കാലത്തു ലോറിയുടെ പിന്നിൽ നിന്നു വലിഞ്ഞിറങ്ങി, ഒരു ദിനോസറിന്റെ അസ്ഥികൂടം കണക്കെ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ അടിയിലേയ്ക്കു നടക്കുമ്പോൾ ദിവാകരന്റെ മനസ്സിൽ പൊള്ളുന്ന തീയായിരുന്നു. സൂര്യൻ മുകളിൽ നിന്നും ദാക്ഷിണ്യമില്ലാതെ കോരിയൊഴിയ്ക്കുന്ന തീയെക്കാളും ചൂടായിരുന്നു അയാളുടെ ഉള്ളിലെ ചൂടിനപ്പോൾ.

ഈ വിശ്വതിരക്കഥാകൃത്തിന്റെ ലൊടുക്കുവിദ്യയാലാണോ ഇന്നെല്ലാം പത്തൊൻപതിലെത്തി നിൽക്കുന്നതു്. ഇന്നു് കെട്ടിടത്തിന്റെ പണി പത്തൊൻപതാം നിലയിലേയ്ക്കു കടക്കുകയാണു്. നിലകളെത്ര കണ്ടിരിയ്ക്കുന്നു, ശൂന്യാകാശത്തിനോടുമ്മ വച്ചു് കിന്നാരമെത്ര പറഞ്ഞിരിയ്ക്കുന്നു. ഇപ്രാവശ്യമെന്തോ വെറും പത്തൊൻപതാം നിലയിലെത്തിയപ്പോഴേയ്ക്കും മതിയായിരിയ്ക്കുന്നു. ഇതു മുഴുമിയ്ക്കാൻ ഞാനുണ്ടാവുമോ? നല്ല വേഗത്തിലാണു് പണി നടക്കുന്നതു്, ഭീമൻ കോൺക്രീറ്റു് പമ്പു് തന്റെ അനക്കോണ്ട പോലത്തെ കുഴലിലൂടെ കുഴച്ചു തള്ളുന്ന കോൺക്രീറ്റു്, എത്ര വേഗത്തിലാണു് ഓരോ നിലയും വാർത്തു മുന്നേറുന്നതു്. ഏറ്റവും മുകളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചിരിയ്ക്കയാണു് പമ്പു്.

ഒരു വെറും ഇരുമ്പു ചട്ടക്കൂടു മാത്രമായ ലിഫ്റ്റു് ഓരോ നിലയും താണ്ടി മുകളിലോട്ടു പോയ്ക്കൊണ്ടിരിയ്ക്കെ, ദിവാകരന്റെ നെഞ്ചിടിപ്പേറിക്കൊണ്ടിരുന്നു. പത്തൊൻപതിലേയ്ക്കു കടക്കുകയാണു്, തന്റെ മൂത്തമകൾ, ഇന്നു് അവളുടെ പിറന്നാളാണു്. പതിനെട്ടു നിലയും കെട്ടി തീർന്ന, മുറികൾക്കു് ആവശ്യക്കാരെ കാത്തുകിടക്കുന്ന ഒരു പുത്തൻ കെട്ടിടമായിരിയ്ക്കുന്നു അവൾ. താനെന്തിനാ പേടിയ്ക്കുന്നേ, വെറുതേ ദിവാകരൻ ഓർത്തു. കഴിഞ്ഞ അവധിയ്ക്കു പോയപ്പോഴും അവളുടെ കളികളിലും കുസൃതികളിലും താൻ ആഹ്ലാദിച്ചതാണു്. രണ്ടു കൊല്ലം കൂടി കടന്നിരിയ്ക്കുന്നു. അവളുടെ സൌന്ദര്യം രണ്ടു പടികൂടി കയറിയിരിയ്ക്കുന്നു. ഒത്തൊരു പെണ്ണായിരിയ്ക്കുന്നു. പത്തൊൻപതു കൊല്ലം, എത്ര ക്ഷണത്തിലാണു് ഓടിപ്പോയതു്. തൊണ്ണൂറിന്റന്നു് ചോറുകൊടുക്കലിനെടുത്ത ഫോട്ടോ കൈയിൽ കിട്ടിയപ്പോഴാണു് പൊന്നുമോളെ ആദ്യമായിട്ടു കാണുന്നതു്. അന്നു മനസ്സിനുണ്ടായ വിങ്ങൽ, തൊണ്ടയിൽ കുരുങ്ങിയ നിമിഷങ്ങൾ, ഏകാന്തമായൊഴുക്കിയ കണ്ണുനീർ, ആ കണ്ണുനീരിന്റെ നനവിപ്പോഴും കണ്ണിലുണ്ടു്, ആ വിങ്ങലിപ്പോഴും തൊണ്ടയിലുണ്ടു്.

“ദിവാകരാ, നയന്റീൻത്തു് ഫ്ലോർ ഈസു് സ്റ്റാർട്ടിങ്ങു് ടുഡേ. തന്റെ ലീവിന്റെ കാര്യം ഉറപ്പൊന്നൂല്ല്യ. അറുപത്തെട്ടു നിലേം ഒറ്റടിയ്ക്കു തീർക്കണംന്നു് വാശീലാ മാനേജു്മെന്റു്, അതോണ്ടു് ആർക്കും വെറുതെ ലീവു് കൊടുക്കണ്ടാത്രേ, സ്റ്റുപ്പിഡു് ഫെല്ലോസു്”, സൂപ്പർവൈസറുടെ കരുണയുള്ള കത്തിയിലെ ഇംഗ്ലീഷു് വാചകം മാത്രമേ ദിവാകരൻ കേട്ടുള്ളൂ. നയന്റീൻ ഈസു് സ്റ്റാർട്ടിങ്ങു് ടുഡേ, അതേ, ഇന്നു് കമ്പനിയിലെ തന്റെ പത്തൊൻപതാം വർഷം ആരംഭിയ്ക്കുകയാണു്. വന്നിറങ്ങിയ അന്നു മുതൽ, ഏത്ര സത്യസന്ധമായി, എത്ര കഠിനമായി അദ്ധ്വാനിച്ചിരിയ്ക്കുന്നു, എന്നിട്ടും; ആരു കേൾക്കാൻ, ആരോടു പറയാൻ. കഴുതയേപ്പോലെ സിമെന്റു ചാക്കുകൾ പുറംതോൾക്കു ചുമന്നു നിലകൾ കയറ്റിയ നാളുകൾ മുതൽ ഇന്നു വരെ എണ്ണിച്ചുട്ട അപ്പത്തിലൊരെണ്ണം കൂടിയിട്ടില്ല. വന്നു പോയ സൂപ്പർവൈസർമാരിൽ നിന്നും കേട്ട പലഭാഷ തെറികൾ മാത്രം ഇന്നും സ്ഥിരം ഡെപ്പോസിറ്റായിട്ടുണ്ടു്, തന്റെ മനസ്സിൽ.

“ആ സൈഡു് റെയിലിന്റെ അടുത്തു കുറച്ചു വൃത്തിയാക്കണം ദിവാകരാ, നമ്മുടെ ലിഫ്റ്റിന്റെ അടുത്ത ഫ്ലോറിലേയ്ക്കുള്ള പീസസു് അവിടെകൊണ്ടു വയ്ക്കണം.” സൂപ്പർവൈസറുടെ വാക്കുകൾ യാന്ത്രികമായി അയാളെ ചലിപ്പിച്ചു. ഒരു വലിയ ബ്രഷും എടുത്തു, അയാൾ അടിയ്ക്കാൻ തുടങ്ങി. നിർത്താതെ വിശൂന്ന കാറ്റിൽ പൊടിനിറച്ചു കൊണ്ടു് അയാൾ ജോലി തുടരവെ, ഒരു കമ്പികഷ്ണത്തിലയാളുടെ പാന്റുടക്കി. പിന്നോക്കം വീഴാനാഞ്ഞപ്പോൾ ഒരു താങ്ങിനായി ചുറ്റും നോക്കിയെങ്കിലും, ശൂന്യത അയാളെ നോക്കി പല്ലിളിച്ചു. അങ്ങു ദൂരെ മുഹറക്കു് എയർപ്പോർട്ടിൽ കിടക്കുന്ന എയർഇന്ത്യയുടെ വിമാനം അയാളുടെ കണ്ണിലുടക്കി. ഉയരങ്ങളിലേയ്ക്കുള്ള സഞ്ചാരം, പിന്നെ വീണ്ടും താഴേയ്ക്കു്, താഴേയ്ക്കു താഴേയ്ക്കു പോകവേ, ലിഫ്റ്റിനേക്കാൾ വേഗം തനിയ്ക്കുണ്ടെന്നയാൾക്കു തോന്നി. താഴേയ്ക്കു പോയ്ക്കൊണ്ടിരുന്ന ലിഫ്റ്റിനേയും വെട്ടിച്ചുകൊണ്ടയാൾ പറന്നു. പത്തൊൻപതു നിമിഷം കൊണ്ടായിരിയ്ക്കണം അയാൾ നിലത്തു പതിച്ചു, പത്തോൻപതു ദിവസം കൊണ്ടായിരിയ്ക്കണം അയാളുടെ പടം വീട്ടിലെ ചുമരിൽ പതിച്ചു. എന്തുകൊണ്ടാണു് എല്ലാം പത്തൊൻപതു്?

10 thoughts on “പത്തൊൻപതു്

  1. സത്യത്തില്‍ കെവിനിത്രമാത്രം നന്നായി എഴുതുമെന്ന്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ നല്ലൊരു കഥ. ആശംസകള്‍!!!

  2. kevin, the chillus (and only the chillus) in this page are rendered in my system using karumpi. so i suspect anjali doesn’t have glyphs for chillus encoded properly. but then, i can’t see these karumpi chillus in other pages (or even in the above comments posted by others). so i suspect your unicode is different from others’. are you using a new varamozhi or something? can you shed some light? thanks!

  3. മനോജേ, സംശയം ന്യായമാണു്. കറുമ്പിയിൽ പുതിയ ചില്ലുകളാണു്. പക്ഷേ അഞ്ജലി ഇപ്പോഴും പഴയതു തന്നെ. ചില്ലുകൾക്കു പുതിയ കോഡുമായി അഞ്ജലിയും വരും, ഒരു പക്ഷേ ഇന്നു തന്നെ. പിന്നെ ഞാൻ ടൈപ്പു് ചെയ്യാൻ ഉപയോഗിയ്ക്കുന്നതു് വരമൊഴിയല്ല. ഞാൻ തന്നെ ഉണ്ടാക്കിയ കീമേനുപയോഗിച്ചാണു്. അതിൽ ഞാൻ ചില്ലുകൾ പുതിയ കോഡുകൊടുത്തതു കാരണം കറുമ്പിയിൽ ശരിയ്ക്കു കാണിയ്ക്കും. പക്ഷേ ചില്ലുകൾക്കു പുതിയ കോഡില്ലാത്ത ഫോണ്ടുകളൊന്നും ചില്ലുകളേ കാണിയ്ക്കില്ല. ഈ അവസരത്തിൽ ചില ബ്രൌസറുകൾ പകരം വേറൊരു ഫോണ്ടുപയോഗിയ്ക്കും. അതു ചിലപ്പോൾ കറുമ്പിയായതിനാലായിരുയ്ക്കും മനോജിന്റെ കമ്പ്യൂട്ടറിൽ ചില്ലുകൾ മാത്രം കറുമ്പിയായതു്.

    എന്റെ കഥയെ കൊല്ലാതെ വിട്ടവർക്കെല്ലാം എന്റെ നന്ദി. രൂക്ഷമായ ആക്രമണമാണു് ഞാൻ പ്രതീക്ഷിച്ചതു്, പക്ഷേ ഇവിടെ എല്ലാവരും സുഹൃത്തുക്കളായതു കൊണ്ടായിരിയ്ക്കും.

Leave a reply to Manoj മറുപടി റദ്ദാക്കുക