കിംവദന്തികളില്‍ മരണസംഖ്യ മുപ്പതു് വരെയെത്തിയെങ്കിലും ഔദ്യോഗികകണക്കു് പ്രകാരം പതിനാറു പേരാണു് ജീവന്‍ വെടിഞ്ഞതു്.

  • രംഗബോധമില്ലാത്ത കോമാളിയല്ല, മരണം. ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍.

മനുഷ്യകച്ചവടത്തിന്റെ ഭീകരമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഈ കോമാളിയ്ക്കു കഴിഞ്ഞു. ഏഷ്യയില്‍ നിന്നു് കച്ചവടം ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു മനുഷ്യജീവികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം അധികാരികളുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ ദുരന്തത്തിനു കഴിഞ്ഞു. ബഹ്രൈന്‍ പ്രധാനമന്ത്രി സ്ഥലത്തെത്തി രാജ്യത്തുള്ള എല്ലാ ലേബര്‍ക്യാമ്പുകളിലും നടക്കുന്ന മനുഷ്യത്വരാഹിത്യത്തെ കുറിച്ചു് അന്വേഷിയ്ക്കാന്‍ ഉത്തരവിട്ടു കഴിഞ്ഞു.

ഒരു ലക്ഷത്തിനു മുകളിലാണു് ഇന്നു് ഒരു മനുഷ്യനെ ബഹ്രൈനിലെത്തിച്ചാല്‍ കിട്ടുന്നതു്. ഈ തുക രണ്ടോ മൂന്നോ പേരുടെ കൈകളിലാണെത്തുന്നതു്. ഒന്നു് നാട്ടിലുള്ള ഇടനിലക്കാരന്‍, മറ്റൊന്നു് ഇവിടെയുള്ള ഇടനിലക്കാരന്‍, പിന്നൊന്നു് അറബി. ഇവര്‍ക്കു് ഈ പൈസ കൊടുക്കുന്നതു്, എന്നെ എങ്ങിനെയെങ്കിലുമൊന്നു് വിറ്റു കാശാക്കൂ എന്നു കേഴുന്ന ദരിദ്രകോടികള്‍ തന്നെ.

  • സപ്ലൈ കമ്പനിയെന്നതു്, അടിമക്കച്ചവടത്തിന്റെ മറ്റൊരു പേരു്.

ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കൊടുത്തു് ഇവിടെ വന്നിറങ്ങുന്ന തൊഴിലാളികളെ മറ്റു കമ്പനികള്‍ക്കു് മണിക്കൂര്‍ കണക്കിനു് വിറ്റു കിട്ടുന്ന കാശു കൊണ്ടു് തടിച്ചു കൊഴുത്ത മലയാളികളടക്കുമുള്ള സപ്ലൈ മുതലാളിമാര്‍ ഇവിടെ ഒരു വമ്പന്‍ റാക്കറ്റാണു്. ഒരുദാഹരണം (സിജി ഇന്നു് പറഞ്ഞതു്): അവള്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ക്ലീനറായി ഒരു മലയാളി പയ്യനെ ഒരു സപ്ലൈ കമ്പനിയില്‍ നിന്നു് എടുത്തിട്ടുണ്ടു്. അവനു വേണ്ടി സിജി ജോലി ചെയ്യുന്ന ഓഫീസു് സപ്ലൈ കമ്പനിയ്ക്കു കൊടുക്കുന്നതു് മാസം 180 ദിനാറാണു് (22500 രൂപ). കാലത്തു് 9 മണി മുതല്‍ വൈകീട്ടു് 5 മണിവരെയാണു് ജോലി സമയം. ഈ പയ്യന്റെ മൊത്തം ജോലി സമയം 12 മണിക്കൂറാണു്. കാലത്തു് 4 മണിയ്ക്കെണീക്കണം, യാത്രാസമയം കഴിഞ്ഞു് 5 മണി മുതല്‍ ഒരു ഇരുമ്പുരുക്കു് കമ്പനിയില്‍ തലേദിവസത്തെ ഇരുമ്പു പൊടി നീക്കി നിലം വൃത്തിയാക്കലാണു് ജോലി. അതു് രണ്ടു മണിക്കൂറു കൊണ്ടു തീരും. പിന്നെ 9 മണിക്കു് സിജിയുടെ ഓഫീസിലെത്തും, 5 മണിക്കു് അവിടം വിട്ടാല്‍ ചിലപ്പോള്‍ മാത്രം വേറെ എവിടെയെങ്കിലും ജോലി കാണും. ഈ ജോലിയുടെയൊന്നും കൂലി അവനു നേരിട്ടു കിട്ടില്ല. അവനു പരമാവധി സപ്ലൈ കമ്പനിയില്‍ നിന്നു അധികജോലിയുടേതടക്കം കിട്ടുന്ന ശമ്പളം 80 ദിനാറാണു് (10000 രൂപ).

ഇരുപതിനായിരവും മുപ്പതിനായിരവും മറ്റും ശമ്പളം പറഞ്ഞു മോഹിപ്പിച്ചു ഇറക്കുമതി ചെയ്യുന്ന ഈ അടിമകളെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണു് ചില നാടന്‍ ഗള്‍ഫ് പ്രഭുക്കള്‍ നാട്ടില്‍ കണ്ടാല്‍ കണ്ണുതള്ളുന്ന കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതു്.

  • താമസിക്കാന്‍ തൊഴുത്തുകള്‍, ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

ആയിരവും രണ്ടായിരവും അടിമകളുള്ള സപ്ലൈകമ്പനികള്‍ അവരുടെ അടിമകളെ താമസിപ്പിക്കാന്‍ മരുഭൂമിയില്‍ വേലി വളച്ചു കെട്ടി രണ്ടായിരം കുറ്റികളടിച്ചേനെ – കെട്ടിയിടാന്‍, നീളത്തില്‍ തൊട്ടികള്‍ പണിതേനെ – തീറ്റയും വെള്ളവും കൊടുക്കാന്‍, ചൂടില്‍ അവര്‍ ചത്തുപോകില്ലായിരുന്നുവെങ്കില്‍. അത്രയും കണ്ണില്‍ ചോരയില്ലാത്ത ലാഭക്കൊതിയന്മാരാണു് ഈ കച്ചവടങ്ങള്‍ നടത്തുന്നതു്.

ഉറങ്ങുന്ന നേരമെങ്കിലും ഏസിയില്‍ കിടന്നില്ലെങ്കില്‍ ഇവിടെ മനുഷ്യര്‍ മരിച്ചു പോകും. അതിനാല്‍ എവിടെയെങ്കിലും പഴയ കെട്ടിടങ്ങള്‍ ചുളുവിനെടുത്തു് പത്തു മുറിയുണ്ടെങ്കില്‍ 200-300 പേരെ അതിനകത്തു് ഞെക്കിതിരുകും. നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികളില്‍ ഇരുപതു് മനുഷ്യര്‍ കിടക്കുന്നു എന്നതു് അതിശയോക്തി പറയുന്നതല്ല, സത്യമാണു്. അവിടെ താമസിക്കുന്നതു് മനുഷ്യരല്ല, അടിമകളാണു്. സ്വാതന്ത്ര്യബോധം അല്ലെങ്കില്‍ അഭിമാനം, ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ദുരഭിമാനത്തിനും മുന്നില്‍ മരിച്ചുവീഴുന്ന അവസ്ഥയാണു് സപ്ലൈതൊഴിലാളിയായിട്ടുള്ള ജീവിതം.

ഒരു ഇടത്തരം മാന്യമായ രീതിയില്‍ ഇവിടെ താമസിയ്ക്കണമെങ്കില്‍ മുറിവാടക 50-60 ദിനാറു വരെയാകും. ഒരു മുറി നാലാളു കൂടി പങ്കുവെച്ചാല്‍, കിട്ടുന്ന 80-100 ദിനാര്‍ ശമ്പളത്തില്‍ നിന്നു് ഭക്ഷണചെലവും കഴിച്ചു് 5000 രൂപയെങ്കിലും മാസം നാട്ടിലയയ്ക്കാനാകും. കമ്പനിവക താമസമാകുമ്പോള്‍ ഇത്തരം ഒരു മുറിയില്‍ കമ്പനി 15-20 ആളെയെങ്കിലും കുത്തിത്തിരുകും. ലാഭത്തിനു വേണ്ടിയുള്ള ക്രൂരത.

  • പോത്തുകളെ കൊണ്ടുവരുന്ന പാണ്ടിലോറികളോ?

സപ്ലൈകമ്പനികള്‍ തൊഴിലാളികളെ ജോലിസ്ഥലങ്ങളിലെത്തിയ്ക്കുന്നതു് പാണ്ടിലോറികള്‍ തമിഴ്നാട്ടില്‍ നിന്നു് പോത്തുകളെ അറക്കാന്‍ കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. വെയിലിന്റെ ചൂടിനു മാത്രം കുറച്ചു കാഠിന്യമേറുമെന്നു മാത്രം. രണ്ടു വശത്തും കമ്പിയഴികളടിച്ച തുറന്ന ലോറികളിലാണു് ഈ മനുഷ്യരെ തെരുവുകളിലൂടെ അടിമത്തത്തിന്റെ ഘോഷയാത്രയായി കൊണ്ടുപോകുന്നതു്. വെന്തു പോകുന്ന ചുടുകാറ്റും വെയിലുമേറ്റു് ദിവസവും രണ്ടുനേരമുള്ള ഒരു നരകയാത്ര (തണുപ്പുകാലമാണെങ്കില്‍ ഇതിന്റെ നേര്‍വിപരീതമായ ദുരിതം), എല്ലാം നാട്ടിലെ സ്വന്തം കുടുംബത്തിനും ഭാവിയ്ക്കും വേണ്ടിയുള്ള യാതന.

  • ഇപ്പോള്‍ ഒരു പ്രതീക്ഷ

രാജ്യത്തിന്റെ പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി, രാജ്യം മുഴുവനുമുള്ള ഇത്തരം അടിമത്താവളങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു നടപടിയെടുക്കുവാന്‍ മാധ്യമങ്ങള്‍ സന്നിഹിതരായിരിക്കെ ഉത്തരവിട്ടിട്ടുണ്ടു്. കൃത്യവിലോപം കൂടാതെ അറബി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിനിര്‍വ്വഹിച്ചാല്‍, ഗതികേടുകൊണ്ടു് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട ഈ ഹതഭാഗ്യരുടെ ജീവിതം കുറച്ചു മെച്ചപ്പെടുമെന്നു് പ്രതീക്ഷിയ്ക്കാം.

പതിനാറു ജീവനെടുത്ത ഈ അപകടം യഥാര്‍ത്ഥത്തില്‍ കണ്ണുതുറപ്പിയ്ക്കേണ്ട ചിലരുടെ കണ്ണുകള്‍ എന്നാണാവോ ഇനി തുറക്കുക. നമ്മുടെ ഭരണാധികാരികള്‍ ഗള്‍ഫ് പണത്തിന്റെ സമാഹരണത്തിനും ഗള്‍ഫുകാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടി പദ്ധതികളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, കച്ചവടം ചെയ്യപ്പെടുന്ന മനുഷ്യരെ കുറിച്ചു് അവരൊന്നും പറയുന്നതു് കേള്‍ക്കാറില്ല. ആധുനികയുഗത്തിലെ അടിമകച്ചവടത്തിനെതിരെ ഏതെങ്കിലും ഒരു ഭരണാധികാരിയോ നയതന്ത്രഉദ്യോഗസ്ഥരോ എന്തെങ്കിലും നടപടിയോ മറ്റോ എടുത്തതായി ഒരു കേട്ടുകേള്‍വിയും ഇല്ല. എന്നെങ്കിലും ഇവരുടെയും കണ്ണുകള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ തുറക്കുമെന്നു നമ്മള്‍ക്കു പ്രതീക്ഷിയ്ക്കാം.

Advertisements

3 thoughts on “രംഗബോധമില്ലാത്ത കോമാളിയല്ല മരണം, ദുരിതക്കയത്തില്‍ രക്ഷയ്ക്കെത്തിയ യമദേവന്‍

  1. 😦 നമ്മുടെ ഭരണാധികാരികള്‍ക്ക് വേണ്ടത് ഖജനാവിലേക്ക് പണമാണ്. അടിമകളെ വിറ്റുകിട്ടുന്ന കാശാണോയെന്ന് അവര്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ല. തൊഴില്‍ രംഗത്ത് അല്പമെങ്കിലും ശ്രദ്ധയുണ്ടായാല്‍ പാവങ്ങളും ജീവിച്ച് പോകുമെന്ന് ചിന്തിക്കേണ്ട കാര്യവും അവര്‍ക്കില്ല. ഇവിടെയുള്ളവര്‍ക്കില്ലാത്ത കരുതല്‍ അന്യദേശത്ത് ഉണ്ടാവുമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w