വരുണന്‍ രോഗത്തിന്റെ പ്രതീകമാണെന്നു് എവിടെയോ വായിച്ചിരുന്നു.
ഭൂമിയ്ക്കേറ്റ കടുത്ത ഹൃദയാഘാതം പോലെ സുനാമി കടന്നു പോയപ്പോള്‍, അതൊരു വെറും
പ്രതീകമല്ല, യാഥാര്‍ത്ഥ്യം തന്നെയെന്നു് മനസ്സിലാവുന്നു. സമുദ്രത്തില്‍ നിന്നു ദാനം
കിട്ടിയ ഭൂമിയെന്നു് കേരളത്തിന്റെ പുരാണമെങ്കില്‍, വരുന്ന ഭാവിയില്‍ ഒരു
സഹസ്രത്തിലധികം ചെറുദ്വീപുകളെ വിഴുങ്ങുവാന്‍ തയ്യാറായി നില്‍ക്കുകയാണു് അതേ
സമുദ്രം. നാളെയുടെ ഭൂപടങ്ങളില്‍ തെളിയാന്‍ ഇടയില്ലാത്ത ചെറുദ്വീപരാജ്യങ്ങളുടെ
പട്ടിക വളരെ വലുതാണു്. ലക്ഷദ്വീപും മാലിദ്വീപും ആന്‍ഡമാന്‍ നിക്കോബാറും എല്ലാം
കേവലം ചരിത്ര വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ മാത്രമായി ചുരുങ്ങും. ഇതെല്ലാം
ദൈവത്തിന്റെ ഓരോ തമാശയെന്നോ, വിധിയുടെ ക്രൂരതയെന്നോ ആക്ഷേപിയ്ക്കാന്‍ തക്ക
അറിവില്ലായ്മ ഇന്നു മനുഷ്യവംശത്തിനില്ല. എല്ലാം
സ്വയംകൃതാനര്‍ത്ഥമാണു്.
ഉയര്‍ന്നു കൊണ്ടേയിരിയ്ക്കുന്ന ആഗോളതാപനില, ദുരന്തങ്ങള്‍
വാരിവിതയ്ക്കാന്‍ പോകുന്നതു, തെക്കനേഷ്യന്‍ സുനാമി നശിപ്പിച്ചുകൊണ്ടു കടന്നു പോയ
പ്രദേശങ്ങളില്‍ തന്നെയാണെന്നു് ശാസ്ത്രജ്ഞരും തദ്വിഷയ വിദഗ്ദ്ധരും
പറയുന്നു.
1997-ല്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചു
പഠിയ്ക്കുന്ന സംഘം പറഞ്ഞതിപ്രകാരമാണു്, “ബംഗ്ലാദേശു്, മ്യാന്മര്‍, വിയറ്റ്നാം,
തായ്‌ലണ്ടു് തുടങ്ങിയ രാജ്യങ്ങളുടെ വിശാലമായ delta പ്രദേശങ്ങളും, ഇന്തോനേഷ്യ,
ഫിലിപ്പീന്‍സു്, മലേഷ്യ മുതലായ രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും ആണു് ഏറ്റവും
അധികം ദുരന്തസാധ്യതയുള്ളവ. സമുദ്രജലനിരപ്പു് ഒരൊറ്റ മീറ്റര്‍ ഉയര്‍ന്നാല്‍ തന്നെ,
ദശലക്ഷകണക്കിനു തീരദേശവാസികളുടെ ആവാസപ്രദേശങ്ങളാണു് ഇല്ലാതാവുക. ഈയൊരു പ്രതിസന്ധി
നേരിടുന്നതിനു വേണ്ടിവരുന്ന നടപടികളും ചെലവും പ്രവചനാതീതമായിരിയ്ക്കും. ലോകത്തിലെ
തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കോടികള്‍
കുടിയൊഴിപ്പിയ്ക്കപ്പെടുകയെന്നു വച്ചാല്‍, അതിലും വലിയ ദുരന്തം ആ രാജ്യങ്ങള്‍ക്കിനി
വരാനില്ല.
ഒരു ദശകത്തിനും മുന്‍പു തന്നെ മുന്നറിയിപ്പുകള്‍ തന്നു കൊണ്ടു്
നമ്മെ തേടി വളരെ സാവധാനം അടുത്തുകൊണ്ടിരിയ്ക്കുന്ന ഒരു ഭീകരസുനാമിയാണിതെന്നു്
മനുഷ്യവംശം എന്നാണോ മനസ്സിലാക്കുന്നതു്.
ഭൂമിയിലെ നാലു ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിയ്ക്കയാണു്, 25
ശതമാനത്തില്‍ കൂടുതല്‍ ഗ്രീന്‍ഹൌസു് വാതകങ്ങളും അന്തരീക്ഷത്തിലേയ്ക്കു പുകച്ചു
തള്ളുന്നതു്. പുകവമനം നിയന്ത്രിയ്ക്കാനുദ്ദേശിച്ചുള്ള ക്യോട്ടോ കരാറില്‍ ഒപ്പു
വയ്ക്കാത്ത രണ്ടു വ്യാവസായിക രാജ്യങ്ങളില്‍ ഒന്നു് അമേരിയ്ക്കയാണു്. മറ്റൊന്നു്
ആസ്ട്രേലിയയും. യാതൊരു തരത്തിലും പരിപൂര്‍ണത അവകാശപ്പെടാനാവില്ലെങ്കിലും,
സദുദ്ദേശത്തോടെയുള്ള ക്യോട്ടോ ചര്‍ച്ചകള്‍ക്കു നേരേ എന്നും പുറംതിരിഞ്ഞു
നില്‍ക്കുന്ന അമേരിയ്ക്ക അതിനു പറയുന്ന കാരണമിതാണു്, “ഏതു നിലയിലുള്ള
താപവര്‍ദ്ധനയാണു് ദുരന്തകാരണമായേക്കാവുന്ന സ്ഥിതിയിലേയ്ക്കു് ഭൂമിയെ
എത്തിയ്ക്കുകയെന്നു് നമ്മുക്കു് കൃത്യമായി പറയാനാവില്ലെന്നാണു് ശാസ്ത്രം
പറയുന്നതു്. ഈ ഊഷ്മീകരണത്തിന്റെ പ്രത്യാഘാതം കൃത്യമായി പ്രവചിയ്ക്കാനാവശ്യമായ വിവരം
ഇപ്പോഴും നമുക്കില്ലെന്നാണു് ശാസ്ത്രലോകത്തിലെ ഭൂരിപക്ഷം അഭിപ്രായവും. ഇതു പറഞ്ഞതു്
അമേരിയ്ക്കയുടെ ഔദ്യോഗിക കാലാവസ്ഥാപ്രതിനിധിയാണു്.
പക്ഷേ ബാക്കിയെല്ലാവര്‍ക്കും (പ്രകൃതിസംരക്ഷകര്‍, സാമ്പത്തിക
വിദഗ്ദ്ധര്‍, ഇന്‍ഷുറന്‍സു് വമ്പന്‍മാര്‍ തുടങ്ങിയവര്‍) ഇതിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ചു വേണ്ടത്ര അറിവുണ്ടു്. അധഃകൃതരാജ്യങ്ങളില്‍ പടര്‍ന്നു
പിടിയ്ക്കുന്ന മലേറിയ, ഡയേറിയ, ഡെങ്കിപനി മുതലായ പകര്‍ച്ച വ്യാധികള്‍ കൊന്നൊടുക്കിയ
ദശലക്ഷക്കണക്കായ കുട്ടികളെക്കുറിച്ചും വരാനിരിയ്ക്കുന്ന അത്തരം
ദുരന്തങ്ങളെക്കുറിച്ചും, യാതൊരു ഇടതുപക്ഷചായ്‌വുമില്ലാത്ത വേള്‍ഡുബാങ്കു തന്നെ
മുന്നറിയിപ്പു നല്‍കുന്നു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനു ഇപ്പോഴുള്ള ഏകദേശ
ചെലവായ 70 ബില്ല്യന്‍ ഡോളറില്‍ നിന്നും, അടുത്ത ഒരു ദശകത്തിനുള്ളില്‍ ഉയരുന്ന
താപനിലയുടെ ദുരന്തങ്ങള്‍ നേരിടാന്‍ വര്‍ഷം 150 ബില്ല്യന്‍ പോലും മതിയാവില്ലെന്നാണു്
ഇന്‍ഷുറന്‍സു് ഭീമനായ സ്വിസ്സു് റേ പഠനങ്ങളെ അടിസ്ഥാനമാക്കി ചൂണ്ടിക്കാട്ടുന്നതു്.
സമുദ്രജലനിരപ്പു് കേവലം മൂന്നടി ഉയര്‍ന്നാല്‍ തന്നെ ഭൂനിരപ്പു താഴ്ന്ന
രാജ്യങ്ങളില്‍ അതു നൂറ്റമ്പതു ദശലക്ഷത്തോളം അഭയാര്‍ത്ഥികളെ സൃഷ്ടിയ്ക്കുമെന്നാണു്
വിവിധ പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നതു്.
കഴിഞ്ഞ മൂവായിരം കൊല്ലത്തിനിടയ്ക്കു കാണപ്പെടാത്തത്ര
ഉയര്‍ച്ചയാണു്, സമുദ്രജലനിരപ്പില്‍ കഴിഞ്ഞ നൂറു കൊല്ലത്തിനിടയ്ക്കു കണ്ടുവരുന്നതു്.
ശരാശരി സമുദ്രജലനിരപ്പില്‍ എട്ടിഞ്ചോളം ഉയര്‍ച്ചയുണ്ടായി, ഇനിയും കൂടുതല്‍
വേഗത്തില്‍ ഉയര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. സുനാമിയുടെ അവതാരം പോലെ ഇതു
ക്ഷിപ്രകോപിയല്ല എന്നു മാത്രം, എന്നാല്‍ ഇതു കുടിയൊഴിപ്പിയ്ക്കാന്‍ പോകുന്നതെത്ര
പേരെ, കാര്‍ന്നു തിന്നാന്‍ പോകുന്നതെത്ര ഭൂമി, എന്നെല്ലാം തിട്ടപ്പെടുത്തുക
അസാദ്ധ്യവും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )