ആകപ്പാടെ ഭയങ്കര തിരക്കാ ഇപ്പോ. എന്നാലും ഒരു പ്രേമത്തില്‍ വീണാപിന്നെ തിരക്കിനൊക്കെ എവിടാ നേരം? വൈകുന്നേരം ഓടിപ്പിച്ചിട്ടു ജോലിയും തീര്‍ത്തു പ്രകാശന്‍ പാഞ്ഞു, മനാമയില്‍ ബസ്സിറങ്ങി, മൂന്നു വരിയുണ്ടെങ്കിലും തിങ്ങിതിങ്ങി കാറും വണ്ടീം പോണ റോഡു് സര്‍ക്കസുകാരന്റെ ലാഘവത്തോടെ മുറിച്ചു കടന്നു, ബംഗാളികള്‍ എന്തു ചെയ്യാനാണെന്നറിയാതെ തിങ്ങിവിങ്ങി നിക്കുന്ന അയക്കൂറപാര്‍ക്കിലൂടെ ഊളിയിട്ടു, തുണിമാര്‍ക്കറ്റില്‍ റോഡിലേയ്ക്കിറങ്ങിയിരിയ്ക്കുന്ന തുണിസാമാനങ്ങളില്‍ ചവിട്ടാതെ നോക്കി ചവിട്ടി, പഴയ ഗോള്‍ഡുസൂക്കിന്റെ മുന്നിലെത്തി.

 

ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?

 

സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.

 

പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.

 

ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.

 

സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.

 

എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ – ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.

 

ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും  ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.

 

കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.

 

“ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.

 

അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?

 

മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.

 

തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു മോന്തി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w