Posted by: കെവി kevi on: ഓഗസ്റ്റ് 10, 2009
കാലത്തെണീറ്റപ്പോൾ മുതൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പു്, ഹൊ ജലദോഷം തുടങ്ങി. ഇനി കഫക്കെട്ടും തലക്കനവും കൊണ്ടു് ഒരാഴ്ച എന്തായാലും സ്വസ്ഥത പോയി.
സുഹൃത്തേ, ശ്രദ്ധിയ്ക്കൂ, ചിലപ്പോൾ നിങ്ങൾക്കു് പന്നിപ്പനിയുടെ ആരംഭമായിരിയ്ക്കാം. ഒരു സാധാരണ ജലദോഷപ്പനിയുടെ എല്ലാ ലക്ഷണങ്ങളോടെയുമാണു് പന്നിപ്പനിയും വരുന്നതു്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണു്. പന്നിപ്പനി ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദ്ദിയും കണ്ടിട്ടുണ്ടു്.
ആശുപത്രിയിൽ പോകാതെ തന്നെ ഇതു പലർക്കും സുഖമാകുന്നുണ്ടെങ്കിലും, പനിമൂലം മരണവും സംഭവിയ്ക്കുന്നുണ്ടു്.
ഗർഭിണികൾ, പ്രമേഹക്കാർ, ഹൃദ്രോഗികൾ, ആസ്തമക്കാർ, കിഡ്നിരോഗികൾ എന്നിവരിൽ പന്നിപ്പനി പിടിപെട്ടാൽ, രോഗാവസ്ഥ സങ്കീർണ്ണമാകുവാനുള്ള സാധ്യതകൾ വളരെ അധികമാണു്. പലപ്പോഴും ഈ സങ്കീർണ്ണതയാണു് മരണകാരണമാകുന്നതും.
പന്നിപ്പനിയുടെ ഏറ്റവും വലിയ അപകടം, അതു് മനുഷ്യർ തമ്മിൽ പങ്കുവെയ്ക്കുന്നതാണു്. പകരുവാൻ വളരെ എളുപ്പമാണു്. സാധാരണ ജലദോഷം പകരുന്നതു പോലെ തന്നെ എളുപ്പം പടർന്നു പിടിയ്ക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു നിൽക്കുന്ന ആൾക്കു് രോഗാണു ലഭിയ്ക്കുമെന്നതു് കട്ടായം. രോഗാണുവുള്ള കൈലേസ് മുതലായ തുണികൾ, അല്ലെങ്കിൽ ഏതെങ്കിലും പ്രതലം ഇവിടെയൊക്കെ തൊട്ടതിനു ശേഷം സ്വന്തം വായിലോ മൂക്കിലോ സ്പർശിച്ചാലും നിങ്ങൾക്കു് രോഗം പകരും. സാധാരണ ജലദോഷം ബാധിച്ച ഒരു രോഗി ആദ്യദിവസം മുതൽ തന്നെ രോഗം പടർത്തുവാൻ തുടങ്ങുന്നു, അതു് 5-7 ദിവസം വരെ തുടരുകയും ചെയ്യും. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റും ഈ കാലയളവു് കൂടുതലുമാണു്. പന്നിപ്പനിയുടെ കാര്യത്തിൽ കാലയളവു് ഇതിലും കൂടിയിരിയ്ക്കുമെന്നാണു് കണ്ടെത്തിയിരിയ്ക്കുന്നതു്.
എന്താണു് സ്വയരക്ഷ?
പന്നിപ്പനിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഉത്പാദിപ്പിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ ലഭിയ്ക്കുമെന്നാണു് പറയപ്പെടുന്നതു്. മരുന്നിനു കാത്തുനില്ക്കാതെ, സമൂഹത്തിനു തന്നെ സ്വയം പ്രതിരോധിയ്ക്കാം.
രോഗികൾ ശ്രദ്ധിയ്ക്കേണ്ടതു്
രോഗം ബാധിച്ച കുട്ടികളിൽ ശ്രദ്ധിയ്ക്കേണ്ട അപകടലക്ഷണങ്ങൾ
മുതിർന്നവരിൽ ശ്രദ്ധിയ്ക്കേണ്ട ലക്ഷണങ്ങൾ
പ്രധാനമായിട്ടുള്ള സുരക്ഷാമാർഗ്ഗം, കൈകൾ ശുദ്ധിയാക്കുന്നതിലാണു്. കാരണം പന്നിപ്പനിയുടെ വൈറസുകൾ 2-8 മണിക്കൂറുകൾ വരെ പുസ്തകം വാതിൽപ്പിടി മുതലായവയിൽ ആരോഗ്യത്തോടെ ഇരിയ്ക്കും. പന്നപ്പനിയുള്ള ആൾ അശ്രദ്ധമായി മൂക്കുപിഴിഞ്ഞ കൈകൾ കഴുകാതെ പുസ്തകങ്ങളിലും വാതിൽപ്പിടികളിലും മറ്റും പിടിയ്ക്കുമ്പോൾ രോഗാണുക്കൾ അവിടെ ഇരിപ്പാകുന്നു. രോഗമില്ലാത്ത ആൾ ആ വസ്തുക്കളിൽ സ്പർശിയ്ക്കുകയും പിന്നെ അബദ്ധത്തിനു തന്റെ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിയ്ക്കുകയും ചെയ്താൽ, അതോടെ അയാളിലേയ്ക്കു രോഗാണുക്കൾ പ്രവേശിയ്ക്കുകയായി.
നൂറു ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചാൽ ഈ വൈറസിനെ നശിപ്പിയ്ക്കാവുന്നതേയുള്ളൂ.
പന്നിയിൽ നിന്നാണു് പന്നിപ്പനി വന്നതെന്നു് ഒരു തെറ്റിദ്ധാരണയുണ്ടു്. പന്നികളിൽ കാണുന്ന വൈറസിലെ ഒരു ജീനിനെപ്പോലയുള്ള ജീൻ ഈ വൈറസിലും കണ്ടതിനാലാണു് ശാസ്ത്രജ്ഞർ ഇതിനെ പന്നിപ്പനിയെന്നു വിളിച്ചതു്, പിന്നീടുള്ള ഗവേഷണങ്ങളിൽ യൂറോപ്പിലെ പന്നികളിലെ രണ്ടു ജീനും ഒരു പക്ഷി ജീനും ഒരു മനുഷ്യജീനും അടങ്ങിയതാണു് ഈ വൈറസിന്റെ ജീൻ എന്നു കണ്ടെത്തി. പന്നി ഇറച്ചി കഴിയ്ക്കുന്നതിനാലൊന്നും ഇതു വരികയില്ല, മറിച്ചു് പന്നിപ്പനിയുള്ളവരുടെ അടുത്തു പോയാൽ, അവരുടെ ചുമയിൽ നിന്നും വായുവിലൂടെ രോഗാണുക്കൾ പകരാം.
അതിനാൽ ശ്രദ്ധിയ്ക്കുക, പടരാതെ പകർത്താതെ എല്ലാവരേയും സുരക്ഷിതരാക്കുക.
ഒന്നാമതെ ഒരു നാണം കെട്ട പേരാണ് ഈ രോഗത്തിന്. നാലു പേരോടു പറയാൻ കൊള്ളുമോ പന്നിപ്പനിയാണെന്ന്? വല്ല സിംഹപ്പനിയെന്നോ കടുവാപ്പനിയെന്നോ ആയിരുന്നെങ്കിൽ തെറ്റില്ലായിരുന്നു
Kalakki saare….usa ussr…..(usa usar ennu vayikkuka)
ഓഗസ്റ്റ് 10, 2009 at 10:41 pm
പന്നി പനി ബാധിച്ച് രാജ്യത്ത് ഇത് എഴുതുമ്പൊൾ 7മരണം നടന്നു കഴിഞ്ഞിരിക്കുന്നു.
ഇതിന്റെ ഗുരുതരാവസ്ഥയെകുറിച്ച് ശരിയായ ബോധവല്ക്കരണം ആണ് ഇന്നാവശ്യം
ഓഗസ്റ്റ് 11, 2009 at 8:23 am
അതെ, വൈറൽ ഫീവർ അതിവേഗം പടർന്നു പിടിയ്ക്കും. അതിനെതിരെ സാധാരണയായി ആരും അത്ര ഗൌരവമായ മുൻകരുതലുകൾ എടുക്കാറില്ല. എന്നാൽ ഇപ്രാവശ്യം മുൻകരുതലുകൾ അത്യന്തം അനിവാര്യമായിരിയ്ക്കുന്നു. ഇല്ലെങ്കിൽ, മരണസംഖ്യ എല്ലാവരും കേട്ടുകൊണ്ടിരിയ്ക്കുന്നില്ലേ…