ്പം ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല ……

 4. മണത്തിലുംനിറത്തിലും ഗുണത്തിലും ഘടനയിലും വൈവിദ്ധ്യമുള്ള ചെന്നൈ വെള്ളത്തെ വെളിപ്പെടുത്തിയതു നന്നയി. കുറച്ചു വർഷങ്ങളായി ഞാനുമനുഭവിക്കുന്നു.പകരം വെക്കാൻ മറ്റൊന്നില്ലത്തതുകൊണ്ട് സഹിക്കുന്നു.നാളെ നാട്ടിലെ വെള്ളവും ഇങ്ങനെ ആയിക്കൂടാ എന്നു പഠിക്കുന്നു

 5. ഇന്ത്യയിലെ ഒരൊന്നാന്തരം മെട്രോപോളിറ്റൻ നഗരത്തിലെ സാധാരണ ജനങ്ങളുടെ അവസ്ഥയാണിതെന്ന് ആലോചിയ്ക്കുമ്പോൾ, ഇന്ത്യ പുരോഗമിയ്ക്കുന്നത് എവിടേയ്ക്കാണെന്ന് നമ്മൾ കാര്യമായി ആലോചിയ്ക്കേണ്ടതാണ്.

  ചെറുകിട കടകളിലെല്ലാം കുടിയ്ക്കുവാനും, കൈയും വായും കഴുകുവാനും, ജ്യൂസ് അടിയ്ക്കുവാനും എല്ലാം ഉപയോഗിയ്ക്കുന്നത് ഈ അപകടം പിടിച്ച വെള്ളമാണെന്ന് മനസ്സിലാക്കുമ്പോൾ, എലിപ്പനിയും മറ്റുള്ള മാരകപകർച്ചവ്യാധികളും വീണ്ടും വീണ്ടും നമ്മുടെ സാധാരണക്കാരെ ആക്രമിയ്ക്കുന്നതിന്റെ കാരണം അന്വേഷിച്ച് വേറെ ഗവേഷണമൊന്നും നടത്തേണ്ട ആവശ്യമില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )